ADVERTISEMENT

ഉഷ രഘുനാഥ് എന്ന പേര് ചുരുക്കി ഉഷാർ എന്നാക്കി തന്റെ പേരിനൊപ്പം കൂട്ടിയിരിക്കുകയാണ് 'ന്നാൽ താൻ കേസ് കൊട്' സിനിമയിലെ പൊലീസുകാരൻ 'രാകേഷ് ഉഷാർ'. എന്തിനും ഏതിനും നിയമം പറയുന്ന സിപിഒ രാകേഷ് ഹരിദാസ് എന്ന പൊലീസുകാരനായാണ് രാകേഷ് ചിത്രത്തിലെത്തിയത്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന പൊലീസുകാരൻ മാത്രമല്ല രാകേഷ്, ഒപ്പം ഈ സിനിമയുടെ സഹ സംവിധായകനും കൂടിയാണ്. സോഷ്യൽ മീഡിയയിൽ മലയാളം ട്രോളുകൾ പങ്കുവയ്ക്കുന്ന ഇന്റർനാഷ്നൽ ചളു യൂണിയൻ (ഐസിയുവി)ന്റെ മുൻ അഡ്മിൻ കൂടിയായ രാകേഷ് ഉഷാർ തന്റെ ഏറ്റവും പുതിയ വിശേഷങ്ങൾ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുന്നു.

 

ന്നാ താൻ കേസ് കൊട് സിനിമയിലേക്ക്

rakesh-ushar-3

 

സിനിമയുടെ ഓഡിഷൻ പോസ്റ്റർ കണ്ടാണ് സംവിധായകനായ രതീഷേട്ടനെ വിളിക്കുന്നത്. നിനക്ക് വേണ്ടി ഞാൻ ഈ ചിത്രത്തിൽ ഒരു ക്യാരക്ടർ ഞാൻ എഴുതിയിട്ടുണ്ടെന്നും അതൊരു പൊലീസുകാരന്റെ വേഷമാണെന്നും അദ്ദേഹം എന്നോടു പറഞ്ഞു. എന്നാൽ ഞാൻ ഒരിക്കലും എന്നെ ഒരു പൊലീസുകാരനായി കണ്ടിരുന്നില്ല. പൊലീസുകാരന് ചേർന്നതാണ് എന്റെ രൂപം എന്നു തോന്നിയിട്ടുമില്ല. പിന്നീട് അദ്ദേഹം പറഞ്ഞു ഈ സിനിമയിലേത് ഒരു പുതിയ പൊലീസുകാരനാണെന്നും അത് നീ തന്നെ ചെയ്യണം എന്നും. അതു കേട്ടപ്പോൾ സന്തോഷം തോന്നി. എന്റെ വേഷത്തെ ഞാൻ മനസ്സിലാക്കിയത് ഒരു പാവം നല്ല പൊലീസുകാരൻ ആയാണ്. നല്ല പൊലീസുകാരൻ എന്നാൽ 'ശുദ്ധൻ ദുഷ്ടന്‍റെ ഫലം ചെയ്യും' എന്നു പറയുന്ന തരത്തിലുള്ള ഒരാൾ. ഒരു എക്സ്ട്രീം ലെവൽ പൊലീസ്. ജനങ്ങൾക്ക് പൊതുവേ  പൊലീസുകാരിൽ നിന്നും മജിസ്ട്രേറ്റിൽ നിന്നുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കാറുള്ളത്. അക്കൂട്ടരെ രണ്ടുപേരെയും കുറച്ചുകൂടി രസകരമാക്കി അവതരിപ്പിച്ചാൽ നന്നാവും എന്ന് എനിക്ക് തോന്നി. അതൊന്നും ഒട്ടും റിയലിസ്റ്റിക് അല്ല, പക്ഷേ, റിയലിസ്റ്റിക്കായി അഭിനയിച്ചാൽ മതി എന്ന് എന്നോട് ആദ്യമേ ഡയറക്ടർ പറഞ്ഞിരുന്നു.

rakesh-ushar-5

 

പുതുമുഖങ്ങൾക്കൊപ്പം?

