നിർധന വിദ്യാർഥികൾക്കായി ടിവി ചാലഞ്ച്: 5 എണ്ണം നൽകി മഞ്ജു വാര്യർ, ഒപ്പം ബി. ഉണ്ണിക്കൃഷ്ണനും
Mail This Article
കേരളത്തിലെ വിദ്യാർഥികൾക്കായി സർക്കാർ തുടങ്ങിയ ഒാൺലൈൻ ക്ലാസുകളിൽ ടിവിയോ, സ്മാർട്ട്ഫോണോ ഇല്ലാത്തതിനാൽ നിർധനരായ കുട്ടികൾക്ക് പങ്കെടുക്കാൻ സാധിക്കുന്നില്ലെന്ന് പരാതി പരക്കെ ഉയർന്നിരുന്നു. ഒാൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ കഴിയാത്ത വിഷമത്തിൽ ഒരു കുട്ടി ആത്മഹത്യ ചെയ്യുക കൂടി ചെയ്തതോടെ നിർധനരായ കുട്ടികൾക്കായി യുവജനസംഘടനയായ ഡിവൈഎഫ്ഐ ടിവി ചാലഞ്ച് എന്ന പേരിൽ ഒരു ക്യാംപെയ്ൻ ആരംഭിച്ചു. 5 ടിവികൾ സംഭാവന ചെയ്തു കൊണ്ട് ചാലഞ്ചിൽ ആദ്യം പങ്കാളിയായത് മലയാളത്തിന്റെ പ്രിയ നടി മഞ്ജു വാര്യരാണ്.
‘ഒന്നിലധികം ടിവി സ്വന്തമായുള്ളവർ ഒരു ടിവി തരാൻ സന്നദ്ധരാകൂ. ടിവി വാങ്ങി നൽകാൻ താൽപര്യമുള്ളവർ അങ്ങനെ ചെയ്യുക’ എന്ന ആവശ്യത്തോടെ ആരംഭിച്ച ക്യാംപെയ്നിലാണ് മഞ്ജു പങ്കാളിയായത്. സംവിധായകൻ ബി. ഉണ്ണിക്കൃഷ്ണനും സംഘടനാ നേതൃത്വത്തെ ബന്ധപ്പെട്ട് തന്റെ സഹകരണം ഉറപ്പു നൽകി. നേരത്തെ സർക്കാരിന്റെ തന്നെ ബ്രേക്ക് ദ് ചെയിൻ ക്യാംപെയ്നിനും മഞ്ജു പിന്തുണയുമായി എത്തിയിരുന്നു.
ടിവി ചാലഞ്ച് ആരംഭിച്ച് ആദ്യ മണിക്കൂറുകളിൽ തന്നെ നിരവധി ഫോൺ കോളുകൾ എത്തിയെന്ന് ഡിവൈഎഫ്ഐ നേതൃത്വം അവകാശപ്പെടുന്നു. നേരത്തെ ഹൈബി ഇൗഡൻ എംപി ഒാൺലൈൻ വിദ്യാഭ്യാസം നിറവേറ്റുന്നതിനായി ആരംഭിച്ച ടാബ്ലെറ്റ് വിതരണത്തിൽ അഞ്ചു ടാബ്ലെറ്റുകൾ നൽകി സംവിധായകൻ അരുൺ ഗോപിയും പങ്കാളിയായിരുന്നു.