രൂപവും ഭാവവും മാറി അജു വർഗീസ്; പുതുവർഷം പുതു തിരിച്ചറിവുകളുമായി നടൻ
Mail This Article
കഴിഞ്ഞ 13 വർഷത്തിനുള്ളിൽ 130 സിനിമകളിലായി ചെറുതും വലുതുമായ വേഷങ്ങൾ. ചില കഥാപാത്രങ്ങൾ മനുഷ്യ ഹൃദയങ്ങളെ തൊട്ടുരുമിയപ്പോൾ ചിലത് ആകാശത്തിനും ഭൂമിക്കും ഇടയിൽ ഇടമില്ലാതെ മാഞ്ഞു പോയി. സെലിബ്രിറ്റി ജീവിതത്തിന്റെ ആഘോഷങ്ങളും ആരവങ്ങളും ഒന്നടങ്ങിയതോടെ ക്യാമറയ്ക്കു മുന്നിലെ ആക്‌ഷനും കട്ടിനുമിടയിലുള്ളത്ര ജീവിതമാണ് യഥാർഥമെന്നതു ബോധ്യമായെന്ന് അജു പറയുന്നു. സ്വയം പാകപ്പെടുത്തി, ക്ഷമയോടെ കാത്തിരുന്നു. കാത്തിരിപ്പു വെറുതേ ആയില്ല. കണ്ടാൽ വഴിയിലിട്ടു തല്ലാൻ തോന്നുന്ന വില്ലനായും നോവു കൊണ്ടുരുകുന്ന സാധാരണക്കാരനായും മികച്ചൊരു കുറ്റാന്വേഷകനായും മാറാൻ നിമിഷാർധങ്ങളുടെ ഇടവേള പോലും വേണ്ടെന്നു തെളിയിച്ചു ഈ യുവതാരം.
വെബ് സീരീസ് മുതൽ എന്തിനും അജു; എന്തായിരുന്നു മനസ്സിൽ..?
നിരന്തരപരാജയവും കോവിഡ് അടക്കമുള്ള പ്രതിസന്ധികളും വന്നതോടെ ഞാൻ എന്തെങ്കിലും കാര്യങ്ങളിൽ അമിത പ്രതീക്ഷ വയ്ക്കുന്നതു നിർത്തി. എന്റെ ജോലി ആക്ഷനും കട്ടിനും ഇടയിലാണ്. അതിൽ പരിപൂർണമായി ശ്രദ്ധിക്കാൻ തീരുമാനിച്ചു. റിസൽറ്റ് എന്തു തന്നെയായാലും അതിനെ അംഗീകരിക്കാനായി എന്റെ മനസ്സിലെ പാകപ്പെടുത്തി. മറ്റൊന്നിലേക്കും ശ്രദ്ധ മാറിപ്പോകാതിരിക്കാനാണു സിനിമാ നിർമാണവും തൽക്കാലം മാറ്റിവച്ചത്. ഇതിനു പിന്നാലെയാണു മേപ്പടിയാൻ, കേരള ക്രൈം ഫയൽസ് വെബ് സീരീസ്, 2018, നദികളിൽ സുന്ദരി യമുന, ഫീനിക്സ് തുടങ്ങിയവയിലെ കഥാപാത്രങ്ങൾ ഞാൻ ചെയ്തത്. ഓരോ കഥാപാത്രത്തിനും പ്രേക്ഷകർ നൽകിയ പിന്തുണയും സ്നേഹവും എന്റെ തീരുമാനത്തിനുള്ള അംഗീകാരമായി കണക്കാക്കുകയാണ്.
മാറ്റം വേണമെന്നു തോന്നിയതെപ്പോൾ?