 

പുതുമുഖങ്ങളെ അവതരിപ്പിച്ചപ്പോൾ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളും കാസ്റ്റിങ് ഡയറക്ടർ രാജേഷ് മാധവനും ഉൾപ്പെടുന്ന ഒരു നല്ല ടീമാണ് ഓരോരുത്തരെയും തിരഞ്ഞെടുത്തത്. ഓരോരോ മുഖങ്ങളെ അവതരിപ്പിക്കുമ്പോഴും അവവരുടെ യഥാർഥ മാനറിസങ്ങൾ തന്നെ അവതരിപ്പിക്കാൻ ശ്രദ്ധിച്ചു. ഒരു പ്രൊഫഷനൽ രീതിയിൽ അവരെക്കൊണ്ട് അഭിനയിപ്പിക്കുക എന്നത് തുടക്കത്തിലേ ഒഴിവാക്കുകയും പകരം സാധാരണക്കാരായ ജനങ്ങൾ എങ്ങനെയാണ് ഒരു കോടതിയെ അഭിമുഖീകരിക്കുന്നത് എന്നതൊക്കെ നേരിട്ട് അതേപോലെ സിനിമയിൽ പകർത്താൻ ആഗ്രഹിച്ചു. അവർ എങ്ങനെയാണ് ഒരു സമൂഹത്തിൽ ഇടപഴകുന്നത് എന്നതൊക്കെ കൃത്യമായി ഫോക്കസ് ചെയ്യാൻ തീരുമാനിച്ചു. 

rakesh-ushar-34

 

പുതുമുഖങ്ങളോട് തുടക്കം മുതലേ പറഞ്ഞത് 'ഒരിക്കലും നിങ്ങളാരും അഭിനയിക്കരുത്, പകരം സാധാരണ എന്തൊക്കെയാണോ ചെയ്യുന്നത് അവയെല്ലാം ചെയ്യണം' എന്ന് മാത്രമായിരുന്നു. ഉദാഹരണമായി പറയുമ്പോൾ കൃഷ്ണൻ എന്ന ബാലകൃഷ്ണൻ വേലാശ്ശേരി പൊതുവേ സംസാരിക്കുമ്പോൾ തന്നെ അല്പം എക്സ്പ്രസീവ് ആണ്. അദ്ദേഹം ഒരിക്കലും അവയൊന്നും അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ല. അത് പോലെയുള്ള ഓരോ ഭാവങ്ങൾ നോക്കി തന്നെയാണ് ഓരോരുത്തരെയും കാസ്റ്റിങ് നടക്കുമ്പോൾ തിരഞ്ഞെടുത്തതും. ഷുക്കൂർ വക്കീലിന്റെ കാര്യം പറയുകയാണെങ്കിൽ അദ്ദേഹം കോടതിയിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന് സ്വതസിദ്ധമായ ചില ശൈലികൾ ഉണ്ട് എന്ന് ഞങ്ങൾക്ക് മനസ്സിലായി. അതൊന്നും ഒട്ടും കുറയാതെ അവതരിപ്പിക്കാൻ അവരോട് നേരിട്ട് പറയുകയായിരുന്നു. അത്തരം പുതിയ മാനറിസങ്ങൾ കൃത്യമായി അവരുടെ ക്യാരക്ടറിലേക്ക് ഉപയോഗിപ്പിക്കാനും ശ്രമിച്ചു. 

chako

 

