ADVERTISEMENT

കോട്ടയം∙ ഇന്ത്യയുടെ ചരിത്രത്തിൽ നിർണായക ഗതിമാറ്റം സൃഷ്ടിച്ച മഹാത്മാഗാന്ധിയുടെ വധം ദൃക്സാക്ഷികളുടെ വാക്കുകളിലൂടെയും ദൃശ്യങ്ങളിലൂടെയും വീണ്ടും കാണണം എന്നുണ്ടോ? നിഗൂഢതകൾ പലതും പലരും പറഞ്ഞുകേട്ട ആ ദാരുണ സംഭവത്തിന്റെ ഉള്ളറകളിലേക്കു ഗാന്ധിജയന്തിയോട് അനുബന്ധിച്ചു വീണ്ടുമൊരു യാത്ര നടത്തിയാലോ. ‘വിർച്വൽ ഭാരത്’ എന്നു പേരിട്ടിരിക്കുന്നതും, ഇന്ത്യയെ കശ്മീർ മുതൽ കന്യാകുമാരി വരെ സാംസ്കാരിക തനിമയോടെ അവതരിപ്പിക്കുന്ന തന്റെ ആയിരം ഹ്രസ്വചിത്ര പരമ്പരയിൽ പ്രസിദ്ധ ചലച്ചിത്രകാരൻ ഭരത്ബാല ഇതിന് അവസരം ഒരുക്കുന്നു. 

 

v-kalyanam
ഗാന്ധിജിയുടെ അവസാന പഴ്‌സനൽ സെക്രട്ടറി വി.കല്യാണം

‘വന്ദേമാതരം’ ‘മാ തുജെ സലാം’ തുടങ്ങി ഒരുപിടി അമൂല്യ കലാസൃഷ്ടികൾ ഒരുക്കിയ പ്രതിഭാശാലിയായ കലാകാരന്റെ ക്യാമറയുടെയും ചിന്തയുടെയും വേറിട്ട കാഴ്ചയായാണ് ഗാന്ധിജിയുടെ അവസാന നിമിഷങ്ങൾ ‘അസാസിനേഷൻ ഓഫ് ഗാന്ധി’ എന്ന പേരിൽ ഒരുങ്ങുന്നത്.

 

ഗാന്ധിജിക്കു വെടിയേൽക്കുമ്പോഴും മരണസമയത്തും ഒപ്പമുണ്ടായിരുന്നവരായ അവസാന പഴ്‌സനൽ സെക്രട്ടറി വി.കല്യാണം (98),ഗാന്ധിജിയുടെ അടുത്ത സഹായി സർല ബെൻ (91) എന്നിവരുടെ ദൃക്സാക്ഷി വിവരണത്തിലൂടെയാണു ഭരത്ബാലയുടെ പുതിയ ചരിത്രചിത്രത്തിന്റെ പിറവി. ഗാന്ധിജി കൺമുന്നിൽ വെടിയേറ്റു മരിക്കുമ്പോൾ കേവലം 21 വയസ്സ് മാത്രമുണ്ടായിരുന്ന സർല ബെന്നിനെ  മുംബൈയിലെ അന്ധേരിയിൽ വച്ചാണു കണ്ടെത്തിയത്. സബർമതി ആശ്രമം, സർല ബെന്നിന്റെ മുംബൈയിലെ വീട്, കല്യാണമിന്റെ ചെന്നൈയിലെ വീട് എന്നിവിടങ്ങളായിലുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഗാന്ധിജി വെടിയേറ്റു മരിച്ച നിമിഷങ്ങളിൽ യഥാർഥത്തിൽ എന്താണു സംഭവിച്ചതെന്നു ആ ദാരുണ സംഭവത്തിന്റെ നടുക്കം ഒട്ടുംചോരാതെ അവതരിപ്പിച്ചു പുനരവതരിപ്പിക്കാനാണു ശ്രമിച്ചിരിക്കുന്നതെന്നു ഭരത്ബാല പറയുന്നു. ഗാന്ധിജിയെ നേരിൽകണ്ടവരെ തേടിപ്പിടിച്ച് അവരുടെ ദൃക്സാക്ഷി വിവരണത്തിലൂടെയും ആർക്കൈവ്സിലൂടെയും 1948 ജനുവരി 30 പുനരവതരിപ്പിക്കാനാണു ശ്രമമെന്നും ബാല വ്യക്തമാക്കുന്നു. 

