സ്വാതി തിരുനാൾ കൃതിക്ക് ഇങ്ങനെയൊരു ദൃശ്യഭാഷ സാധ്യമോ? വിഡിയോ

Mail This Article
സ്വാതി തിരുനാൾ കൃതിയായ 'ആനന്ദവല്ലി'യുടെ ആസ്വാദന അനുഭൂതിയെ നാടകത്തിന്റെ ശരീരഭാഷയിൽ അടയാളപ്പെടുത്തുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. അതും ആറു നിമിഷം മാത്രം ദൈർഘ്യമുള്ള സംഗീത ആൽബത്തിലൂടെ. സംഗീത സംവിധായകൻ സുദീപ് പാലനാട് ഉൾപ്പെടെയുള്ള പ്രമുഖർ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പാട്ട് ഇപ്പോൾ സംഗീതപ്രേമികള്‍ക്കിടയിൽ ഹിറ്റായിരിക്കുകയാണ്.
ആർക്കും ഏതു സംഗീതവും ഹൃദയത്തിൽ കോർക്കാമെന്ന് കലർപ്പില്ലാതെ പറഞ്ഞു വയ്ക്കുകയാണ് 'ആനന്ദവല്ലി'. ക്ലാസിക്കൽ സംഗീതത്തെ ക്ലാസിക്കൽ നൃത്തരൂപങ്ങളുമായി മാത്രം ചേരുമ്പടി ചേർക്കുന്ന പതിവു ശൈലിയിൽ നിന്നുള്ള മാറ്റമാണ് ആൽബത്തിലൂടെ ലക്ഷ്യമിട്ടതെന്ന് സംവിധായകൻ സജിത്ത് മൂത്ത കൊരമ്പ് പറയുന്നു. പീപ്പിൾ സ്റ്റോറി കളക്ടീവിന്റെ ബാനറിലാണ് ആൽബം പുറത്തിറക്കിയിട്ടുള്ളത്.
‘കാലഭൈരവൻ’ എന്ന നാടകത്തിലെ അഭിനയത്തിനു സംഗീത നാടക അക്കാദമിയുടെ മികച്ച നടനുള്ള പുരസ്കാരം നേടിയിട്ടുള്ള എം.പാർത്ഥ സാരഥിയാണ് ആൽബത്തിൽ പ്രധാന വേഷം അവതരിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ 25 വർഷമായി നാടക രംഗത്തുള്ള അദ്ദേഹം അമ്പതോളം നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രാകേഷ് പാഴേടമാണ് പശ്ചാത്തല സംഗീതവും ശബ്ദാവിഷ്ക്കാരവും നിർവഹിച്ചത്. രഞ്ജീഷ് മേലേപറമ്പത്ത് ചിത്രീകരിച്ച വിഡിയോയുടെ എഡിറ്റിങ് എം.അമൽ ആണ്.