ലക്ഷങ്ങളോ കോടികളോ വാങ്ങിയതിന്റെ തെളിവുണ്ടോ?: എലിസബത്തിനെതിരെ ബാലയുടെ കരൾ ദാതാവ്

Mail This Article
ബാലയുടെ മുൻ ജീവിതപങ്കാളി എലിസബത്തിനെതിരെ നടന് കരൾ ദാനം ചെയ്ത ദാതാവ് ജോസഫ് ജേക്കബ്. സ്വമനസ്സാലെ അവയവദാനത്തിന് തയാറായ തന്നെപ്പറ്റി സംസാരിക്കാൻ എലിസബത്തിന് യാതൊരു അർഹതയും ഇല്ലെന്ന് ജോസഫ് ജേക്കബ് പറയുന്നു. അവയവദാനം അത്ര പെട്ടെന്ന് ചെയ്യാൻ കഴിയുന്ന കാര്യമല്ലെന്നും ഒരുപാട് ടെസ്റ്റുകളും ചർച്ചകളും കഴിഞ്ഞതിനു ശേഷമാണ് ഒരാൾ അവയവ ദാനത്തിനായി തയാറെടുക്കുന്നതെന്നും ജോസഫ് പറയുന്നു. താൻ ആശുപത്രിയിൽ കിടക്കുമ്പോൾ എലിസബത്ത് അവിടെ ഉണ്ടായിരുന്നു. അപ്പോഴൊന്നും അവർ കരൾ നൽകാൻ തയാറാണ് എന്ന് പറഞ്ഞതായി അറിവില്ല. ലക്ഷങ്ങൾ വാങ്ങിയാണ് താൻ കരൾ നൽകിയത് എന്ന് പറയുന്നതിന് തെളിവ് കാണിക്കണമെന്നും തന്നെക്കുറിച്ച് വാസ്തവമല്ലാത്ത കാര്യങ്ങൾ വിളിച്ചു പറയരുതെന്നും ജോസഫ് ജേക്കബ് പറയുന്നു. അവയവദാനം ലോകത്ത് ഏറ്റവും മഹത്തായ കർമമാണ്. അത് നന്നായി അറിയാവുന്ന ഡോക്ടർ ആയ ഒരാൾ അതിനെക്കുറിച്ച് മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ജോസഫിന്റെ വിഡിയോ പങ്കുവച്ചുകൊണ്ട് ബാല പറഞ്ഞു.
‘‘എന്നെക്കുറിച്ച് എന്തു വേണമെങ്കിലും പറഞ്ഞോളൂ നിയമപരമായി എല്ലാ കാര്യങ്ങളും നന്നായി പോകുന്നുണ്ട്. ഈ ലോകത്ത് എത്രപേർക്ക് അവയവദാനത്തെക്കുറിച്ച് അറിയാം , എത്രപേർ അതിനു തയാറാകും? ഏറ്റവും വലിയ ദാനം എന്താണ്, ഒരാൾ മരിക്കാൻ കിടക്കുമ്പോൾ ആ ജീവൻ രക്ഷിക്കാൻ ചെയ്യുന്ന ദാനമാണ് ഏറ്റവും വലിയ ദാനം. ഒരാൾ മരിച്ച ശേഷം അയാളുടെ അവയവങ്ങൾ കൊടുക്കാം. പക്ഷേ ജീവനോടെ ഇരിക്കുമ്പോൾ തന്നെ മരിക്കാൻ കിടക്കുന്ന ഒരാളെ രക്ഷപ്പെടുത്താൻ സ്വന്തം അവയവം നൽകുന്നത് ഏറ്റവും വലിയ ദാനമാണ്. കാരണം അയാളുടെ ജീവന് കൂടി അപകടമായ കാര്യമാണ് അത്.