 

നാഥുറാം വിനായക് ഗോഡ്‌സെ വെടിയുതിർക്കുന്നതിനു മൂന്നുദിവസം മുൻപു ഗാന്ധിജിയെ കൊല്ലാൻ ശ്രമിച്ച സഹോദരൻ ഗോപാൽ ഗോഡ്‌സെ അടക്കമുള്ളവരുടെ ചരിത്രവും ചിത്രവും ചിത്രത്തെ  സമ്പന്നമാക്കുന്നു.

 

ഗാന്ധി ജയന്തിദിനമായ 30 നു ‘വിർച്വൽ ഭാരത്’ യൂ ട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്ന ഹ്രസ്വചിത്രം ഇതോടൊപ്പമുള്ള ലിങ്ക് വഴി കാണാം.‘വിർച്വൽ ഭാരത്’ പരമ്പരയിൽ ഇതിനോടകം നാല് ചിത്രങ്ങളാണു ഭരത് ബാല റിലീസ് ചെയ്തത്. കേരളത്തിന്റെ അഭിമാനമായ ചുണ്ടൻവള്ളംകളി പ്രമേയമാക്കിയ താളം ആണ് ഇതിൽ ആദ്യത്തേത്. ഒഡീഷയിലെ സമ്പാൽപൂരിലെ ആദിവാസി കവിയും 2016 ലെ പത്മശ്രീ ജേതാവുമായ ഹൽദാർ നാഗിനെ കുറിച്ചുള്ളതാണു രണ്ടാമത്തേത്. 

 

അന്ത്യം സംഭവിച്ചുകൊണ്ടിരിക്കുന്ന കോസിലി എന്ന ആദിവാസി ഭാഷയിൽ കവിത എഴുതുന്ന ഹൽദാർ അപൂർവ ജീവിതശൈലി കൊണ്ടു പ്രസിദ്ധനാണ്. പഞ്ചാബിലെ ഭയിനി സാഹിബിലെ അപൂർവ സംഗീത ചരിത്രത്തെ കുറിച്ചുള്ള ‘ശബ്ദ് ആഗ് കി ഖുശ്ബു’ ആണു മറ്റൊരാകർഷണം. ചെന്നൈയിലെ വേറിട്ട വ്യക്തിത്വം വിശ്വനാഥൻ ജയറാമിന്റെ ജീവതമായിരുന്നു മറ്റൊരു ഹ്രസ്വചിത്രത്തിന്റെ ഇതിവൃത്തം. ഇതിൽ ഹർദാർ നാഗിനെ പരിചയപ്പെടുത്തുന്നതു പ്രമുഖ കവി ഗുൽസാറാണ്.   

 

‘ശബ്ദ് ആഗ് കി ഖുശ്ബു’ പരിചയപ്പെടുത്തുന്നതു പ്രസിദ്ധ ഗായിക ശ്രേയ ഘോഷാലുമാണ്. താളത്തെയും ചുണ്ടൻവള്ളംകളിയെയും ആമുഖത്തിലൂടെ അവതരിപ്പിച്ചതു വിർച്വൽ ഭാരതത്തിനു സംഗീതമൊരുക്കുന്ന സാക്ഷാൽ എ.ആർ.റഹ്മാനും. പത്തുമിനിറ്റിൽ താഴെയുള്ള ചെറുചിത്രങ്ങളിലൂടെ ഭാരതത്തിന്റെ പൈതൃകം പുനരവതിരിപ്പിക്കുകയാണു ഭരത് ബാലയുടെ ലക്ഷ്യം. എ.ആർ.റഹ്മാന്റെ വന്ദേമാതരത്തിനു മനോഹര ദൃശ്യമൊരുക്കി ഭാരതീയരുടെ ഹൃദയം കവർന്ന ഭരത്ബാല ഭാരതത്തിന്റെ ദൃശ്യസൗന്ദരം ഒട്ടും ചോരാതെ പകർത്തിയെടുത്താണു ഹ്രസ്വചിത്രങ്ങൾ ഒന്നൊന്നായി അണിയിച്ചൊരുക്കുന്നത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com