ADVERTISEMENT

‘രായൻ’ സിനിമയുടെ ഓഡിയോ ലോഞ്ചിൽ ധനുഷ് നടത്തിയ പ്രസംഗമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. സിനിമയില്‍ വന്നതിനുശേഷം താൻ അനുഭവിക്കേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ചും വിമർശനങ്ങളെക്കുറിച്ചുമൊക്കെ ധനുഷ് തുറന്നു സംസാരിച്ചു. ചെന്നൈയിൽ രജനികാന്ത്, ജയലളിത തുടങ്ങിയ വിഐപികളുടെ വീടിരിക്കുന്ന പോയസ് ഗാർഡനിൽ സ്വന്തമായി വീട് മേടിക്കാൻ കാരണമായ സംഭവത്തെക്കുറിച്ചും ധനുഷ് പ്രസംഗത്തിൽ പറയുന്നുണ്ട്. അച്ഛന്റെ പ്രസംഗം കേട്ട് കയ്യടിക്കുന്ന യാത്രയും ലിങ്കയും ചടങ്ങിന്റെ ആകർഷണമായി.

‘‘ഇത്രയും സിനിമകൾ ചെയ്യാൻ സാധിക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ആദ്യ പടം ചെയ്ത് കഴിഞ്ഞ് ഓടിപ്പോകാം എന്നുവിചാരിച്ചാണ് വന്നത് തന്നെ. ആദ്യമായി അഭിനയിക്കുന്നത് 2000ലാണ്. ആ സിനിമ റിലീസ് ചെയ്യുന്നത് 2002ലും. 22 വർഷമായി. അതിനിടെ എന്തൊക്കെ സംഭവിച്ചു. എനിക്കിതിരെ പല തരത്തിലുള്ള വിമർശനങ്ങളും ഗോസിപ്പുകളും ഉണ്ടായി. അതിനെയൊക്കെ താണ്ടി ഇവിടെ വരെ എത്തണമെങ്കിൽ അതിനു കാരണം നിങ്ങളുടെ ഈ ശബ്ദമാണ്.

മെലിഞ്ഞ് കറുത്തിട്ട് വലിയ സൗന്ദര്യമോ കഴിവോ ഇല്ലാതെയാണ് ഞാന്‍ വരുന്നത്. എന്നെ നിങ്ങളുമായി ബന്ധിപ്പിക്കുന്ന ഘടകമെന്താണെന്ന് എനിക്കറിയില്ല. നന്നായി ഇംഗ്ലിഷ് പോലും സംസാരിക്കാൻ അറിയാത്ത എന്നെ ഇംഗ്ലിഷ് പടത്തിൽ അഭിനയിപ്പിക്കാൻ കാരണക്കാരയതും നിങ്ങൾ തന്നെ. അൻപതാം സിനിമയിലെത്തുമ്പോള്‍ നിങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് വിചാരിച്ചിരുന്നു. അതുകൊണ്ടാണ് ഈ സിനിമ ഞാൻ തന്നെ സംവിധാനം ചെയ്യാൻ തീരുമാനിച്ചത്. ഇത് നിങ്ങൾക്കു വേണ്ടിയുള്ള എന്റെ ഡെഡിക്കേഷൻ ആണ്.

പോയസ് ​ഗാർഡനിലെ വീട് ഇത്രയും വലിയ സംസാര വിഷയമാകുമായിരുന്നെങ്കിൽ ഞാൻ ഒരു ചെറിയ അപ്പാർട്ട്‌മെന്റിൽ താമസിച്ചേനെ. എന്താ എനിക്ക് പോയസ് ഗാർഡനിൽ വാങ്ങാൻ പറ്റില്ലേ ? തെരുവിലിരുന്നവൻ എല്ലായ്പ്പോഴും തെരുവിൽ തന്നെയേ ജീവിക്കാവൂ എന്നുണ്ടോ? ഈ പോയസ് ​ഗാർഡൻ വീടിന് പിന്നിൽ ഒരു ചെറിയ കഥയുണ്ട്. ഞാൻ ആരുടെ ആരാധകനാണെന്ന് (രജിനികാന്ത്) എല്ലാവർക്കും അറിയാമല്ലോ?. എനിക്ക്16 വയസ്സുള്ളപ്പോൾ എന്റെ സുഹൃത്തുമായി റെെഡിന് പോയി. കത്തീഡ്രൽ റോ‍ഡിലൂടെ പോകുമ്പോൾ, തലൈവരുടെ വീട് കാണണം എന്ന് ഒരു ആഗ്രഹം. അവിടെ നിന്ന ഒരാളോട് ഞാൻ ചോദിച്ചു, തലൈവർ വീട് എവിടെയാണ് എന്ന്. അയാൾ ഞങ്ങൾക്ക് വഴി കാണിച്ചു തന്നു..

