ജൂനിയർ ആർടിസ്റ്റിനെ ഞെട്ടിച്ച ‘കത്തനാർ’; കുറിപ്പ് വൈറൽ
Mail This Article
ജയസൂര്യ നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം കത്തനാരെക്കുറിച്ച് ജൂനിയർ ആർടിസ്റ്റ് കുറിച്ച വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മലയാള സിനിമയുടെ തലവര യഥാർത്ഥത്തിൽ മാറ്റാൻ പോകുന്ന സിനിമയാണ് കത്തനാരെന്നും ഇതുവരെ അനുഭവിക്കാത്ത മികച്ച തിയറ്റർ എക്സ്പീരിയൻസ് ആകും ലഭിക്കാൻ പോകുന്നതെന്നും രാഹുൽ പറയുന്നു. മേക്കിങ്ക്വാളിറ്റി കൊണ്ട് പ്രേക്ഷകരെ ഒന്നടങ്കം ചിത്രം ഞെട്ടിക്കുമെന്നും രാഹുൽ പറയുന്നു. സിനിഫീല്‍ എന്ന സിനിമാ ഗ്രൂപ്പില്‍ ആയിരുന്നു രാഹുല്‍ തന്റെ അനുഭവം പങ്കുവച്ചത്.
‘‘ഒരു ജൂനിയർ ആർടിസ്റ്റ് ആയി ഇത്തവണ എറണാകുളത്തേക്ക് വണ്ടി കയറിയപ്പോൾ അറിഞ്ഞില്ല മലയാളത്തിലെ തന്നെ ബ്രഹ്മാണ്ഡം എന്ന് വിളിക്കാവുന്ന ചിത്രത്തിലേക്ക് ആണ് അഭിനയിക്കാൻ പോകുന്നത് എന്ന്. അവിടെ ചെന്ന് കഴിഞ്ഞപ്പോൾ ഒരു കാര്യം മനസിലായി. മലയാള സിനിമയുടെ തലവര യഥാർഥത്തിൽ മാറ്റാൻ പോകുന്നത് കത്തനാർ ആണ്. നമ്മൾ ഇത് വരെ അനുഭവിച്ചിട്ടില്ലാത്ത തീയറ്റർ എക്സ്പീരിയൻസ്, ഒരു പുത്തൻ അനുഭവം അതായിരിക്കും കത്തനാർ..പിന്നെ ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങളും അന്നു നടന്നു.
എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട, ജീവിതത്തിലൊരിക്കലും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ സംഭവിക്കുകയും അത്രയും മനോഹരം ആയ നിമിഷങ്ങളും എനിക്ക് കത്തനാർ ലൊക്കേഷനിൽ നിന്നു കിട്ടി. ജയസൂര്യയെ നായകൻ ആക്കി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ മലയാളത്തിലെ തന്നെ ഏറ്റവും ചെലവ് ഏറിയ ചിത്രം ആണ്. ഗോകുലം ഗോപാലൻ നിർമിക്കുന്ന ഈ സിനിമയിൽ അനുഷ്ക, പ്രഭുദേവ, വിനീത് തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നു. ഒരു കാര്യം ഉറപ്പ് ആണ്, മേക്കിങ് ക്വാളിറ്റി കൊണ്ട് ഈ സിനിമ തീർച്ചയായും നമ്മളെ ഞെട്ടിച്ചിരിക്കും.’’ രാഹുലിന്റെ വാക്കുകൾ.
സിനിമയിൽ ഗാന രംഗങ്ങളിലും വലിയ ആൾക്കൂട്ടങ്ങൾക്കിടയിലും മാത്രം വന്നുപോകുന്നവരാകാനാണ് കൂടുതൽ ആളുകളും ജൂനിയർ ആർടിസ്റ്റുകളായി എത്തുന്നത്. എന്നാൽ അവരിലൊരാൾ തങ്ങൾ അഭിനയിച്ച സിനിമയെക്കുറിച്ച് ഇത്രമാത്രം പ്രശംസിച്ച് സംസാരിക്കുന്നത് ഇതാദ്യമാകും.
പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധയും ഹൈപ്പും ലഭിക്കുന്ന ‘കത്തനാർ’ സംവിധാനം ചെയ്യുന്നത് റോജിൻ തോമസ് ആണ്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തെ കുറിച്ച് പുറത്തുവരുന്ന വാർത്തകളും അപ്ഡേറ്റുകളും ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. എല്ലാ ഭാഷകളിൽ നിന്നുമുള്ള വമ്പൻ താരങ്ങൾ അണിനിരക്കുന്ന സിനിമയിൽ ഹോളിവുഡ് ടെക്നീഷ്യൻസ് അടക്കം പ്രവർത്തിക്കുന്നുണ്ട്.