കൃത്യമായ ഡയലോഗുകൾ കൊടുക്കാതെയാണ് സത്യത്തിൽ ആദ്യം രണ്ട് ഓഡിഷനുകൾ നടത്തിയത്. പ്രീ ഷൂട്ട് നടന്നപ്പോഴും അവർക്ക് സന്ദർഭങ്ങളാണ് കൊടുത്തതും. അവർക്ക് കിട്ടിയ സന്ദർഭങ്ങളിൽ അവർ എങ്ങനെ പെരുമാറുന്നു എന്നത് അപ്പൊൾ പകർത്തുകയും പിന്നീട് അത് സിനിമയിൽ ഉപയോഗിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ അവർക്കും ഷൂട്ടിങ് ദിനങ്ങളെല്ലാം വളരെ എളുപ്പമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അവരുടെ കാസർകോടൻ ശൈലിയിൽ തന്നെ അവരത് പറഞ്ഞപ്പോൾ എനിക്കൊക്കെ അതൊരു പുതുമയാണ് സമ്മാനിച്ചത്. അതുകൊണ്ടൊക്കെ കുറച്ചുകൂടി നാച്ചുറൽ ആയി തീർന്നു ഈ ഷൂട്ടിങ് എന്ന് പറയാം. 

 

വിവാദങ്ങൾ വന്നപ്പോൾ?

 

കുറച്ച് റിയലിസ്റ്റിക് ആയിട്ടാണ് കോർട്ട് റൂം ഭാഗം എടുത്തിട്ടുള്ളത്. കോടതിയെ സത്യസന്ധമായി കാണിക്കണം എന്ന് തുടക്കം മുതലേ ആഗ്രഹിച്ചിരുന്നു. അതിനായി കുറച്ചു ദിവസം ഞങ്ങൾ കാഞ്ഞങ്ങാട്കോർട്ടിൽ പോയി ഇരിക്കുകയും അവിടുത്തെ രീതികൾ പഠിക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് അത് കുറച്ചുകൂടി വ്യത്യസ്തമാണെന്ന് മനസ്സിലാക്കിയത്. പല ആംഗിളിൽ ഒരേ കാര്യം പറയുന്ന പലതരം അഡ്വക്കേറ്റ് മാരെ ഞങ്ങൾ അവിടെ കണ്ടു. നേരിട്ട് അതേപോലെ അവതരിപ്പിച്ചാൽ അത് ഒരിക്കലും ഒരു രസകരമായ അനുഭവമാകില്ല തരുന്നത് എന്ന് മനസ്സിലാക്കിയപ്പോൾ അവിടെ എങ്ങനെ രസകരമാക്കാം എന്നായി ഞങ്ങളുടെ ചിന്ത. അങ്ങനെ ഒരു കോടതിയെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ചപ്പോൾ, ജഡ്ജി അല്ലെങ്കിൽ വക്കീൽ പോലെയുള്ള കഥാപാത്രങ്ങളെ രസകരമാക്കി അവതരിപ്പിച്ചപ്പോൾ, അതിലെ രസച്ചരട് മുറിയാതെ അത് ആളുകളിലേക്ക് എത്തി എന്നറിയുന്നതിൽ സന്തോഷമുണ്ട്. ആദ്യ ദിവസം വിവാദങ്ങൾ വന്നപ്പോൾ അത് അല്പം കൂടി നന്നായി ആളുകളിലേക്ക് എത്തി. പതിയെ പതിയെ അവർ അത് സ്വീകരിച്ചു എന്നു തോന്നുന്നിണ്ടിപ്പോൾ.

rakesh-pothuval

 

കാസർകോടൻ ഭാഷ?

 

കാസർകോട് തന്നെ രണ്ടുതരം ഭാഷയുണ്ട്. ഞങ്ങൾ ഷൂട്ട് ചെയ്ത ചീമേനിയിൽ നിന്നും കുറച്ചുകൂടി വടക്ക് പോയിക്കഴിഞ്ഞാൽ മറ്റൊരു ഭാഷയാണ് അവിടെ സംസാരിക്കുന്നത്. അല്പം കൂടി മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള ഒരു ഭാഷയാണത് എന്ന് തോന്നിയിട്ടുണ്ട്. ഈ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത് തൃക്കരിപ്പൂർ,ചീമേനി തുടങ്ങിയ സ്ഥലങ്ങളിലെ ഭാഷയാണ്. ചില വാക്കുകൾ പലർക്കും മനസ്സിലാവില്ല എന്ന കാര്യം അറിഞ്ഞുകൊണ്ട് തന്നെയാണ് സിനിമയിൽ ഉപയോഗിച്ചത്. പണ്ട് നമ്മുടെ നാട്ടിലെ പലതരം ഭാഷകൾ പരിചയപ്പെടുത്തിയിരുന്നത് പലപ്പോഴും പുസ്തകങ്ങളിലൂടെയും നോവലുകളിലൂടെയുമൊക്കെ ആയിരുന്നു. ഇന്ന് കാലം മാറി.

