പ്രാഥമിക വിപണിയെ അടുത്തറിയാം
Mail This Article
കമ്പനികളുടെ രൂപീകരണ സമയത്തു പുറത്തിറക്കുന്ന പുത്തൻ ഓഹരികളാണ് പ്രൈമറി മാർക്കറ്റിൽ കൈകാര്യം ചെയ്യപ്പെടുന്നതെങ്കിൽ സ്വരൂപിക്കപ്പെട്ട മൂലധനം ഉപയോഗിച്ച് പ്രവർത്തനം നടത്തിവരുന്ന നിലവിലുള്ള കമ്പനികളിലെ ഓഹരികളുടെ ക്രയവിക്രയമാണ് സെക്കൻഡറി മാർക്കറ്റിൽ നടക്കുന്നത്. മൂലധന സമാഹരണം ലക്ഷ്യമിട്ട് ‘ഇനീഷ്യൽ പബ്ലിക് ഓഫർ’ അഥവാ ഐപിഒ വഴി പ്രൈമറി മാർക്കറ്റിലെ നിക്ഷേപകരെ ലക്ഷ്യമാക്കി പുറത്തിറക്കുന്ന ഓഹരികൾ ഫേസ് വാല്യു അഥവാ മുഖവിലയ്ക്കോ അതല്ലെങ്കിൽ ഫേസ് വാല്യൂവിനെക്കാൾ ഉയർന്ന വിലയ്ക്ക് പ്രീമിയത്തിലോ, ഫേസ് വാല്യൂവിലും താഴെ ഡിസ്കൗണ്ട് വിലയ്ക്കോ (വളരെ അപൂർവമായി മാത്രമാണ് ഇത്തരത്തിൽ സംഭവിക്കാറുള്ളത്) ലഭ്യമാകുന്നു. റീട്ടെയിൽ നിക്ഷേപകർക്ക് അനുവദിക്കപ്പെട്ട അനുപാതത്തിലാണ് ഓഹരികൾ അലോട്ട് ചെയ്യപ്പെടുന്നത്.
സ്വരൂപിക്കപ്പെട്ട മൂലധനം ഉപയോഗിച്ച് പ്രവർത്തനം ആരംഭിക്കുന്ന കമ്പനിയുടെ തുടർന്നുള്ള പ്രവർത്തന മികവ് അടിസ്ഥാനമാക്കിയാണ് ഓഹരിവില കൂടുകയോ കുറയുകയോ ചെയ്യുന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കമ്പനികളുടെ ഓഹരികൾക്ക് സ്വാഭാവികമായും നിക്ഷേപകർക്കിടയിൽ ഡിമാൻഡ് കൂടുതലായിരിക്കും.
മറിച്ചാണെങ്കിൽ പ്രസ്തുത കമ്പനിയുടെ ഓഹരി വാങ്ങാൻ ആവശ്യക്കാർ ഉണ്ടാകണമെന്നില്ല. ഏവർക്കും സുപരിചിതമായ ഒരു കമ്പനിയുടെ കാര്യം തന്നെ ഇവിടെ ഉദാഹരണമായി എടുക്കാം.
2003 ജൂണിലാണ് രാജ്യത്തെ പ്രമുഖ മോട്ടർ കാർ നിർമാതാക്കളായ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് 5 രൂപ മുഖവിലയുള്ള ഓഹരികൾ 120 രൂപ പ്രീമിയം ചേർത്ത്, അതായത് ഓഹരിയൊന്നിന് 125 രൂപ നിരക്കിൽ പബ്ലിക് ഇഷ്യൂ നടത്തിയത്. വമ്പൻ സ്വീകരണമായിരുന്നു പ്രൈമറി മാർക്കറ്റിൽ ഈ ഇഷ്യൂവിന് നിക്ഷേപകർ നൽകിയത്. പുറത്തിറക്കാൻ ഉദ്ദേശിച്ച ഓഹരികളുടെ എണ്ണത്തിന്റെ ഏതാണ്ട് 13 ഇരട്ടിയോളം വരുന്ന ഓഹരികൾക്കായി അപേക്ഷകൾ സമർപ്പിക്കപ്പെട്ടു. നിക്ഷേപകരുടെ പ്രതീക്ഷകൾ അസ്ഥാനത്തായില്ല.
വർഷങ്ങൾക്കിപ്പുറവും ഇന്ത്യയിലെ മുൻനിര കാർ നിർമാതാക്കളായി ശക്തമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന മാരുതിയുടെ ഓഹരിവില ഈ ലേഖനം തയാറാക്കുന്ന വേളയിൽ 8000 രൂപയ്ക്കു മുകളിലാണ്.
മാരുതിയുടെ വിജയകഥ ഉദാഹരിക്കുമ്പോഴും മറിച്ചുള്ള അനുഭവം നിക്ഷേപകർക്ക് നൽകിയ ധാരാളം ഐപിഒകളും ഇന്ത്യൻ വിപണിയിൽ വന്നുപോയിട്ടുണ്ടെന്ന വസ്തുതയും ഓർക്കേണ്ടതുണ്ട്.
2011–21 കാലഘട്ടങ്ങളിൽ ഏതാണ്ട് 270ൽ പരം ഐ പി ഒകളാണ് അവതരിപ്പിക്കപ്പെട്ടത്. അവയിൽ ഏതാനും ചില ഐ പി ഒകളുമായി ബന്ധപ്പെട്ട വിവരങ്ങളും അവയുടെ വിലയിലുണ്ടായ വ്യതിയാനങ്ങൾ എപ്രകാരമാണെന്നും പരിശോധിക്കുന്നത് കൗതുകകരമായിരിക്കും.
പ്രാഥമിക വിപണിയിൽ ഐപിഒ വഴി പുത്തൻ കമ്പനികളുടെ ഓഹരികൾക്കായി അപേക്ഷിക്കേണ്ട രീതിയും തുടർന്നുള്ള നടപടിക്രമങ്ങളും അടുത്ത ലക്കത്തിൽ .
കെ.സി.ജീവൻകുമാർ (ഹെഡ് ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സർവീസസ്, ജിയോജിത്)
Content highlights: Indian Market, IPO, Maruthi