‘നിങ്ങൾക്കറിയുമോ ഇതാരെന്ന്? എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾ കണക്കുപറയേണ്ടി വരും’; അന്ന് സുകുമാരൻ പൊട്ടിത്തെറിച്ചു
Mail This Article
ഉപ്പയുടെ അന്ത്യനാളുകളെ കുറിച്ചുള്ള ഓർമകൾക്കൊപ്പം സാബിറ ബാബുരാജിന്റെ മനസ്സിൽ തെളിയുന്ന ഒരു മുഖമുണ്ട്: നടൻ സുകുമാരന്റെ മുഖം.
ബാബുരാജ് അവശനായിക്കിടന്ന കട്ടിലിനരികെ നിന്നുകൊണ്ട് ആശുപത്രി ജീവനക്കാർക്ക് മുന്നിൽ പൊട്ടിത്തെറിക്കുകയാണ് സുകുമാരൻ. "നിങ്ങൾക്കറിയുമോ ഈ കിടക്കുന്നത്ആരെന്ന്? മലയാളികളുടെ എല്ലാമെല്ലാമാണ് ഈ മനുഷ്യൻ. ഇങ്ങനെയാണോ ഇദ്ദേഹത്തെ പരിചരിക്കേണ്ടത്? എന്തെങ്കിലും സംഭവിച്ചുപോയാൽ നിങ്ങൾ കണക്കുപറയേണ്ടി വരും...."
അമിത രക്തസമ്മർദവുമായി ചെന്നൈ കിൽപ്പോക്കിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായിരുന്നുമെലഡിയുടെ സുൽത്താനായ എം.എസ്.ബാബുരാജ്; നാൽപ്പത്താറു വർഷം മുൻപൊരു ഒക്ടോബർ രണ്ടിന്. "തലേന്ന് ഉച്ചഭക്ഷണം കഴിക്കാൻ വേണ്ടി ഓട്ടേരിയിലെ അമ്മാവന്റെ വീട്ടിൽ ചെന്നതാണ് ഉപ്പ." -- ബാബുക്കയുടെ മൂത്ത മകൾ സാബിറയുടെ ഓർമ. "ഊണ് കഴിഞ്ഞയുടൻ എന്തോ അസ്വസ്ഥത തോന്നി. ഒന്ന് ഛർദിച്ചു. അപ്പോൾത്തന്നെ അമ്മാവനും മറ്റുള്ളവരും ചേർന്ന് അടുത്തുള്ള ഒരു ആശുപത്രിയിൽ എത്തിച്ചതായിരുന്നു. അവിടെ ചെന്നപ്പോൾ ആകെയൊരു അവഗണന. ആളെ അറിയാത്തതുകൊണ്ടാവാം. സാധാരണ രോഗികൾക്കു കിട്ടുന്ന പരിചരണം പോലും കിട്ടുന്നില്ല ഉപ്പയ്ക്ക്."
എവിടെനിന്നോ വിവരമറിഞ്ഞ് സുകുമാരൻ സ്ഥലത്തെത്തുന്നത് ആ ഘട്ടത്തിലാണ്. അപ്രതീക്ഷിതമായ വരവ്. സിനിമയിൽ ഉയരങ്ങളിലേക്കുള്ള യാത്ര തുടങ്ങിയിരുന്നതേ ഉള്ളൂ അദ്ദേഹം. "സുകുമാരൻ മാത്രമേ സിനിമാരംഗത്തു നിന്ന് കിൽപ്പോക്കിലെ ആശുപത്രിയിൽ എത്തിയുള്ളൂ എന്നാണ് അമ്മാവനിൽ നിന്ന് അറിയാൻ കഴിഞ്ഞത്. ഉപ്പയുടെ കിടപ്പ് കണ്ട് രോഷാകുലനായി അദ്ദേഹം. കുറച്ചകലെയുള്ള ഗവ ജനറൽ ആശുപത്രിയിലേക്ക് ഉടനടി അദ്ദേഹത്തെ മാറ്റാൻ മുൻകൈയെടുത്തതും സുകുമാരൻ തന്നെ." സിനിമയിൽ ഭാഗ്യപരീക്ഷണത്തിനായി പഴയ മദ്രാസിൽ വന്നിറങ്ങിയ കാലത്ത് ശേഖർ ലോഡ്ജിലെ ബാബുക്കയുടെ മുറിയിൽ നിത്യസന്ദർശകനായിരുന്നു സുകുമാരൻ എന്നത് അധികമാർക്കും അറിയാത്ത കാര്യം. "ഉപ്പയ്ക്കും വലിയ ഇഷ്ടമായിരുന്നു അദ്ദേഹത്തെ."
ബാബുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരമറിഞ്ഞു സാബിറയുടെ ഭർത്താവ് ഇബ്രാഹിമും പിതാവ് മുഹമ്മദും സ്ഥലത്തെത്തിയിരുന്നു അപ്പോഴേക്കും. കോഴിക്കോട്ടെ ബാബുക്കയുടെ വീട്ടിൽ ഫോണില്ല അന്ന്. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ചെന്നൈയിൽ നിന്ന് വിളിച്ചറിയിച്ചത് പി.വി.ഗംഗാധരന്റെ ഉടമസ്ഥതയിലുള്ള സംഗം തിയേറ്ററിലേക്ക്. അസുഖവാർത്ത അറിഞ്ഞയുടൻ മക്കളായ ജബ്ബാറിനേയും ഷംനയെയും കൂട്ടി ചെന്നൈയിലേക്ക് പുറപ്പെടുന്നു ബാബുരാജിന്റെ ഭാര്യ ബിച്ച. ജബ്ബാറിന് പതിനാലും ഷംനക്ക് നാലും വയസ്സാണ് അന്ന് പ്രായം.
സർക്കാർ ആശുപത്രിയിൽ കൊണ്ടുചെന്നിട്ടും സമീപനം പഴയതു തന്നെ. ജനറൽ വാർഡിലാണ് ആദ്യം കിടത്തിയത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ ഭാസ്കരൻ മാഷും രാഘവൻ മാഷും രാമു കാര്യാട്ടും എം.ഒ.ജോസഫും ഉൾപ്പെടെയുള്ളവർ ഉടനടി ആശുപത്രി അധികൃതരെ വിളിച്ചു പ്രതിഷേധം അറിയിക്കുന്നു. മുഖ്യമന്ത്രി എംജിആർ കൂടി ഇടപെട്ടതോടെ ചിത്രം ആകെ മാറി. ജനറൽ വാർഡിൽ നിന്ന് ബാബുക്കയെ പ്രത്യേക മുറിയിലേക്കു മാറ്റുന്നു. പുറത്തുനിന്ന് എക്‌സ്‌റേ മെഷിൻ വരെ ജനറൽ ആശുപത്രിയിലെത്തുന്നു. പക്ഷേ അപ്പോഴേക്കും ബോധാബോധതലങ്ങളിലൂടെയുള്ള അവസാന യാത്ര തുടങ്ങിയിരുന്നു മലയാളികളുടെ പ്രിയപ്പെട്ട "പാമരനാം പാട്ടുകാരൻ." 1978 ഒക്ടോബർ ഏഴിനായിരുന്നു വിയോഗം.
മരണംവന്ന് ബാബുരാജിനെ കൂട്ടികൊണ്ടുപോകുമ്പോൾ ബിച്ചയും ഇബ്രാഹിമുണ്ട് തൊട്ടടുത്ത്. സിനിമാരംഗത്തെ പ്രമുഖരും ഉടനടി സ്ഥലത്തെത്തി. "ആരും നോക്കാനില്ലാതെ ആശുപത്രി വരാന്തയിൽ കിടന്നു നരകിച്ചു മരിക്കുകയായിരുന്നു ഉപ്പ എന്ന് ഇയ്യിടെ ചിലരൊക്കെ പ്രസംഗിച്ചുകേട്ടപ്പോൾ സങ്കടം തോന്നി. സത്യം മറിച്ചാണല്ലോ..."-- ബാബുക്കയുടെ പ്രിയപ്പെട്ട "സാബൂട്ടി" ആയിരുന്ന സാബിറയുടെ വാക്കുകൾ.