 

ഒരു പോപ്പുലർ ആർട്ട് ഫോം എന്ന നിലയിൽ സിനിമയിലൂടെ ഈ ഭാഷയെ പരിചയപ്പെടുത്തണമെന്ന് തോന്നിയത് കൊണ്ടാണ് അവയൊക്കെ അങ്ങനെ തന്നെ ഉപയോഗിച്ചതും. പുതിയ വാക്കുകളും അവിടുത്തെ നാടൻ പ്രയോഗങ്ങളും കൂടുതൽ ജനങ്ങളിലേക്ക് എത്തട്ടെ എന്നും ആഗ്രഹിച്ചു. ഒരു തൃശ്ശൂർക്കാരനായ ഞാൻ വടക്ക് ഭാഗത്തേക്ക് പോയപ്പോൾ എനിക്ക് ചില പുതിയ വാക്കുകളുംപ്രയോഗങ്ങളും പഠിക്കാൻ സാധിച്ചു. സത്യത്തിൽ അവയെല്ലാം പറഞ്ഞപ്പോൾ മനസ്സിലായില്ല എങ്കിലും ആ സന്ദർഭങ്ങളിൽ നിന്നും മനസ്സിലാക്കി എടുക്കാനും കഴിഞ്ഞു.

 

'തെയ്യം' എന്ന കലാരൂപം സിനിമയിൽ?

 

'തെയ്യ'മില്ലാതെ ആ നാടിനെ പറ്റി നമുക്ക് ചിന്തിക്കാൻ പോലും സാധിക്കുകയില്ലല്ലോ. തെയ്യത്തെ ഒരിക്കലും റിയലിസ്റ്റിക് ആയിട്ട് നമുക്ക് ഒരു സിനിമയിലും ചിത്രീകരിക്കാൻ സാധിക്കുകയില്ല. കാരണം തെയ്യത്തെ അവർ ദൈവത്തെ പോലെയാണ് കാണുന്നത്. തെയ്യം യഥാർഥത്തിൽ അവതരിപ്പിക്കുന്ന കുഞ്ഞികൃഷ്ണൻ പണിക്കർ ആണ് എസ്ഐ ആയി വേഷമിട്ടത്. അദ്ദേഹം തന്നെയാണ് ഒറിജിനൽ തെയ്യം എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ഉള്ള ഒരു തെയ്യത്തെ സിനിമയ്ക്കായി ഒരുക്കിയതും അത് ചിത്രത്തിൽ അവതരിപ്പിക്കുന്നതും. യഥാർഥ തെയ്യം അവതരിപ്പിക്കുമ്പോൾ അതിനിടയിൽ ഇങ്ങനെ തടഞ്ഞു നിർത്തുകയും ഇത്തരം കാര്യങ്ങൾ നമ്മൾ സംസാരിക്കുകയും ചെയ്താൽ അത് ഒരു സമൂഹത്തെ മുഴുവനും ബാധിക്കാൻ ഇടയുണ്ട്. തെയ്യത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിക്കു വേണ്ടി അല്ലാതെ തെയ്യത്തെ അവതരിപ്പിക്കാൻ അവിടുത്തെ കലാകാരൻമാരും മടിക്കുന്നുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി. നാടകത്തിൽ പോലും ഉപയോഗിക്കാറില്ല എന്നും അറിഞ്ഞു. തെയ്യം ആണെന്ന് തോന്നുന്ന ഒരു രൂപത്തെയാണ്  അവർ അതിലൊക്കെ അവതരിപ്പിക്കുന്നത്. അതുകൊണ്ടാണ് ഇത്തരമൊരു പുത്തൻ തെയ്യത്തെ ഞങ്ങൾ സിനിമയിൽ അവതരിപ്പിച്ചതും അതിനിടയിലൂടെ സംഭാഷണങ്ങൾ പകർത്തിയതും.

