ADVERTISEMENT

ലോകനൃത്തദിനത്തിൽ ആരാധകർക്കായി ചുവടു വച്ച് പ്രിയതാരങ്ങൾ. മലയാളികളുടെ പ്രിയ താരനർത്തികമാരായ ശോഭനയും, മഞ്ജു വാര്യരും നൃത്തച്ചുവടുകളുമായി ആരാധകർക്കു മുൻപിലെത്തി. നൃത്തം ചെയ്യുന്നതിന്റെ ഫോട്ടോ മഞ്ജു വാര്യർ പങ്കുവച്ചപ്പോൾ, മുൻപ് വേദിയിൽ അവതരിപ്പിച്ച നൃത്തപ്രകടനത്തിന്റെ വിഡിയോ ആണ് നൃത്താസ്വാദകർക്കായി ശോഭന കരുതി വച്ചത്. ഓൺലൈൻ നൃത്തോത്സവവുമായാണ് ബോളിവുഡ് സൂപ്പർ ഡാൻസർ മാധുരി ദീക്ഷിത് ലോകനൃത്ത ദിനത്തിൽ ആരാധകർക്കു മുൻപിലെത്തിയത്. 

 

‘നർത്തകർക്കു പറക്കാൻ ചിറകിന്റെ ആവശ്യമില്ല’ എന്ന അടിക്കുറിപ്പോടെയായിരുന്നു മഞ്ജു വാര്യരുടെ അതിമനോഹര ചിത്രം. നൃത്തമുദ്രകളുമായി അന്തരീക്ഷത്തിലുയർന്നു നിൽക്കുന്ന മഞ്ജുവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ നിമിഷനേരത്തിനുള്ളിൽ വൈറലായി. നൃത്ത ദിനത്തോട് അനുബന്ധിച്ച് മാധുരി ദീക്ഷിത് ആരാധകർക്കായി ഒരുക്കുന്ന ഓൺലൈൻ നൃത്തോത്സവത്തിൽ രാജ്യത്തെ മികച്ച നർത്തകർ, നൃത്ത സംവിധായകർ, വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുക്കുമെന്ന് താരം അറിയിച്ചു. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ മുതിർന്ന നൃത്തസംവിധായകരായ സരോജ് ഖാൻ, ഫറാ ഖാൻ, പണ്ഡിറ്റ് ബിർജു മഹാരാജ് എന്നിവരുടെയും നൃത്തപ്രകടനങ്ങളുണ്ടാകും. 

 

ചരിത്രത്തിലേക്ക്....

 

മുദ്രകളിലൂടെയും പദചലനങ്ങളിലൂടെയും ഭാവാഭിനയത്തിലൂടെയും താളം പിടിപ്പിച്ച് ശരീരത്തിന്റെ ഭാഷയായി മാറിയ കലാരൂപമാണ് നൃത്തം. ആദിവാസി സമൂഹത്തിന്‍റെ പ്രാകൃത തപ്പും തുടിയും ചുവടുകളും മുതല്‍ പരിഷ്കൃത സമൂഹത്തിന്‍റെ നൃത്ത വൈവിധ്യങ്ങള്‍ വരെ ഈ ഗണത്തില്‍ പെടുന്നു. അതുകൊണ്ടാണ് നൃത്തം സാര്‍വദേശീയമായി ആസ്വദിക്കപ്പെടുന്നത്. 

 

നൃത്തത്തിലെ എക്കാലത്തെയും മികച്ച പരിഷ്കര്‍ത്താവായ ജിന്‍ ജോര്‍ജ് നോവറിന്‍റെ ജന്മദിനമാണ് നൃത്ത ദിനമായി ആചരിക്കപ്പെടുന്നത്. നൃത്തത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് യുനെസ്കോയുടെ ആഭിമുഖ്യത്തിൽ രാജ്യാന്തര ഡാൻസ് കൗൺസില്‍ ആണ് ലോക നൃത്തദിന ആചരണത്തിനു തുടക്കം കുറിച്ചത്. 1982 ഏപ്രിൽ 29 മുതലാണ് ഈ ദിനം പ്രാബല്യത്തിൽ വന്നത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള നൃത്തരൂപങ്ങൾ ആസ്വദിക്കുകയും ജനങ്ങളിൽ നൃത്തത്തോടുള്ള ആഭിമുഖ്യ വളർത്തുകയും ചെയ്യുക എന്നതാണ് നൃത്ത ദിനത്തിന്റെ ലക്ഷ്യം. 

 

ഭാരതീയ അവതരണകലകളുടെ പിതാവായ ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി ചെറുതും വലുതുമായ ഒട്ടേറെ നൃത്ത രൂപങ്ങൾ ഇന്ത്യയിൽ പിറവിയെടുത്തിട്ടുണ്ട്. ഇതിൽ കേന്ദ്രസംഗീത നാടക അക്കാദമിയുടെ ക്ലാസിക്കൽ പദവി ലഭിച്ചത് എട്ടു കലാരൂപങ്ങൾക്കു മാത്രമാണ്. ഭരതനാട്യം, ഒഡീസി, കുച്ചിപ്പുടി, കഥക്, മണിപ്പൂരി, സത്രിയ, മോഹിനിയാട്ടം, കഥകളി എന്നിവയാണവ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com