‘വെറുതെ തോന്നുന്നതൊന്നുമല്ല, നല്ല ഉറപ്പുണ്ട്’; കോപ്പിയടി വിവാദത്തിൽ പ്രതികരിച്ച് ഹരീഷ് ശിവരാമകൃഷ്ണൻ
Mail This Article
കാന്താരയിലെ ‘വരാഹ രൂപം’ പാട്ടിനെതിരെ കോപ്പിയടി ആരോപണം ഉന്നയിച്ച പ്രമുഖ സംഗീത ബാൻഡ് തൈക്കുടം ബ്രിഡ്ജിനെ പിന്തുണച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഹ്രസ്വ കുറിപ്പിലൂടെയാണ് ഹരീഷിന്റെ പ്രതികരണം.
‘വരാഹ രൂപം എന്ന പാട്ട് തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന പാട്ടിന്റെ 90 ശതമാനം ഓർക്കസ്ട്രൽ അറേഞ്ച്മെന്റിന്റെ ക്രെഡിറ്റ് കൊടുക്കാതെ ഉണ്ടാക്കിയ കോപ്പി ആണ്. ഒരേ രാഗം ആയതു കൊണ്ട് വെറുതെ തോന്നുന്നതൊന്നും അല്ല. നല്ല ഉറപ്പുണ്ട്’, ഹരീഷ് ശിവരാമകൃഷ്ണൻ കുറിച്ചു.
റിഷഭ് ഷെട്ടി നായകനായെത്തിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിലെ ‘വരാഹ രൂപം’ ദിവസങ്ങൾ കൊണ്ട് ഒരു കോടിയിലധികം പ്രേക്ഷകരെയാണു നേടിയത്. തങ്ങളുടെ ‘നവരസ’ പാട്ട് അതേ പടി പകർത്തിയതാണെന്നും ഉത്തരവാദികൾക്കെതിരെ നിയമവഴിയെ നീങ്ങുമെന്നും തൈക്കുടം ബ്രിഡ്ജ് അറിയിച്ചു.
അതേസമയം കോപ്പിയടി വിവാദത്തിൽ പ്രതികരിച്ച് കാന്താരയുടെ സംഗീതസംവിധായകൻ ബി.അജനീഷ് ലോക്നാഥ് രംഗത്തെത്തി. കോപ്പി അടിച്ചിട്ടില്ലെന്നും ഒരേ രാഗമായതിനാൽ പാട്ടിൽ സമാനതകൾ തോന്നുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സായ് വിഘ്നേഷ് ആണ് കാന്താരയ്ക്കു വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്.