 

ഏറ്റവും ഇഷ്ടപ്പെട്ട ഷൂട്ടിങ് ദിനങ്ങളിലെ ഒരു അനുഭവം പറയുമോ?

 

എല്ലാം ഒരേപോലെ ഇഷ്ടം. അതിൽ ഏറ്റവും ഇഷ്ടം തെയ്യം ഷോട്ട് ആണ്. കാരണം തെയ്യത്തിന്റെ ഷോട്ട് ശരിക്കും ഒറ്റ ടേക്കിൽ ആണ് എടുത്തത്. തെയ്യം തുടങ്ങി, തെയ്യത്തിനോട് ഞാൻ ഓഫിസ് കാര്യങ്ങൾ പറഞ്ഞു തിരിച്ചു പോകുന്നത് വരെയുള്ള ഭാഗങ്ങൾ ഒറ്റ ടേക്കിൽ എടുത്തതാണ്. ആ സമയം മുഴുവൻ ക്യാമറ ഹാൻഡ് ഹെൽഡ് ആയിരുന്നു. രാകേഷ് സാർ ക്യാമറയുമായി ഓടുന്നതൊക്കെ ഞാൻ കാണുന്നുണ്ടായിരുന്നു. അദ്ദേഹം സിനിമയ്ക്കായി ബുദ്ധിമുട്ടുന്നത് എല്ലാം നേരിട്ട് കണ്ട ഒരാൾ കൂടിയാണ് ഞാൻ. അവയെല്ലാം അദ്ദേഹം വളരെ മനോഹരമായി രീതിയിൽ തന്നെ ചിത്രീകരിക്കുകയും ചെയ്തു.

 

എസ് ഐ യും നന്നായി ചെയ്തു. ഒരു സന്ദർഭം കൊടുത്താൽ അതിനെ കൃത്യമായിട്ട് ഉപയോഗിക്കാൻ അറിയാവുന്ന ഒരാളാണ് അദ്ദേഹം എന്ന് എനിക്ക് പലപ്പോഴും എനിക്ക് തോന്നി. അതിൽ പൊറോട്ട കീറണ പോലെ കീറി എന്നൊക്കെ അദ്ദേഹം തന്നെ സ്വന്തമായിട്ട് ആ സന്ദർഭത്തിൽ ഉണ്ടാക്കിയ ഡയലോഗുകൾ ആയിരുന്നു. ഇവരെപോലെ ചെറിയ വേഷങ്ങൾ അവതരിപ്പിച്ചവരും നല്ല രീതിയിൽ തിളങ്ങിയിട്ടുള്ളതു കൊണ്ടാണ് ഈ ചിത്രം മനോഹരമായത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.  

 

സിവിൽ എൻജിനീയറാണ്?

 

ക്രിസ്റ്റൽ ഗ്രൂപ്പ് പോലെയുള്ള ഒന്നു രണ്ടിടത്ത് ഞാൻ മുൻപ് ജോലി ചെയ്തിരുന്നു. സിവിൽ എൻജിനീയർ ആയി സ്ഥിരമായി ഒരേ ജോലി ചെയ്തപ്പോൾ ഒരു മടുപ്പ് അനുഭവപ്പെട്ടു. പലപ്പോഴും ഒരേ ഡിസൈനുകളാണ് പോകുന്നത് എന്നു തോന്നി. വലിയ വ്യത്യാസങ്ങൾ ഒന്നും തോന്നാത്തത് കൊണ്ട് പെട്ടെന്ന് ഒരു ദിവസം രാജിവക്കുകയായിരുന്നു. ചെറുപ്പം മുതലേ സിനിമകൾ സ്വപ്നം കണ്ടതുകൊണ്ട് പല ഓഡിഷനുകൾക്കും പോയി. അഞ്ചു ലക്ഷം രൂപ തന്നാൽ അഭിനയിപ്പിക്കാം എന്നൊക്കെ പലരും പറഞ്ഞു. പല ഓഡിഷനുകളിൽ ഒരേ അനുഭവം വന്നപ്പോൾ സിനിമ എന്ന മോഹത്തെ ഞാൻ മാറ്റിവെച്ചു. അന്ന് എനിക്ക് സിനിമയിൽ ബന്ധങ്ങളും ഇല്ല. ആകെ ഉണ്ടായിരുന്നത് നാടകത്തിൽ അഭിനയിക്കുന്ന ഒരു ബന്ധുവായ മണി മായമ്പിള്ളിയാണ്. മണി മായമ്പിള്ളി പ്രൊഫഷനൽ നാടകത്തിൽ സംസ്ഥാന അവാർഡ് ജേതാവ് ആണ്. അങ്ങനെ പ്രൊഫഷനൽ നാടകത്തിൽ അഭിനയിക്കാൻ തീരുമാനിച്ചു. ഒരു സീസൺ പ്രൊഫഷനൽ നാടകത്തിൽ ഉണ്ടായിരുന്നു. 

