പ്ലസ് ടു തോറ്റ് കയറി ഐപിഎസ് നേടിയ മനോജ്; ‘ട്വൽത് ഫെയിൽ’ ഒരു ഗംഭീര സിനിമ: റിവ്യു

Mail This Article
പ്ലസ് ടു ഫലം വന്ന ദിവസം ഇപ്പോഴും ഓർമയുണ്ട്. പത്രത്തിൽ അരിച്ചു പെറുക്കി നമ്പർ നോക്കുകയാണ്. തൊട്ടടുത്ത നമ്പറുകളെല്ലാമുണ്ട്, എന്നാൽ കാണാൻ ആഗ്രഹിച്ചതു മാത്രമില്ല. ദൈവമേ! ജീവിതത്തിൽ ആദ്യമാണ്. തോറ്റു. എന്താണു പോയത്, എവിടെയാണു പാളിയത്? ഒന്നും മനസ്സിലാവുന്നില്ല. അടുത്തുനിന്ന് ആരൊക്കെയോ ചോദിക്കുന്നുണ്ട്,
‘നീ ജയിച്ചോടീ?’
ഒന്നും മിണ്ടാൻ പറ്റുന്നില്ല. നമ്പർ ഇല്ല എന്നതാണ് സത്യം. തോൽക്കുന്നവരുടെ ആയിരിക്കുമോ പേപ്പറിൽ നമ്പർ ഇല്ലാത്തത്? ചിലപ്പോൾ അബദ്ധം? പല പല ചിന്തകൾക്കൊടുവിൽ വീട്ടിലെത്തി, പത്രത്തിൽ നമ്പറില്ല. ആരും വിശ്വസിക്കുന്നില്ല, സ്വയം വിശ്വസിക്കാതെങ്ങനെ കേൾക്കുന്ന മറ്റുള്ളവർ വിശ്വസിക്കും?
മാർക്ക് ലിസ്റ്റ് വന്നപ്പോൾ ഒരു വിഷയം, അതും ഫിസിക്സ് ആണ് പോയിരിക്കുന്നത്. തോൽവി അംഗീകരിക്കാതെ മാർഗ്ഗമില്ല. അപ്പോഴും പക്ഷേ മനസ്സിലാവാൻ ബുദ്ധിമുട്ടുണ്ടായിരുന്നു, എങ്ങനെയാണ് തോൽവി പറ്റിയത്? പഠിത്തത്തിൽ അത്ര ഉഴപ്പുണ്ടായിരുന്ന ഒരാൾ അല്ലാഞ്ഞിട്ടും?
മനോജ് കുമാർ ശർമ പന്ത്രണ്ടാം ക്ലാസ്സിൽ തോറ്റത് കണ്ടപ്പോഴും യുപിഎസ‌്സിയുടെ റിസൽറ്റ് അറിയാൻ വേണ്ടി അലഞ്ഞു നടക്കുമ്പോഴും പഴയ പ്ലസ് ടു കാലമാണ് മനസ്സിലേക്കു വന്നത്. ആ പ്രായത്തിലായിരിക്കണമല്ലോ ജീവിതവും ലക്ഷ്യവും മനസ്സിൽ കുറിക്കുന്നത്. മനോജ് ശർമയുടെ മനസ്സിൽ ഐപിഎസ് എന്ന ലക്ഷ്യം ഉറച്ചതു പോലെ.
വിധു വിനോദ് ചോപ്രയുടെ ട്വൽത് ഫെയിൽ എന്ന ചിത്രം ഒരുതരത്തിൽ ഒരാളുടേതല്ല, ഒരുപാട് പേരുടെ ജീവിത കഥയാണ്. പല തവണ തോറ്റും കയറി വന്നും വീണ്ടും പരാജയപ്പെട്ടും കരഞ്ഞും ഇടറിയും നിരാശപ്പെട്ടും ഒടുവിൽ ആഗ്രഹിച്ചത് നേടിയ ലക്ഷക്കണക്കിന് മനുഷ്യരുടെ കഥ. വിജയികളുടെ കഥകളെല്ലാം അങ്ങനെ തന്നെയാണല്ലോ. പക്ഷേ ഇവിടെ മനോജ് കുമാർ ശർമയുടെ കഥ ഫിക്‌ഷനല്ല എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. അതേ പേരുള്ള ഐപിഎസ് ഓഫിസറുടെ ജീവിതമാണ് വിധുവിന്റെ സിനിമ. പട്ടിണിയിൽനിന്ന് ഇച്ഛാശക്തിയുടെ ബലത്തിൽ മാത്രം ആഗ്രഹിച്ചത് നേടിയ മനോജ് കുമാർ ശർമ.
