ഈ നായകന്റെ കയ്യിൽ തോക്കോ പിച്ചാത്തിയോ ഇല്ല, ഉള്ളത് ചങ്കൂറ്റം; അജേഷാടാ...ഈ പൊൻMAN

Mail This Article
‘അജേഷാടാ..അജേഷ്’ എന്ന് നെഞ്ചിലടിച്ച് ചങ്കൂറ്റത്തോടെ പറയുന്ന ഈ നായകന്റെ കയ്യിൽ തോക്കോ പിച്ചാത്തിയോ ബോംബോ ഇല്ല. ആകെയുള്ളത് ആത്മവിശ്വാസവും ചങ്കൂറ്റവും അധ്വാനിക്കാനുള്ള മനസ്സുമാണ്. ഇതു മൂന്നും വച്ച് അവൻ കളിക്കുന്നൊരു കളിയുണ്ട്. ആ പോരാട്ടത്തിന് പൊന്നിനേക്കാൾ തിളക്കമുണ്ട്. അതൊരു പൊൻമാനായി പറന്നിറങ്ങുകയാണ് സ്ക്രീനിൽ. പൊൻMAN ആണ് ഈ കൊച്ചു സിനിമ. പൊന്നു കൊണ്ടുണ്ടാക്കിയ MAN അഥവാ പൊന്നു കൊണ്ടുണ്ടാക്കിയ ഒരു മനുഷ്യൻ, ചെറുപ്പക്കാരൻ. ആയുധക്കൂട്ടിന്റെ മാത്രം ആവേശത്തിൽ ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത നായകന്മാർ അരങ്ങു വാഴുന്ന സിനിമാലോകത്തേക്കാണ് ചില നിശ്ചയങ്ങളും ബോധ്യങ്ങളും മാത്രം കൈവെള്ളയിലൊതുക്കി ഒരു സാധാരണ ചെറുപ്പക്കാരൻ നെഞ്ചിൽ തൊട്ട് പറയുന്നത് അജേഷാടാ..അജേഷ്..! പൊൻമാൻ എന്ന സിനിമ.
. ജോണർ മാറ്റം
കലാസംവിധായകൻ, പ്രൊഡക്‌ഷൻ ഡിസൈനർ എന്നീ നിലകളിൽ മലയാള സിനിമയിൽ പേര് അടയാളപ്പടുത്തിയ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ആദ്യ സിനിമ. ഒരു ചെറിയ മനോഹരമായ സിംപിൾ സിനിമ. പൊൻമാനിനെക്കുറിച്ചുള്ള ആദ്യ ഇംപ്രഷൻ ഇതായിരിക്കും. തിരക്കഥയുടെ ദുരൂഹതയോ ദുർഗ്രാഹ്യതയോ ഇല്ല. എല്ലാം പൊന്നിൻ വെളിച്ചം പോലെ സുവ്യക്തം. ചുറ്റുപാടുമൊന്ന് നോക്കിയാൽ ഈ വെളിച്ചം കാണാം. ഈ വെളിച്ചവും തെളിച്ചവുമാണ് സിനിമയെ ബലവത്താക്കുന്നത്. സിനിമാ കൊട്ടകയ്ക്കു മുന്നിൽ ഒരു പ്രത്യേക ജോണർ സിനിമകൾ ക്യൂ നിൽക്കുന്നിടത്തേക്കാണ് ഇത്തിരി സ്ഥലം ചോദിച്ചു കൊണ്ട് പൊൻമാൻ പറന്നിറങ്ങുന്നത്. ഈയൊരു മാറ്റവും പൊൻമാനിന് അനുകൂല ഘടകമാകുന്നു. പ്രശസ്ത നോവലിസ്റ്റും തിരകഥാകൃത്തും സംവിധായകനുമായ ജി. ആർ. ഇന്ദുഗോപനും ജസ്റ്റിൻ മാത്യുവും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്റെ നാലഞ്ചു ചെറുപ്പക്കാർ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ.
.പൊന്നിൻ താരം
കാലഭേദമന്യേ മലയാളിയുടെ മനസ്സിന്റെ അടയാളമാണ് പൊന്ന്. ഇവിടെയും പൊന്ന് തന്നെയാണ് താരം. കല്യാണപ്പെണ്ണ് അണിയുന്ന സ്വർണം. അതിനു പിന്നിലെ ഒരു പാട് കഥകൾ, നേരത്തെ കേട്ടതും കേൾക്കാത്തതും. കണ്ടതും കാണാത്തതും. പൊന്ന് കൊണ്ടു നടക്കുന്നവൻ, പൊന്നു കൊണ്ട് ജീവിക്കുന്നവൻ, എന്നിട്ടും ജീവിതം പൊന്നാവാത്തവൻ. പക്ഷേ പൊന്നുപോലുള്ളൊരു മനസ്സുള്ളവൻ.

. ബേസിലും സജിനും
പി.പി. അജേഷ് എന്ന നായകവേഷത്തിൽ ബേസിൽ ജോസഫ് കസറി. വില്ലനോ പ്രതിനായകനോ അല്ല, നായകനോട് തോളോടുതോൾ ചേർന്നുനിന്നുകൊണ്ടു തന്നെയാണ് സജിൻ ഗോപുവിന്റെ മരിയാനോ എന്ന കഥാപാത്രത്തിന്റെ പ്രകടനം, അല്ലെങ്കിൽ സിനിമയിലെ മറ്റൊരു നായകൻ. ഇവർക്കിടയിലും മുങ്ങിപ്പോകുന്നില്ല ആനന്ദ് മൻമഥന്റെ ബ്രൂണോ യെന്ന കഥാപാത്രവും ദീപക് പറമ്പോലിന്റെ ശർമയും.

