‘ബാല പറഞ്ഞു പറ്റിച്ചു കൊണ്ടുവന്നു’; ചെകുത്താനോടു മാപ്പ് പറഞ്ഞ് എലിസബത്ത്, നാടകീയ രംഗങ്ങൾ

Mail This Article
ചെകുത്താൻ എന്നറിയപ്പെടുന്ന യുട്യൂബർ അജു അലക്സിനോടു മാപ്പ് പറഞ്ഞ് ഡോ. എലിസബത്ത് ഉദയൻ. നടൻ ബാല അജു അലക്സിന്റെ വീട്ടിൽ തോക്കുമായി ചെന്ന് വധ ഭീഷണി മുഴക്കിയ സംഭവത്തിൽ അന്ന് ബാലയ്ക്കൊപ്പം എലിസബത്തുമുണ്ടായിരുന്നു. ഭയന്നു വിറച്ചാണ് അന്ന് ബാലയ്ക്കൊപ്പം കാറിൽ ഇരുന്നതെന്ന് എലിസബത്ത് വെളിപ്പെടുത്തി. പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് സംഭവ സ്ഥലത്തേക്ക് കൊണ്ടു വന്നതെന്നും തോക്കെടുത്തപ്പോൾ ഭയപ്പെട്ടു പോയെന്നും എലിസബത്ത് പറഞ്ഞു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുൻ പങ്കാളി ബാലയിൽ നിന്നും നേരിട്ട ദുരനുഭവങ്ങൾ സ്വന്തം യുട്യൂബ് ചാനലിലൂടെ തുറന്നു പറയുകയാണ് എലിസബത്ത്. അജു അലക്സിനെ ഭീഷണിപ്പെടുത്താൻ പോയ സംഭവത്തിന്റെ നേരനുഭവവും എലിബസത്ത് പറഞ്ഞിരുന്നു. സത്യങ്ങൾ വെളിപ്പെടുത്തുന്നതിനാൽ തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഭയന്നാണ് ജീവിക്കുന്നതെന്നും കഴിഞ്ഞ ദിവസം എലിസബത്ത് പറഞ്ഞിരുന്നു. പിന്നാലെയാണ് അജു അലക്സും സുഹൃത്തുക്കളും എലിസബത്തിനെ നേരിട്ട് വന്ന് കണ്ടത്. സുഹൃത്തുക്കൾക്കൊപ്പം എലിസബത്തിനെ സന്ദർശിക്കുന്ന അജു അലക്സിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. താൻ കൂടി ഭാഗമായ സംഭവങ്ങളിൽ മാപ്പ് ചോദിച്ചുവെന്നും യുട്യൂബിൽ പങ്കിട്ട വിഡിയോയിൽ എലിസബത്ത് പറഞ്ഞു.
എലിസബത്തിന്റെ വാക്കുകൾ: ‘‘നേരത്തെ മുതൽ എനിക്ക് അജുവിനോട് ഒരു സോറി പറയണമെന്നുണ്ടായിരുന്നു. പക്ഷേ, എനിക്ക് കോൺടാക്ട് ചെയ്യാൻ പേടിയായിരുന്നു. ഒരു കുറ്റബോധമുണ്ടായിരുന്നു. അറിഞ്ഞുകൊണ്ട് അല്ല അന്ന് ഞാൻ അവിടെ അയാൾക്കൊപ്പം വന്നത്. പക്ഷെ ഞാനും അതിൽ ഉൾപ്പെട്ട ഒരാളണല്ലോ. അതുകൊണ്ട് സോറി പറയണമെന്നുണ്ടായിരുന്നു. പക്ഷേ, എന്നെ നിങ്ങൾ ദുഷ്ട കഥാപാത്രമായാണോ കണ്ടിരിക്കുന്നതെന്ന് അറിയില്ലല്ലോ. ആദ്യത്തെ റിയാക്‌ഷൻ എന്താകുമെന്നും അറിയാത്തതുകൊണ്ടാണ് മിണ്ടാതിരുന്നത്. എല്ലാവരുടെയും മുന്നിൽ വെച്ച് ഒരു സോറി പറയണമെന്നുണ്ടായിരുന്നു.
എനിക്കൊരു ഗിൽറ്റ് ഫീൽ ഉള്ളതുകൊണ്ടാണ് സോറി പറയുന്നത്. പുതിയ ഡ്രസും വളയുമെല്ലാമിട്ട് ഒരുങ്ങിയായിരുന്നു അന്ന് ഞാൻ അവിടെ വന്നത്. ഐസ്ക്രീം മേടിച്ച് തരാമെന്ന് പറഞ്ഞാണ് കൂട്ടികൊണ്ട് പോയത്. ഐസ്ക്രീമിന്റെ വീഡിയോ യുട്യൂബിലേക്ക് എടുക്കാമെന്നും കരുതി. പക്ഷെ അതായിരുന്നില്ല അവിടെ നടന്നത്. ഞാൻ കാറിൽ പേടിച്ച് വിറച്ചാണ് ഇരുന്നത്. അജുവിനോട് ഇപ്പോൾ മാപ്പ് പറഞ്ഞപ്പോൾ കുറ്റബോധം മാറി."
എലിസബത്തിനെ ഒന്ന് കാണാനും സംസാരിക്കാനും വേണ്ടിയാണ് വന്നതെന്ന് അജുവും പ്രതികരിച്ചു. ‘‘എലിസബത്ത് സോറി പറയേണ്ട ആവശ്യം ശരിക്ക് ഇല്ല. എലിസബത്തിന് അന്നത്തെ സംഭവത്തിൽ പങ്കില്ലെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. അന്ന് അവർക്കൊപ്പം വന്നൂവെന്നല്ലേയുള്ളു. എനിക്ക് എലിസബത്തിനോട് വിരോധത്തിന്റെ ആവശ്യമില്ല. വീഡിയോകൾ കണ്ടപ്പോൾ വന്ന് ഒന്ന് കാണണമെന്ന് തോന്നി. തന്നേയും ആറാട്ടണ്ണേനേയും ബലം പ്രയോഗിച്ചും പറ്റിച്ചുമാണ് അയാൾ കൊണ്ടുവന്നതെന്ന് ഞങ്ങൾക്ക് അറിയാം. എലിസബത്ത് സൂപ്പറാണ്. നമ്മൾ വിചാരിച്ചതുപോലുള്ള ആളല്ല,’’–അജു പറഞ്ഞു.
ബാലയുടെ വിഷയത്തിൽ കേസ് കൊടുക്കുകയോ കോടതിയെ സമീപിക്കുകയോ അല്ലെങ്കിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി പറയുകയോ ചെയ്യുകയല്ലാതെ ആരോടും ഈ വിഷയത്തിൽ പറഞ്ഞിട്ട് കാര്യമില്ലെന്നും എലിസബത്തിനെ ഉപദേശിച്ചാണ് അജു അലക്സ് മടങ്ങിയത്.