കോവിഡ് കാലത്തെ ചില അനുഭവങ്ങൾ ഏറെ തിരിച്ചറിവു നൽകിയെന്നു പറഞ്ഞല്ലോ.. അതിലൊന്നാണു ഫോർമാറ്റുകൾക്ക് കാര്യമായ പ്രാധാന്യം കൊടുക്കേണ്ടതില്ലെന്നത്. സിനിമയോ, വെബ് സീരീസോ, സീരിയലോ എന്തുമാകട്ടെ എനിക്കു നൽകിയിരുന്ന ജോലി ഭംഗിയായി ചെയ്യുകയാണു പ്രധാനം. ഹോട്ട് സ്റ്റാറിന്റെ വെബ് സീരീസായ കേരള ക്രൈം ഫയൽസിലെ കഥാപാത്രമായ എസ്ഐ മനോജിനെ ഞാൻ തിരഞ്ഞെടുത്തതല്ല. എന്നെ തിരഞ്ഞെടുത്തതാണ് അവർ. സീനിയറോ ജൂനിയറോ എന്നതല്ല ക്രാഫ്റ്റ് അറിയാവുന്ന മികച്ച സംവിധായകർക്കൊപ്പം പ്രവർത്തിക്കുകയെന്നതാണു ലക്ഷ്യം. അവരെ പൂർണമായും വിശ്വസിച്ചാണു മുന്നോട്ടു പോകുന്നത്. മുൻപു ചില സിനിമകൾ ഇറങ്ങിക്കഴിയുമ്പോഴുള്ള വരവേൽപ്പും മറ്റും സ്വപ്നം കാണുകയും അത് അനുസരിച്ച് ചില പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും പതിവായിരുന്നു. എന്നാൽ, കോവിഡ് കാലം കഴിഞ്ഞതോടെ ഇതെല്ലാം മാറി. മനുഷ്യന്റെ പദ്ധതികൾ എപ്പോൾ വേണമെങ്കിലും മാറി മറിയാമെന്നു ബോധ്യമായല്ലോ.
എന്റെ ജോലി ആക്ഷനും കട്ടിനും ഇടയിലാണ്. അതിൽ പരിപൂർണമായി ശ്രദ്ധിക്കാൻ തീരുമാനിച്ചു. റിസൾട്ട് എന്തു തന്നെയായാലും അതിനെ അംഗീകരിക്കാനായി എന്റെ മനസ്സിലെ പാകപ്പെടുത്തി. മറ്റൊന്നിലേക്കും ശ്രദ്ധ മാറിപ്പോകാതിരിക്കാനാണു സിനിമാ നിർമാണവും തൽക്കാലം മാറ്റിവച്ചത്. ഇതിനു പിന്നാലെയാണു മേപ്പടിയാൻ, കേരള ക്രൈം ഫയൽസ് വെബ് സീരിസ്, നദികളിൽ സുന്ദരി യമുന, ഫീനിക്സ് തുടങ്ങിയവയിലെ കഥാപാത്രങ്ങൾ ഞാൻ ചെയ്തത്. ഓരോ കഥാപാത്രത്തിനും പ്രേക്ഷകർ നൽകിയ പിന്തുണയും സ്നേഹവും എന്റെ തീരുമാനത്തിനുള്ള അംഗീകാരമായി കണക്കാക്കുകയാണ്. വെബ് സീരിസ് ആണോ സിനിമയാണോ എന്നതല്ല വിഷയം. ലഭിക്കുന്ന കഥാപാത്രത്തിനു വേണ്ടിയുള്ള സമർപ്പണവും അതു വ്യത്യസ്തമാക്കാനുള്ള ശ്രമവും നടത്തുകയെന്നതാണ്. 5 മിനിറ്റേ ആകെ സ്ക്രീനിലെത്തുന്നുള്ളൂവെങ്കിലും ആ സമയം മതി പ്രേക്ഷകരുടെ സ്വന്തമായി നാം മാറാൻ. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ‘2018’ലെ കോശിയും ഹെലനിലെ രതീഷും.
ആത്മവിശ്വാസം വർധിച്ചോ? എങ്ങനെയാണു പരിശ്രമിച്ചത്..?