ഇന്ന് അവയവം ദാനം ചെയ്യുന്ന നല്ല മനസ്സുള്ള കുറേപ്പേരുണ്ട്. അവരെ ഒരിക്കലും മീഡിയയോ മറ്റുള്ളവരോ മോശമായി ചിത്രീകരിക്കരുത്, അത് ഒരു കുറ്റകൃത്യമാണ്. മെഡിക്കൽ ഫീൽഡിൽ ഉള്ളവർ ഒരിക്കലും ഇങ്ങനെ ചെയ്യരുത്. അവർക്ക് അതിന്റെ പ്രാധാന്യം അറിയാവുന്നവർ ആണ്, ഒരു ജീവന്റെ പ്രാധാന്യം ഏറ്റവും കൂടുതൽ അവർക്കാണ് അറിയുന്നത്. ഞാൻ ഈ പറയുന്നത് ജേക്കബിന് വേണ്ടിയാണ്. ഒരു വിഡിയോ ഇടട്ടെ എന്ന് ജേക്കബ് എന്നോട് ചോദിച്ചു, വേണ്ട എന്നാണു ഞാൻ. പറഞ്ഞത്. പക്ഷേ ആ വിഡിയോ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. ഇപ്പൊ ഇത് പറയേണ്ട സ്ഥിതിയിലേക്ക് ഞാൻ വന്നു. അവന്റെ മനസ്സ് ഭയങ്കരമായി വിഷമിച്ചു പോയി. ഇത് കണ്ടാൽ വേറെ ഒരു മനുഷ്യനെ രക്ഷപെടുത്താൻ വരുന്ന മറ്റൊരു ദാതാവും സങ്കടപ്പെട്ടുപോകും, നിരുത്സാഹപ്പെടും. മെഡിക്കൽ ഫീൽഡിൽ ഉള്ളവർ തന്നെ ഇത് ചെയ്യുന്നത് വലിയ കുറ്റമാണ്. ജീവൻ നൽകുന്നത് ആണ് ഏറ്റവും വലിയ ദാനം. ഒരുപാട് ന്യൂസ് കാണുന്നുണ്ട്. പക്ഷേ ഞാൻ ഇപ്പോൾ ഇതൊന്നും ഇപ്പോൾ ശ്രദ്ധിക്കാറില്ല, എല്ലാം നിയമം കൊണ്ട് നേരിടും. അവയവദാനം ചെയ്യുന്നവരെ നിരുത്സാഹപ്പെടുത്തരുത്, പുണ്യം ചെയ്യുന്നവരെ വേദനിപ്പിക്കരുത്.’’–ബാല പറയുന്നു.
‘‘എന്റെ പേര് ജോസഫ് ജേക്കബ്, ഞാൻ ആണ് ബാല ചേട്ടന് കരൾ കൊടുത്തത്. ബാല ചേട്ടനെ കുറിച്ചും എലിസബത്ത് ചേച്ചിയെക്കുറിച്ചും കുറെ വിഡിയോ ഞാൻ കണ്ടു. അതിനെപ്പറ്റി ഒന്നും എനിക്ക് പറയാനില്ല, പക്ഷേ അതിൽ എന്നെപ്പറ്റി എലിസബത്ത് ചേച്ചി കുറെ കാര്യങ്ങൾ പറയുന്നത് കേട്ടു, ലക്ഷങ്ങൾ കൊടുത്താണ് ഡോണറിനെ കൊണ്ട് വന്നത്, ഞാൻ കൊടുക്കാൻ തയാറായതിരുന്നു എന്നൊക്കെ. സർജറി ചെയ്യുന്നതിന് പത്തു ദിവസം മുൻപ് ഞാൻ ആശുപത്രിയിൽ ചെക്കപ്പിനായി അഡ്മിറ്റ് ആയിരുന്നു. ആ സമയത്ത് എലിസബത്ത് ചേച്ചി അവിടെ ഉണ്ട്. ഞാൻ കൊടുക്കാൻ റെഡി ആണ് എന്നൊന്നും ചേച്ചി അന്ന് എന്നോട് പറഞ്ഞില്ല, ഇതിനെക്കുറിച്ച് ഒന്നും സംസാരിച്ചിട്ടിട്ടില്ല. അങ്ങനെ ചേച്ചി കൊടുക്കുമെങ്കിൽ എനിക്ക് കൊടുക്കേണ്ട കാര്യമില്ല.