അവസാനമായി ചെന്നൈയിലേക്കു വണ്ടി കയറും മുൻപ് ഉപ്പയെ കാണാൻ പറ്റിയില്ലല്ലോ എന്ന ദുഃഖം ഇന്നുമുണ്ട് സാബിറയ്ക്ക്. "ഹരിഹരന്റെ യാഗാശ്വം എന്ന പടത്തിന്റെ റെക്കോർഡിങ്ങിനു പുറപ്പെടുമ്പോൾ യാത്രയയ്‌ക്കാൻ ഞാനും ഉണ്ടാവണമെന്ന് ഉപ്പയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. ചെറിയ പെരുന്നാൾ കാലമായിരുന്നതിനാൽ എനിക്ക് ഭർത്താവിനെ വിട്ട് വരാൻ മടി. മദ്രാസിലേക്കു തിരിക്കും മുൻപ് ഉപ്പ പറഞ്ഞ വാക്കുകൾ പിന്നീട് ഉമ്മയിൽ നിന്ന് കേട്ടപ്പോഴാണ് അദ്ദേഹത്തിന്റെ ഹൃദയം എത്രമാത്രം വേദനിച്ചിരിക്കുമെന്ന് ഞാനറിഞ്ഞത്: കുട്ടികളെ കല്യാണം കഴിച്ചയച്ചാൽ പിന്നെ നമ്മളൊന്നും അവർക്ക് വേണ്ടാതാകും, അല്ലേ?" ഉപ്പയുടെ വാക്കുകൾ ഇന്നും തന്റെ കണ്ണുകൾ ഈറനണിയിക്കാറുണ്ടെന്ന് സാബിറ. പിന്നീട് മകൾ കാണുന്നത് ഉപ്പയുടെ ചേതനയറ്റ ദേഹമാണ്.
സഹോദരങ്ങൾക്കൊന്നുമില്ലാത്ത ഒരപൂർവ സൗഭാഗ്യം ലഭിച്ചിട്ടുണ്ട് സാബിറയ്ക്ക്. പിതാവിനൊപ്പം സ്റ്റേജിൽ പാടാനുള്ള നിയോഗം. "തലശ്ശേരിയിലെ ഒരു കല്യാണച്ചടങ്ങിൽ ഉപ്പയുടെ ഗാനമേള നടക്കുന്നു. ഉപ്പയും ഞാനും ചേർന്നാണ് "സാവൻ കാ മഹീനാ'' എന്ന ഗാനം പാടിയത്. ഉപ്പ വേറെയും പാട്ടുകൾ പാടി; ഖവാലിയും മറ്റും. ഒടുവിൽ ആളുകൾ സ്റ്റേജിൽ കയറിവന്ന് അദ്ദേഹത്തെ മത്സരിച്ചു നോട്ടുമാല അണിയിച്ചത് മറക്കാനാവില്ല.''
മദിരാശിയിൽ നിന്ന് ഓരോ തവണയും വീട്ടിൽ വരുമ്പോൾ കൈനിറയെ മൂർ മാർക്കറ്റിൽ നിന്ന് വാങ്ങിക്കൂട്ടിയ സാധനങ്ങളായിരിക്കും. ഏറെയും അപൂർവമായ കളിപ്പാട്ടങ്ങൾ. കൂട്ടുകാർക്കും വീട്ടുകാർക്കും വേണ്ടി ജീവിക്കുന്നതിനിടെ തനിക്ക് വേണ്ടി ജീവിക്കാൻ ഉപ്പ മറന്നുപോയി -- സാബിറയുടെ കണ്ണുകൾ നിറയുന്നു.
ഏകാന്തതയിൽ ഇന്നും സാബിറയ്ക്കു കൂട്ട് ഉപ്പ സൃഷ്ടിച്ച കാലാതിവർത്തിയായ ഗാനങ്ങൾ തന്നെ: വാസന്തപഞ്ചമി നാളിൽ, താമസമെന്തേ വരുവാൻ, ഇരുകണ്ണീർ തുള്ളികൾ, പാതിരാവായില്ല, കണ്ണീരും സ്വപ്നങ്ങളും, താമരത്തോണിയിൽ താലോലമാടി... അങ്ങനെ നൂറുനൂറ് ഈണങ്ങൾ.