‘ഹലോ ഞാൻ മോഹൻലാൽ ആണ്’; അപ്രതീക്ഷിത വിളിയിൽ ത്രില്ലടിച്ച് ഗായിക ബിനീത

Mail This Article
‘ഇരുവര്‍’ എന്ന മോഹന്‍ലാൽ ചിത്രത്തിലെ പാട്ടിന്റെ കവർ പതിപ്പ് ഒരുക്കിയതിന് മോഹൻലാലിന്റെ തന്നെ പ്രശംസ തേടിയെത്തിയതിന്റെ ത്രില്ലിലാണ് ഗായിക ഡോ.ബിനീത രഞ്ജിത്. ചിത്രത്തിലെ ‘പൂക്കൊടിയിൻ പുന്നഗൈ’ എന്ന ഹിറ്റ് ഗാനത്തിനാണ് ബിനീത കവർ പതിപ്പൊരുക്കിയത്. കവർ ഗാനം കണ്ട മോഹൻലാൽ ബിനീതയെ നേരിൽ വിളിച്ച് പ്രശംസിക്കുകയായിരുന്നു. ആ അനുഭവത്തെക്കുറിച്ച് ബിനീത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പും വൈറലായിക്കഴിഞ്ഞു.
‘നമ്മുടെ ആഗ്രഹം ആത്മാർഥമാണെങ്കിൽ പ്രപഞ്ചം മുഴുവൻ നമ്മുടെ ഒപ്പം ഉണ്ടാകും അത് സഫലമാക്കാൻ! ഇതു ശരിവയ്ക്കുന്ന ഒന്ന് ഇന്ന് എന്റെ ജീവിതത്തിലും സംഭവിച്ചു. ചെറുപ്പത്തിൽ ഓരോ മോഹൻലാൽ സിനിമയും കാണുമ്പോൾ, സ്വപ്നങ്ങളിൽ മാത്രം കേട്ടിരുന്ന ആ ശബ്ദം എന്നെ തേടി വന്നു. ‘ഹലോ, ഞാൻ മോഹൻലാലാണ്. പൂക്കൊടിയിൻ കണ്ടു, കേട്ടു.അത് വളരെ ഗംഭീരമായിട്ടുണ്ട്. ഈ സിനിമയും പാട്ടും എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ എന്റെ സന്തോഷം പങ്കുവയ്ക്കണമെന്നു തോന്നി’.
നാം കാണുന്ന സ്വപ്നങ്ങൾ യാഥാർഥ്യമാകുന്ന നിമിഷങ്ങളിൽ ജീവിക്കാൻ കഴിയുക എന്നത് വളരെ അപൂർവ്വമായ ഭാഗ്യങ്ങളിലൊന്നാണ്. ഈ തിരക്കിനിടയിൽ എന്നെ അഭിനന്ദിയ്ക്കാൻ കാണിച്ച ആ വലിയ മനസ്സിന് ഹൃദയത്തിൽ നിന്നു പ്രണാമം. ഇതെനിക്ക് തരുന്ന ഊർജ്ജം വാക്കുകളിൽ കുറിക്കാനാവുന്നില്ല. നന്ദി, സ്നേഹം ലാലേട്ടാ’, ബിനീത രഞ്ജിത് കുറിച്ചു.
‘ഇരുവർ’ ചിത്രത്തിനു വേണ്ടി എ.ആർ.റഹ്മാന്റെ സംഗീതത്തിൽ സന്ധ്യ ആലപിച്ച ഗാനമാണ് ‘പൂക്കൊടിയിൻ പുന്നഗൈ’. വൈരമുത്തുവാണ് പാട്ടിനു വരികൾ കുറിച്ചത്. കാലമേറെ കഴിഞ്ഞിട്ടും പാട്ടിന് ഇന്നും ആരാധകരും ആസ്വാദകരും ഏറെയാണ്. ബിനീതയുടെ കവർ പതിപ്പും സമൂഹമാധ്യമലോകം ഏറ്റെടുത്തുകഴിഞ്ഞു.