 

150 നാടകത്തിനു മുകളിൽ അഭിനയിച്ചു. പിന്നീട് തൃശ്ശൂർ രംഗ ചേതനയിലെ അമച്വർ നാടകങ്ങളിൽ പങ്കെടുത്തു തുടങ്ങി. അവർക്ക് സ്വന്തമായി തിയറ്ററും, എല്ലാ ഞായറാഴ്ചകളിലും നാടകങ്ങൾ അവതരിപ്പിക്കുന്ന ഒരു രീതിയും ഉണ്ടായിരുന്നു. അങ്ങനെ അവിടെ സ്ഥിരമായി നാടകം കളിച്ചു തുടങ്ങി. കുട്ടികൾക്ക് വേണ്ടി നാടകങ്ങൾ എഴുതുകയും ചെയ്തു അതിലൂടെ പലപല ക്യാമ്പുകളിലും ഞാൻ പോയി. അവിടെ നിന്നും സിനിമകൾക്ക് ഡബ്ബിങ്ങും ചില ഷോർട്ട് ഫിലിമുകളിലെ വേഷവും ഒക്കെ ചെയ്തു തുടങ്ങി. അതിനിടയിൽ കാലടി യൂണിവേഴ്സിറ്റിയിൽ നിന്നും എംഎസ്ഡബ്ല്യൂ ചെയ്തു. 'വർണ്യത്തിൽ ആശങ്ക' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആയ ഗോപാൽജി എന്നെ ഒരു സ്ക്രിപ്റ്റ് എഴുതാൻ വിളിച്ചു. ആ സിനിമയിലൂടെയാണ് സുരാജ് വെഞ്ഞാറമൂടിനെ പരിചയപ്പെടുന്നത്. ആ സമയത്താണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പനും വരുന്നത്. അതിൽ സുരാജ് ഏട്ടന്റെ അസിസ്റ്റൻറ് ആയി വർക്ക് ചെയ്തു. അങ്ങനെയാണ് ആദ്യമായി ഒരു നീള ചിത്രത്തിൽ ഞാൻ വർക്ക് ചെയ്യുന്നത് എന്ന് പറയാം. അതിലൂടെ രതീഷ് ഏട്ടനെയും പരിചയപ്പെട്ടു. ഓഡിഷൻ മുതൽ തുടങ്ങി ഇപ്പോൾ ഒരു വർഷമായി ഈ സിനിമയ്ക്ക് ഒപ്പമാണ്. 

 

പുതിയ സിനിമകൾ?

 

'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിന്റെ ചീഫ് അസോഷ്യേറ്റ് ആയ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന രതീഷ് ബാലകൃഷ്ണ പൊതുവാൾ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. അതിൽ സുരാജ് ഏട്ടനാണ് അഭിനയിക്കുന്നത്. കാസർകോടിന്റെ മറ്റൊരു ഭാഗത്താണ് ഈ സിനിമ ചിത്രീകരിക്കുന്നത്. അതിൽ ഇതുവരെ നമ്മൾ ആരും സിനിമയിൽ കണ്ടു പരിചയപ്പെട്ട ഒരു കാസർകോട് ആയിരിക്കില്ല അവതരിപ്പിക്കുന്നതും.