ചമ്പൽ എന്ന ഗ്രാമവും കാടും ഏറെ പ്രശസ്തമാണ്. കൊള്ളക്കാരുടെ പേരിലാണ് അവ അറിയപ്പെടുന്നതു തന്നെ. അവിടെനിന്ന് ഡൽഹി പോലെയൊരു മഹാ നഗരത്തിൽ ഇഷ്ടമുള്ളത് ആകാൻ എത്തിയ പയ്യനോട് സ്വഭാവികമായും ചമ്പൽ എന്ന പേരിനോട് തോന്നിയ ഭയവും പുച്ഛവും എത്ര പേർക്ക് ഉണ്ടായിരുന്നിരിക്കാം! യഥാർഥ ജീവിതത്തിൽ മനോജ് കുമാർ ശർമ അനുഭവിച്ച യാഥാർഥ്യങ്ങളുടെ മൂന്നിലൊന്നു പോലും സിനിമ അഡ്രസ്സ് ചെയ്യുന്നുണ്ട് എന്ന് തോന്നുന്നില്ല. അയാൾ നേരിടാൻ സാധ്യതയുള്ള ഏറ്റവും വലിയ ഭയവും, ചമ്പൽ എന്ന പേരും അയാളുടെ ജാതിയും അവസ്ഥയും തന്നെയായിരുന്നിരിക്കണം. സിനിമ മനോജിന്റെ പട്ടിണിയിൽ മാത്രമാണ് കൂടുതൽ ഫോക്കസ് ചെയ്തിരിക്കുന്നത്, വളരെ അപൂർവം ഇടങ്ങളിൽ മാത്രം പുച്ഛത്തിന്റെ രൂപത്തിൽ ചമ്പൽ എന്ന പേരും കടന്നു വരുന്നു എന്നു മാത്രം.
രാഷ്ട്രീയത്തിൽ സർവ അധികാരവും കയ്യടക്കി നിൽക്കുന്ന ഒരു ഗ്രാമാധിപന്റെ സ്‌കൂളിലാണ് മനോജ് പഠിക്കുന്നത്. അവിടെ ആരും പന്ത്രണ്ടാം ക്ലാസ്സ് തോൽക്കാറില്ല. അപമാന ഭാരം കാരണം എംഎൽഎ അത് അനുവദിക്കാറില്ല എന്നതാണ് സത്യം. പക്ഷേ ആ വർഷം അവിടെ നിയമിതനായ ഡിഎസ്പി പതിവ് തെറ്റിച്ച് കുട്ടികളെ മുഴുവൻ തോൽപിക്കുകയാണ്. പഠിക്കാതെ തന്നെ പരീക്ഷ പാസ്സാവുമെന്ന വിശ്വാസത്തിൽ മറ്റുള്ളവർക്കൊപ്പം അവിടെ പഠിച്ചവനാണ് മനോജ് കുമാർ ശർമയും. പക്ഷേ നേരും നെറിവും ഉള്ള ഡിഎസ്പിയും സത്യത്തിനു വേണ്ടി ജോലിയും ജീവിതവും വിട്ടിറങ്ങുന്ന അച്ഛനും എല്ലാം അവനെ സത്യത്തിനു വേണ്ടി നിലകൊളളാൻ ആണ് പഠിപ്പിക്കുന്നത്. അധികാരവും ശക്തിയും എല്ലാത്തിനെയും മാറ്റി മറിക്കും എന്ന് മനസ്സിലായ മനോജ് തന്റെ ഗ്രാമത്തിലെ വരാൻ പോകുന്ന തലമുറയ്ക്ക് വേണ്ടി കൂടിയാണ് പൊലീസ് ഉദ്യോഗസ്ഥൻ ആകാൻ ആഗ്രഹിക്കുന്നത്. പക്ഷേ കാലം അവനെ, സ്വപ്നം കാണേണ്ടത് ഐപിഎസ് ആണെന്ന് പഠിപ്പിക്കുന്നു.
തനി ഗ്രാമത്തിൽ ജനിച്ചു വളർന്ന, ഇംഗ്ലിഷ് അത്രയ്ക്കൊന്നും കൈകാര്യം ചെയ്യാനറിയില്ലാത്ത, ഒരുപാട് കാഴ്ചകളോ അറിവുകളോ ഇല്ലാത്ത ഒരു യുവാവിനെ ഇന്ത്യയുടെ ഏറ്റവും വലിയ ഉദ്യോഗസ്ഥ ശൃഖല ആയ സിവിൽ സർവീസിലേക്ക് കൊണ്ടു നിർത്തുമ്പോൾ ഒന്ന് പകച്ചു പോകും. പലതവണ ഓരോ കടമ്പയും കടക്കാനാകാതെ മനോജ് പരാജയപ്പെടുമ്പോൾ, എന്നെങ്കിലും അയാൾ ജയിക്കും എന്നുറപ്പ് ഉണ്ടെങ്കിലും അയാൾ എങ്ങനെ അത് കരസ്ഥമാക്കും എന്നാലോചിച്ച് ആകാംക്ഷപ്പെടും. ഇടയിൽ ശ്രദ്ധ എന്ന പെൺകുട്ടി വന്നു കയറുമ്പോൾ പ്രണയത്തിനു വേണ്ടി അയാൾ മാറ്റി വയ്ക്കാൻ പോകുന്ന അവസാന ചാൻസ് ഓർത്ത് ആധിപ്പെടും. പക്ഷേ പ്രണയം പലപ്പോഴും നമ്മൾ വിചാരിക്കുന്നതിനും അപ്പുറമാണ്. അതിങ്ങനെ കയ്യിൽ ചേർത്ത് പിടിച്ച് ജീവിതത്തിലെ അടുത്ത ചുവടു വയ്ക്കാനായി പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നതുമാകും. അതായിരുന്നു മനോജിന്റെ യാത്രയിലെ ഏറ്റവും വലിയ അനുകൂല ഘടകം എന്നാണു തോന്നിയത്. അടക്കാൻ കഴിയാത്ത ഇച്ഛാശക്തിയും മുന്നോട്ടു നടത്തുന്ന കരുത്തുള്ള പ്രണയവും.