. ഒരുപാട് അടരുകൾ
കല കലയ്ക്കു വേണ്ടി മാത്രമാണോയെന്ന കാലങ്ങളായി നിലനിൽക്കുന്ന ചോദ്യത്തിനിടയിലും ഈ സിനിമയിലെ മറ്റനേകം അടരുകൾ മലയാളിയെ നോക്കി സഹതപിക്കുന്നുണ്ട്. അധ്വാനിക്കുന്നവന് എന്തിനാടാ സ്ത്രീധനം..? അധ്വാനിച്ചു കുടുംബം പോറ്റെടായെന്ന് അജേഷ് പറയുന്നത് വെറും പിച്ചാത്തി രാഷ്ട്രീയം കൊണ്ടുനടക്കുന്നവനോട് മാത്രമല്ല, പല കള്ളികളിലാക്കി മനുഷ്യനെ കെട്ടിപ്പൂട്ടിവയ്ക്കുന്നവരോട്, അതിന്റെ ഇരകളോട്, തട്ടിപ്പുകമ്പനികളിൽ പണം നിക്ഷേപിച്ച് ധനാർത്തി മൂത്തവരോട്.. ഇവരോട് എല്ലാവരോടും കൂടിയാണ്. ഒടുവിൽ കൊല്ലത്തെ ആ ചൊല്ല് കൂടിയുണ്ട്... കണ്ടവന്റെ ....... കണ്ട് നമ്മൾ പട്ടിയെ വളർത്തരുത്. കൊല്ലത്തിൻ്റെ കായലും കടലും കടപ്പുറവുമെല്ലാം പൊൻമാനിൽ മനോഹരമായ കഥാപാത്രങ്ങളാകുന്നു.

. 'മോന്തായം' ചെറുപ്പക്കാർ
പൊൻമാൻ ആ ഒരു കൂട്ടം ചെറുപ്പക്കാരുടെ സിനിമയാണ്, കഥയാണ്. കഥയല്ല, നടന്ന സംഭവം. തൊണ്ണൂറുകളുടെ തുടക്കത്തിൽ കൊല്ലം നഗരം കേന്ദ്രീകരിച്ച് രൂപമെടുത്ത പുരോഗമനവാദികളായ കുറച്ചു ചെറുപ്പക്കാരുടെ അനുഭവമാണിത്. മോന്തായം എന്നാണ് ഈ കൂട്ടായ്മയുടെ പേര്. കാനായി കുഞ്ഞിരാമനാണ് ഈ സംഘത്തിന് ആ പേരിട്ടത്. കലാ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് സജീവമായിരുന്ന കുറേ ചെറുപ്പക്കാർ. ഈ സംഘം ഒരു കല്യാണത്തിനു പോയപ്പോൾ ഉണ്ടായ അനുഭവമാണ് സിനിമ. സംവിധായകൻ അടക്കമുള്ളവർ ഉൾപ്പെടുന്നതാണ് ഈ കൂട്ടായ്മ. അതുകൊണ്ടുതന്നെ സംവിധായകന്റെ നേരനുഭവമാണ് ഈ സുവർണ സിനിമ. പൊന്നില്ലാതെ കല്യാണം മുടങ്ങുമെന്നായപ്പോൾ ഈ സംഘം കയറി ഇടപെട്ടു. അങ്ങനെയാണ് പൊന്ന് കൊണ്ടുവരുന്നയാളെ ഇവർ തേടിപ്പിടിക്കുന്നത്. കല്യാണം നടന്നെങ്കിലും പൊന്ന് കൊണ്ടുവന്ന ഏജന്റിന് സ്വർണത്തിന്റെ പണമോ അല്ലെങ്കിൽ സ്വർണമോ തിരിച്ചുകിട്ടിയില്ല. അന്നത്തെ ആ യഥാർഥ കഥാപാത്രം സിനിമയിലെ അജേഷായി മാറി. അന്ന് പൊന്ന് കൊണ്ടു വന്നയാളെ പിന്നീട് ഇവരാരും കണ്ടിട്ടില്ല. ഈ സിനിമ കണ്ടിട്ട് ചിലപ്പോൾ, അത് ഞാനാണ് എന്നു പറഞ്ഞ് ആ പൊന്നുകാരൻ വരുമോ..? സംവിധായകൻ അടക്കമുള്ള സംഘം കാത്തിരിപ്പാണ്.
. നാല് വാക്കിൽ പ്രണയം
നാലേ നാലു വാക്കിലും അതിലും വലിയ നോട്ടത്തിലും ലിജോമോൾ ജോസിന്റെ സ്റ്റൈഫിയും ബേസിലിന്റെ അജേഷും പ്രണയം പറയുന്നതു കാണാൻ എന്തു രസം. നിന്റെ മേത്ത് മണ്ണ് വീഴാതെ നോക്കണം.. നീ ചത്തോന്ന് അറിയാൻ നിന്നതാ... ഒപ്പം ഇതിനുള്ള മറുപടിയും. പൊന്ന് തൊടാത്തപ്പോഴാണ് പെണ്ണിന് ചന്തമെന്ന് തോന്നുന്ന എത്ര നായകന്മാരുണ്ട്..? എവിടെയെല്ലാമുണ്ട്..? 64 കഴുക്കോലും വീഴാതെ കൂട്ടിഘടിപ്പിച്ചു നിർത്തുന്നതാണ് കെട്ടിടത്തിൻ്റെ മോന്തായം. ഈ കൂട്ടായ്മയും സിനിമയും അങ്ങനെയാണ്. ഒരു പണത്തൂക്കം മുന്നിൽ.