കുറച്ചുകൂടി പോയപ്പോൾ അവിടെ പൊലീസ് നിൽക്കുന്നത് കണ്ടു. അവരോട് വഴി ചോദിച്ചു, വഴി കാട്ടി തന്നിട്ട് വേ​ഗം തിരിച്ചുവരണമെന്ന് അവർ പറഞ്ഞു. അങ്ങനെ ഞങ്ങൾ രണ്ട് പേരും അവിടെ പോയി തലൈവർ വീട് കണ്ട് സന്തോഷത്തോടെ തിരിച്ചുവരാൻ വണ്ടി തിരിച്ചപ്പോൾ തൊട്ടടുത്ത വീടിനു മുന്നിലും അതേ കൂട്ടം. അതെന്താണെന്ന് ചോദിച്ചപ്പോഴാണ് അറിയുന്നത് അത് ജയലളിത അമ്മയുടെ വീടാണ് എന്ന്. ഞാൻ ബൈക്ക് നിർത്തി ഒരു നിമിഷം അവിടെ ഇറങ്ങി നിന്നു. 

ഒരു വശത്ത് രജിനി സാറിന്റെ വീട്, മറുവശത്ത് ജയലളിത അമ്മയുടെ വീട്.. ഒരു നാൾ..ഒരു നാൾ എങ്ങനെയെങ്കിലും പോയസ് ഗാർഡനിൽ ഒരു ചെറിയ വീടെങ്കിലും വാങ്ങണം. അങ്ങനെ ആ വാശി മനസ്സിൽ കയറി, ആ സമയത്ത് എനിക്ക് വയസ്സ് പതിനാറ്. കുറച്ച് കഷ്ടപ്പാടിലൂടെയായിരുന്നു കുടുംബം കടന്നുപോയത്. 'തുളളുവതോ ഇളമൈ' എന്ന സിനിമ ആ സമയത്ത് ഓടിയില്ലായിരുന്നുവെങ്കിൽ ഞങ്ങൾ തെരുവിന്റെ നടുവിൽ നിൽക്കേണ്ടി വന്നേനെ. അങ്ങനെ ഇരുന്ന ആ 16 വയസ്സിൽ വെങ്കിടേഷ് പ്രഭുവിന് (ധനുഷിന്റെ യഥാർത്ഥ പേര്) 20 വർഷം കഷ്ടപ്പെട്ട് ഇന്നീ കാണുന്ന ധനുഷ് കൊടുത്ത സമ്മാനമാണ് ആ പോയസ് ഗാർഡൻ വീട്. എന്നെ ഇതോടെ വെറുതെ വിടുമെന്ന് പ്രതീക്ഷിക്കുന്നു.’’ ധനുഷ് പറഞ്ഞു.

150 കോടി ചെലവില്‍ നാലു നിലകളിലായി ഏകദേശം 19000 ചതുരശ്ര അടിയിലാണ് ധനുഷിന്റെ വീട് പണി തീർത്തിരിക്കുന്നത്. മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമൊപ്പം താമസിക്കാന്‍ കഴിയുന്ന ഒരു വീട് നിര്‍മ്മിക്കുക എന്നത് ധനുഷിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. രണ്ട് വർഷം കൊണ്ടാണ് വീടിന്റെ പണി തീർത്തത്. അത്യാധുനിക ജിമ്മും സ്വിമ്മിങ് പൂളും ഫുട്ബോൾ കോർട്ട് അടക്കം ഇൻഡോർ സ്പോർട്സ് സൗകര്യങ്ങളും വിശാലമായ ഹോം തിയറ്ററുമെല്ലാം സ്മാർട് ടെക്‌നോളജിയിൽ അധിഷ്ഠിതമായ വീട്ടിലുണ്ട്.

English Summary:

Dhanush called out for story behind his Poes Garden residence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com