പട്ടിണിയിൽനിന്നു പിന്നോട്ട് വലിക്കുന്ന ജീവിത സാഹചര്യങ്ങളിൽനിന്നു പടവെട്ടി ദിവസക്കൂലിക്കു ജോലി ചെയ്തു കയറി വന്ന മനുഷ്യർ വിലമതിക്കാനാകാത്ത നിധികളാണ്. അവർ ജീവിതത്തെ അത്രയടുത്തു നിന്ന് നോക്കിക്കണ്ടിട്ടുണ്ട്. മനോജ് കുമാർ ശർമയുടെ കഥയും അതേ പ്രചോദനം കാണുന്നവരിലേക്കു പകരുന്നുണ്ട്. യഥാർഥമായ ഒരു കഥ കൂടിയാണെന്ന് ബോധ്യപ്പെടുമ്പോൾ ആ യാത്രയുടെ മധുരം അനുഭവിച്ചറിയാൻ എളുപ്പമുണ്ട്. വിക്രാന്ത് മാസിയും മേധാ ശങ്കറുമാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
പക്ഷേ സിനിമയുടെ വക്താവ് മനോജ് കുമാർ ശർമയുടെ സുഹൃത്തും അവന് ഐപിഎസ് എന്ന സ്വപ്നം പരിചയപ്പെടുത്തുകയും ചെയ്ത പ്രീതം പാണ്ഡെ എന്ന കഥാപാത്രമാണ്. ജീവിതത്തിൽ മറ്റെന്തോ ആഗ്രഹങ്ങളുമായി ജീവിക്കുന്ന പ്രീതത്തെ കുറിച്ചും കൂടി ഉള്ളതാണ് സിനിമ. ഒരു വിഷയത്തിലും സ്‌കൂളിൽ പരാജയപ്പെട്ടിരുന്നില്ലെങ്കിലും പ്രീതം ജീവിതത്തിൽ ഒരുപാട് പരാജയപ്പെടുന്നുണ്ട്. മാതാപിതാക്കളുടെ ആഗ്രഹത്തിനും ഇഷ്ടത്തിനും വേണ്ടി മാത്രം തന്റെ വർഷങ്ങൾ അവൻ യുപിഎസ്‌സി പഠനത്തിനായി ചെലവഴിക്കുന്നുണ്ട്. ഓരോ തവണ പരാജയം രുചിക്കുമ്പോഴും അയാൾക്ക് ഉള്ളിൽ നഷ്ടബോധമുണ്ട്. അത് കൂടുകയാണ്. തന്റെ നഷ്ടപ്പെട്ടു പോകുന്ന വർഷങ്ങൾ എന്തിനാണെന്നു പോലും തിരിച്ചറിയാനാകാത്ത അയാൾ നിലതെറ്റിയവനായി മാറുന്നുണ്ട്. ഒടുവിൽ തന്റെ യഥാർഥ സ്വപ്നം കണ്ടെത്തുകയും അതിലേയ്ക്ക് തന്റെ ഷിഫ്റ്റ് ചെയ്യുകയും ചെയ്യുന്നിടത്താണ് പ്രീതം ജീവിതം കണ്ടെത്തുന്നത്.
ഇത്തരം ജീവിതകഥകൾ അനേകം പ്രേക്ഷകർക്ക് മുന്നിലുണ്ട്. അതിൽനിന്നു 12 ഫെയിലിനു വ്യത്യാസങ്ങൾ ഒന്നുമില്ല. പക്ഷേ ജീവിത അനുഭവങ്ങൾ എന്ന മഹാസത്യത്തിൽ നിന്ന് കൊണ്ട് മനോജ് കുമാർ ശർമയെ കാണുമ്പോൾ മനസ്സുകൊണ്ട് നമസ്കരിക്കാൻ തോന്നിപ്പോകും, കണ്ണ് നിറഞ്ഞു പോകും. ആഗ്രഹിക്കുന്നതിന്റെ അപ്പുറത്തേയ്ക്ക് ജീവിതത്തെ വിടാതിരിക്കാൻ ബാധ്യതയുള്ളവരാണ് ഓരോരുത്തരുമെന്നു തോന്നിപ്പോകും, ഇത് തന്നെയാണല്ലോ ആ സിനിമയുടെ വിജയവും.