‘ആടുജീവിതം’ വായിച്ച് സമയം കളഞ്ഞതിൽ ലജ്ജിക്കുന്നു, ഷുക്കൂറിനൊപ്പം: രൂക്ഷ വിമർശനവുമായി ഹരീഷ് പേരടി
Mail This Article
‘ആടുജീവിതം’ നോവലിന്റെ രചയിതാവ് ബെന്യാമിനെതിരെ നടൻ ഹരീഷ് പേരടി. നോവലിനും സിനിമയ്ക്കും വേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ നടന്ന കഥയെന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുകയാണ് ഇവരെന്നും നോവൽ വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ഷുക്കൂറിനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുകയാണെന്നും ഹരീഷ് പേരടി പറയുന്നു. ‘ആടുജീവിതം’ നോവലിലെ നായകൻ ഷൂക്കൂർ അല്ല നജീബ് ആണെന്നും അനേകം ഷുക്കൂറുമാരിൽനിന്നു കടംകൊണ്ട കഥാപാത്രമാണ് നജീബ് എന്നും ബെന്യാമിൻ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ‘ആടുജീവിതം’ സിനിമ പുറത്തിറങ്ങിയ ശേഷം നജീബുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള ചർച്ചകൾ ഉടലെടുക്കുന്ന സാഹചര്യത്തിലാണ് ബെന്യാമിന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ടാണ് ബെന്യാമിനെ വിമർശിച്ച് ഹരീഷ് പേരടിയെത്തിയത്.
‘‘നോവലിനും സിനിമയ്ക്കും വേണ്ടി ഒരു മനുഷ്യന്റെ ജീവിതത്തെ നടന്ന കഥയെന്ന പിൻബലത്തോടെ മാർക്കറ്റ് ചെയ്യുക. എല്ലാം കഴിഞ്ഞ് അയാളുടെ ജീവിതത്തിന്റെ 30 ശതമാനമേ ഉള്ളൂ, ബാക്കിയൊക്കെ കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യമാണെന്നും. ആ നോവലിന്റെ പിൻകുറിപ്പിൽ വ്യക്തമായി എഴുതിയ ‘കഥയുടെ പൊടിപ്പും തൊങ്ങലും’ വളരെ കുറച്ച് മാത്രമേയുള്ളൂ (10 ശതമാനം) എന്ന് വായിച്ച് അത് വിശ്വസിച്ച പൊതുസമൂഹത്തെയും ആ മനുഷ്യനെയും ഒരു ഉളുപ്പുമില്ലാതെ കളിയാക്കുക.
ഈ സാഹിത്യ സർക്കസ് കമ്പനി ഒരു മനുഷ്യന്റെ ജീവിതത്തിൽ ഒരിക്കലും നടക്കാത്ത മനുഷ്യവിരുദ്ധവും മൃഗവിരുദ്ധവുമായ ഒരു കാര്യം വച്ചാണ് വിൽപനയുടെ ഈ ഊഞ്ഞാലാട്ടം നടത്തിയതെന്ന് അറിയുമ്പോൾ, ഈ നോവൽ വായിച്ച് സമയം കളഞ്ഞതിൽ ഞാൻ ലജ്ജിക്കുന്നു. ഷൂക്കൂർ ഇക്കാ, നിങ്ങളുടെ ആദ്യത്തെ കഫീൽ ഒരു അറബിയായിരുന്നെങ്കിൽ ഇന്നത്തെ നിങ്ങളുടെ കഫീൽ ഒരു മലയാള സാഹിത്യകാരനാണ്.
നിങ്ങളുടെ ആടുജീവിതം ഇപ്പോഴും തുടരുകയാണെന്ന് പറയാൻ സങ്കടമുണ്ട്. ക്ഷമിക്കുക. ഈ വൃത്തികേടിന് പരിഹാരമായി ഈ മനുഷ്യൻ കോടികളുടെ പ്രതിഫലം അർഹിക്കുന്നുണ്ട് എന്ന് തന്നെയാണ് എന്റെ പക്ഷം. ഒരു മനുഷ്യന്റെയും ജീവിതം വച്ച് ഇനി ഒരുത്തനും സാഹിത്യം കളിക്കാതിരിക്കാൻ അത് ഒരു മാതൃകയാവണം. ഷുക്കൂറിനോടൊപ്പം.’’–ഹരീഷ് പേരടിയുടെ വാക്കുകൾ.
ബെന്യാമിൻ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വാക്കുകൾ:
‘‘കഴിഞ്ഞ ഇരുപത് വർഷങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ സിനിമ ഇറങ്ങിയ പശ്ചാത്തലത്തിൽ ഒരിക്കൽ കൂടി പറയുന്നു. എന്റെ കഥയിലെ നായകൻ നജീബ് ആണ്. ഷുക്കൂർ അല്ല. അനേകം ഷുക്കൂറുമാരിൽനിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതിൽ പലരുടെ, പലവിധ അനുഭവങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. 30 ശതമാനത്തിലും താഴെ മാത്രമേ അതിൽ ഷുക്കൂർ ഉള്ളൂ. ഷുക്കൂറിന്റെ ജീവിത കഥയല്ല ആടുജീവിതം. അത് എന്റെ നോവൽ ആണ്. ‘നോവൽ, നോവൽ’. അത് അതിന്റെ പുറം പേജിൽ വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട്.
അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കിൽ അത് എന്റെ കുഴപ്പമല്ല. നോവൽ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങൾ ഉണ്ട്. ഒരായിരം വേദികളിൽ ഞാനത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കൽ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിക്കുക.’’–ബെന്യാമിൻ പറയുന്നു.
നോവലിലെ കഥാപാത്രങ്ങളായി എത്തുന്ന പലരും യഥാർഥ ജീവിതത്തിൽ പല അവകാശവാദങ്ങളുമായി വന്നേക്കാമെന്നും ബെന്യാമിൻ പറയുന്നു. കഴിഞ്ഞ ദിവസം ഒരാൾ അഭിമുഖത്തിൽ വന്ന് താനാണ് കഥയിലെ കുഞ്ഞിക്ക എന്നവകാശപ്പെട്ടെന്നും അത് ശുദ്ധ നുണയാണെന്നും അദ്ദേഹം കുറിച്ചു.
‘‘ഇന്നലെ ഒരു അഭിമുഖം കണ്ടു. താനാണ് കഥയിലെ കുഞ്ഞിക്ക എന്ന്. ആയിരിക്കാം. അല്ലായിരിക്കാം. പക്ഷേ അതിൽ പറയുന്ന ഒരു കാര്യം ശുദ്ധ നുണയാണ്. ഞാൻ ഒരു കഥയും കേൾക്കാൻ അങ്ങനെ ഒരാളെ സമീപിച്ചിട്ടില്ല. നജീബ് പറഞ്ഞിട്ടുള്ള കുഞ്ഞിക്കയെ മാത്രമേ എനിക്ക് അറിയൂ. അതിനപ്പുറം ഒന്നും അറിയാൻ ഇല്ലായിരുന്നു. ഇനിയും പലരും വന്നേക്കാം, താനാണ് ഹക്കിം, ഇബ്രാഹിം ഖാദിരി, എന്നൊക്കെ പറഞ്ഞ്. നല്ലത്. പക്ഷേ നോമ്പ് കാലമൊക്കെ അല്ലേ.’’–ബെന്യാമിന്റെ വാക്കുകൾ.