അതിപ്പോഴും പൂർണമായും എനിക്കില്ലെന്നു തന്നെ പറയാം. കാരണം ഞാനൊരു ട്രെയിൻഡ് അഭിനേതാവല്ല. പരിമിതികളേറെയുണ്ട്. അതിനെ മറികടക്കാനാണു ശ്രമിച്ചു കൊണ്ടേയിരിക്കുന്നത്. ‘കേരള ക്രൈം ഫയൽസ്’ ചിത്രീകരിച്ചപ്പോൾ 21 ടേക്ക് വരെ ചില സന്ദർഭങ്ങളിൽ എടുക്കേണ്ടി വന്നിട്ടുണ്ട്. മുൻപൊക്കെ ഞാൻ അസ്വസ്ഥനാകുമായിരുന്നെങ്കിൽ ഇപ്പോൾ അങ്ങനെയല്ല.. സംവിധായകനു തൃപ്തിയാകും വരെ ടേക്ക് പോകും. ഇനി ആ സീൻ അൽപം കൂടി ഭംഗിയാക്കി എനിക്കു ചെയ്യാൻ കഴിയുമെന്നു തോന്നിയാൽ ഞാൻ തന്നെ പറഞ്ഞ് ഒരു ടേക്ക് കൂടി എടുക്കാനും മുന്നോട്ടു വരും. മുൻപ് ചില സമയത്ത് അനുഭവപ്പെട്ടിരുന്ന ഈഗോയൊന്നും ഒരു കാര്യവുമില്ലെന്നേ.. ഹോട്ട് സ്റ്റാറിന്റെ റിപ്പോർട്ട് അനുസരിച്ച് അവർ 45 ദിവസത്തിനുള്ളിൽ നേടണമെന്നു വിചാരിച്ചിരുന്ന ടാർഗറ്റ് 3 ദിവസം കൊണ്ടാണ് ‘കേരള ക്രൈം ഫയൽസ്’ നേടിയത്. പൂർണമായും സംവിധായകൻ അഹമ്മദ് കബീറിന്റെയും കഥാകൃത്തിന്റെയും ടീമിന്റെയും കഴിവാണത്. രണ്ടാം സീസണിൽ എസ്ഐ മനോജല്ല ഉണ്ടാവുക.
കഥാപാത്രങ്ങൾക്കായി രൂപമാറ്റം വരുത്താനും തീരുമാനിച്ചോ?
‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിലെ എന്റെ കഥാപാത്രമായ ‘വിദ്യ’യുടെ മുഖം ശ്രദ്ധിച്ചോയെന്നറിയില്ല. മുഖത്തൊരു മാറ്റമുണ്ട്. കൃത്രിമ പല്ല് ഘടിപ്പിച്ചതോടെ വിദ്യയെന്ന കഥാപാത്രത്തിന്റെ മുഖഭാവം മാറി. അയാൾക്ക് വർഷങ്ങളായി വിവാഹം നടക്കാതിരുന്നതിന്റെ കാരണം കൂടിയാണ് ആ ‘പല്ല്’ പ്രേക്ഷകരോട് പറയുന്നത്. വിദ്യയെന്ന കഥാപാത്രത്തെ ഏറെ സ്നേഹത്തോടെയാണു പ്രേക്ഷകർ ഏറ്റെടുത്തതെന്നതും സന്തോഷമാണ്. രൂപം മാറുന്നത് പിന്നീട് നമുക്ക് ഏറെ ഗുണം ചെയ്യുമെന്നതും ബോധ്യമായി.
ജീവിതത്തിലെ മാറ്റം..? പ്രതീക്ഷ..?
സിനിമയാണെങ്കിലും സീരീസാണെങ്കിലും അധികമായൊക്കെ അന്വേഷിക്കുന്നതു നിർത്തി. എന്റെ കഥാപാത്രമെന്ത്? അതിനായി എന്തു ചെയ്യണം എന്നത് മാത്രമാണു ശ്രദ്ധിക്കുന്നത്. വേഷങ്ങൾക്കായി സ്വയം പാകപ്പെടുത്താനുള്ള ശ്രമത്തിലാണ്.
2024ലെ അജു വർഗീസ്..?
മിഥുൻ മാനുവലിന്റെ ‘അർധരാത്രിയിലെ കുട’, ‘സ്ഥാനാർഥി ശ്രീകുട്ടൻ’, വിനീതിന്റെ ‘വർഷങ്ങൾക്കു ശേഷം’, ‘ഐഡൻന്റിറ്റി’, ഗഗനചാരി എന്നിവയാണ് ഉടൻ പുറത്തിറങ്ങാനുള്ള സിനിമകൾ. ‘പേരല്ലൂർ പ്രീമിയർ ലീഗ് റിലീസായി. ലവ് അണ്ടർ കൺസ്ട്രക്ഷൻ’ എന്ന വെബ് സീരിസ് ഉടൻ വരുന്നുണ്ട്. ഒരുപാടു നല്ല കഥാപാത്രങ്ങൾക്കായി ഇപ്പോഴും കാത്തിരിക്കുകയാണു ഞാൻ.