 

പ്രേക്ഷകരോട്?

 

പ്രേക്ഷകനാണ് ഈ സിനിമയുടെ വിധികർത്താക്കൾ. പലരും പറയുന്നത് വിവാദം കാരണമാണ് സിനിമ വിജയിച്ചത് എന്ന്. എന്നാൽ ഞാൻ അതിനെ പൂർണമായും അംഗീകരിക്കുകയില്ല. ഒരുപക്ഷേ സിനിമ മോശമായിരുന്നു എങ്കിൽ സിനിമക്കാർ തന്നെയാണ് ഈ വിവാദം ഉണ്ടാക്കിയത് എന്ന തരത്തിൽ സംസാരം ഉണ്ടായേനെ. ഈ ചിത്രം കണ്ടവർ മറ്റൊരാൾക്ക് അത് സജസ്റ്റ് ചെയ്ത് കൊടുക്കുന്നത് ഒരിക്കലും വിവാദം കൊണ്ട് ഉണ്ടായതാണ് എന്ന് വിശ്വസിക്കാൻ പറ്റുകയില്ല. അത് അവർക്ക് ഇഷ്ടപ്പെട്ടത് കൊണ്ട് തന്നെയാകും. ചിത്രത്തിൽ നന്നായി അഭിനയിച്ചവരെ പ്രത്യേകം എടുത്തു പറഞ്ഞ് ആളുകൾ അഭിനന്ദിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. പിന്നെ ചിരി എപ്പോഴും ഒരു പകർച്ചവ്യാധിയാണ്. ഒരുമിച്ചിരിക്കുമ്പോൾ ആണ് അത് കൂടുതൽ ആളുകളിലേക്ക് അനുഭവപ്പെടുന്നത്. ആദ്യം വിവാദം പ്രതീക്ഷിച്ച എത്തിയവർ പിന്നീട് ചിരിക്കുന്നതിനായി തീയേറ്ററിൽ എത്തുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട്.

 

വീട്ടിൽ?

 

വീട്ടിൽ അച്ഛൻ, അമ്മ, ഭാര്യ, അനിയത്തി. വിജയവാഡയിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് ടെക്നോളജിയിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ് ഭാര്യ. അവൾ ഹൈദരാബാദിൽ പോയി പടം കണ്ടിട്ട് വിളിച്ചിരുന്നു. 

 

ആരാണ് ഏറ്റവും കൂടുതൽ സപ്പോർട്ട് തരുന്നത്?

 

ഞാൻ ജോലി രാജി വച്ചിട്ട് ഏകദേശം 10 വർഷമാകുന്നു. ആ സമയം മുതൽ വീട്ടുകാർ തന്നെയാണ് ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തത്. പിന്നെ ഒരുപാട് കൂട്ടുകാരുണ്ട് അവരൊക്കെ വലിയ സപ്പോർട്ട് ആണ് ഇപ്പോഴും തന്നു കൊണ്ടിരിക്കുന്നത്. സിനിമ കണ്ടിട്ട് അഭിപ്രായങ്ങൾ വിളിച്ചു പറഞ്ഞതിൽ സന്തോഷമുണ്ട്.

 

സോഷ്യൽ മീഡിയയിൽ സജീവമാണോ?

 

ആണെന്നും അല്ലെന്നും പറയാം. കുറച്ച് മെച്യൂരിറ്റി തോന്നിയതുകൊണ്ടാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഇടക്കൊന്നു മാറി നിന്നു. മുൻപ് ഇന്റര്‍നാഷനൽ ചളു യൂണിയൻ എന്ന ട്രോൾ ഗ്രൂപ്പിന്റെ അഡ്മിൻ ആയിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴും ട്രോളുകൾ വളരെ അധികം ആസ്വദിക്കാറുണ്ട്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com