ADVERTISEMENT

ലോക്ഡൗണിനു ശേഷം ജനുവരി 13–ന് കേരളത്തിൽ തിയറ്ററുകൾ തുറക്കുമ്പോൾ ആദ്യ മലയാള ചിത്രമായി എത്താൻ ഒരുങ്ങുകയാണ് ജയസൂര്യ നായകനാകുന്ന വെള്ളം എന്ന സിനിമ. ജനുവരി 22–നാണ് ചിത്രം എത്തുകയെന്ന് സിനിമയുടെ നിർമാതാക്കൾ അറിയിച്ചു. കുടുംബത്തോടൊപ്പം കാണേണ്ട ചിത്രമാണെന്നും എന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വേണം തിയറ്ററിലേക്ക് വരാനെന്നും ജയസൂര്യ പ്രേക്ഷകരോട് പറയുന്നു. കാഴ്ചക്കാരെ സ്വാഗതം ചെയ്ത് അദ്ദേഹമെഴുതിയ കുറിപ്പ് ഇപ്രകാരമാണ്. 

 

പ്രിയമുള്ളവരെ

 

സിനിമയും വിനോദവുമെല്ലാം നമ്മുടെ ജീവിതത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. തിയറ്ററുകളിൽ ഇരുന്ന് സിനിമ കാണാൻ നമ്മൾ എല്ലാവരും കൊതിച്ചിരിക്കുകയായിരുന്നു അല്ലേ. കൊവിഡ് പ്രതിസന്ധികൾക്കൊടുവിൽ തിയറ്ററുകൾ തുറന്നിരിക്കുകയാണ്. ആദ്യ ചിത്രമായി ഞാൻ അഭിനയിച്ച ‘വെള്ളം’ പ്രദർശനത്തിനെത്തുന്നത് എന്നതിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്. എന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള സിനിമയാണ് വെള്ളം. ക്യാപ്റ്റന് ശേഷം പ്രജേഷ് സെന്നിനൊപ്പമുള്ള ചിത്രം. ഏറെ ആസ്വദിച്ച് അഭിനയിച്ച ഒരു സിനിമയാണിത്. നിങ്ങളിൽ, നമ്മളിൽ ഒരാളുടെ കഥയാണ് സിനിമ പറയുന്നത്. നമുക്ക് പരിചിതമല്ലാത്ത ഒന്നും ഈ സിനിമയിലില്ല. ഏറെ സംതൃപ്തി നൽകിയ കഥാപാത്രമാണ് വെള്ളത്തിലെ മുരളി.

 

പൂർണമായും live sound- ആയാണ്  വെള്ളം ചിത്രീകരിച്ചിരിക്കുന്നത്. ആ അനുഭവവും ഒന്നു വേറെ തന്നെയാണ്. പ്രിവ്യൂ കണ്ടവർ മികച്ച സിനിമയെന്ന് വിലയിരുത്തിയതും വളരെ സന്തോഷം തരുന്നു. ഒരിക്കലും ‘വെള്ളം’ നിങ്ങളെ നിരാശപ്പെടുത്തില്ല എന്നത് തന്നെയാണ് എനിക്ക് തരാവുന്ന ഉറപ്പ്. അതുകൊണ്ട് തീയറ്ററുകളിലെത്തി എല്ലാവരും സിനിമ കാണണം. അഭിപ്രായം അറിയിക്കണം. ഞങ്ങളെ പിന്തുണക്കണം. ഏറ്റവും പ്രധാനപ്പെട്ടത് ആരോഗ്യം തന്നെയാണ്. കൊവിഡ് ഭീതി നമ്മളെ വിട്ടൊഴിഞ്ഞിട്ടില്ല. എന്നാൽ കൊവിഡിനൊപ്പം ജീവിക്കാൻ നമ്മൾ ശീലിക്കുകയാണ്. കൊവിഡ് വാക്സിൻ കൂടി എത്തുന്നതോടെ മഹാമാരിയെ തുടച്ചു നീക്കാനാകുമെന്ന പ്രതീക്ഷ തന്നെയാണ് ഉള്ളത്.

 

തിയറ്ററുകൾ പ്രവർത്തിക്കുന്നത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തന്നെയായിരിക്കും. അത് അനുസരിക്കുന്നത് പ്രധാനമാണ്. തിക്കും തിരക്കും ഒഴിവാക്കി, സാമൂഹിക അകലം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കുമല്ലോ. മാസ്ക് ധരിക്കുക, സാനിറ്റൈസർ ഉപയോഗിക്കുക, രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അത് മാറിയ ശേഷം മാത്രം എത്തുക. അലക്ഷ്യമായി തുപ്പുകയോ സാധനങ്ങൾ വലിച്ചെറിയാതിരിക്കുകയോ ചെയ്യുക.കുടുംബത്തിനും കുഞ്ഞുങ്ങൾക്കും വേണ്ടിയാണ് നമ്മൾ ജീവിക്കുന്നത്. കുടുംബത്തോടൊപ്പം തന്നെ കാണേണ്ട സിനിമയാണ് വെള്ളം. മികച്ച ഒരു ഫാമിലി എന്റർടെയ്നറായാണ് വെള്ളം എത്തുന്നത്. പക്ഷേ സുരക്ഷിതരായിരിക്കാൻ ശ്രദ്ധിക്കണമെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു.കൂടെ നിന്ന എല്ലാവരോടും നന്ദി. 

സ്നേഹത്തോടെ ജയസൂര്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com