അന്ന് പറയാത്ത ആള് ഇന്നു വന്നു പറയുകയാണ്, ഞാൻ കരൾ കൊടുക്കാൻ തയാറായിരുന്നു എന്ന്. ആള് ഒരു ഡോക്ടർ ആണ്, ആള് കൊടുക്കാം എന്ന് പറഞ്ഞെന്നു പറയുന്ന കാര്യം രക്തം അല്ല കരൾ ആണ്, കരൾ ദാനം ചെയ്യാൻ എന്തൊക്കെ നൂലാമാലകൾ ഉണ്ടെന്നു അത് അറിയാവുന്ന ആൾക്കാർക്കെ അറിയൂ. ഒരുപാട് മീറ്റിങുകൾ, കുറെ ടെസ്റ്റുകൾ ചെയ്യണം, കുറെ ഫോം പൂരിപ്പിക്കണം, കുറെ ചെക്കപ്പുണ്ട്, അങ്ങനെ കുറെ സംഭവം ഉണ്ട്. പെട്ടെന്ന് ചെയ്യാൻ പറ്റുന്ന കാര്യം അല്ല ഇത്. അത് ഡോക്ടർ ആയ ആൾക്ക് അറിയാം. ഞാൻ ആരുടേയും പക്ഷം പിടിച്ചു പറയുന്നില്ല, പക്ഷേ എന്നെക്കുറിച്ച് പറഞ്ഞതുകൊണ്ടാണ് പറയുന്നത്. ലക്ഷങ്ങൾ മുടക്കി ആണ് ചെയ്തത് എന്ന് പറയുന്നു, എനിക്ക് എത്ര ലക്ഷം തന്നു? ഞാൻ ബാല ചേട്ടനോട് ഒന്നും ചോദിച്ചിട്ടില്ല, പക്ഷേ ചേട്ടൻ എനിക്കുവേണ്ടി കുറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്.
പക്ഷേ ചെയ്ത കാര്യങ്ങൾ അല്ലാതെ അവർ എന്തൊക്കെയോ വിളിച്ചു പറയുന്നു. ചെയ്യാത്ത കാര്യങ്ങൾ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് ദേഷ്യം വരുന്നു. അതുകൊണ്ടു പറയുകയാണ് എന്നെക്കുറിച്ച് ആവശ്യമില്ലാത്ത സംസാരം വേണ്ട. ഞാൻ ലക്ഷങ്ങളോ കോടികളോ വാങ്ങിയെങ്കിൽ അതിന്റെ തെളിവ് കാണിക്കണം. ഞാൻ ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല. അല്ലാതെ ആവശ്യമില്ലാതെ എന്നെപ്പറ്റി പറയാൻ എലിസബത്ത് ചേച്ചിക്ക് ഒരു അവകാശവും ഇല്ല. ഒരു അവയവദാതാവ് എന്ന് പറയുന്നത് എന്താണെന്നാണ് കരുതിയിരിക്കുന്നത്, അതൊക്കെ അത്ര ചെറിയ കാര്യമാണോ ? ബാല ചേട്ടനെകുറിച്ച് ഡോക്ടർമാർ പറഞ്ഞത് 95% റിസ്ക് ഉള്ള ആളാണ്, ചിലപ്പോൾ ആളിനെ തിരിച്ചു കിട്ടില്ല എന്നാണ്. എന്റെ ജീവനും റിസ്ക് ഉണ്ടെന്നാണ് പറഞ്ഞത്. മെഡിക്കൽ റിപ്പോർട്ട് എടുത്തു വായിച്ചു നോക്കിയാൽ എല്ലാവർക്കും അറിയാം. കൊടുക്കുന്ന ആൾക്കും റിസ്ക് ആണ് കിട്ടുന്ന ആൾക്കും റിസ്കാണ് എന്ന് പറഞ്ഞിടത്ത് ഞാൻ എന്റെ ജീവൻ പോലും നോക്കാതെ ആണ് കരൾ കൊടുത്തത്.
അങ്ങനെ ഞാൻ ചെയ്തിട്ട്, ഇപ്പോൾ ഒരാൾ വന്നു ഞാൻ കൊടുക്കാൻ റെഡി ആയിരുന്നു എന്നു പറയുമ്പോൾ എനിക്ക് വിഷമം ഉണ്ടാകുമോ? ഇല്ലേ എന്ന് നിങ്ങൾ തന്നെ ചിന്തിച്ചു നോക്കൂ. ഇങ്ങനെ ഒക്കെ പറയുന്നത് കേൾക്കുമ്പോൾ കൊടുക്കണ്ടായിരുന്നു എന്നാണു തോന്നുന്നത്. ഇതുവരെ എന്റെ ശരീരത്ത് ഒരു കത്തി പോലും വയ്ക്കാത്ത ഞാൻ ബാല ചേട്ടന് വേണ്ടിയാണ് ഇത് ചെയ്തത്. എന്നെക്കുറിച്ച് പറയാൻ അവർക്ക് എന്ത് അവകാശം ഉണ്ട്? കരൾ നൽകിയ ദാതാവിനെ കുറിച്ച് സംസാരിക്കാൻ എന്താണ് ഉള്ളത്?’’–ജോസഫ് ജേക്കബ് പറയുന്നു.