മിൽമ ഉൽപന്നങ്ങൾക്ക് ഒരേ ഡിസൈൻ, വില
Mail This Article
തിരുവനന്തപുരം ∙ മിൽമയുടെ പാൽ, തൈര്, നെയ്യ്, ഫ്ലേവേഡ് മിൽക്ക് എന്നിവ ഇനി സംസ്ഥാനത്തൊട്ടാകെ ലഭിക്കുക ഒരേ ഡിസൈനിലുള്ള പാക്കിങ്ങിലും തൂക്കത്തിലും വിലയിലും ഗുണനിലവാരത്തിലും. വിപണി മൂല്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഏകീകൃത സ്വഭാവത്തോടെ പുറത്തിറക്കുന്ന നാല് ഉൽപന്നങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിപണിയിൽ അവതരിപ്പിച്ചു. മറ്റു മിൽമ ഉൽപന്നങ്ങളും സമാന രീതിയിൽ വൈകാതെ വിപണിയിലെത്തും.
‘‘ദേശീയതലത്തിലെ പാൽ സംഭരണത്തിലെ വളർച്ച 6.4% ആണെങ്കിൽ കേരളത്തിൽ 12.5% ആണ്. മൂല്യവർധിത ഉൽപന്നങ്ങളുടെ നിർമാണവും വൈവിധ്യവൽക്കരണവും കൊണ്ടു മാത്രമേ ക്ഷീര മേഖലയുടെ വികസനം സാധ്യമാകൂ. പാൽവില വർധനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 85 ശതമാനത്തോളം ഗുണം ക്ഷീരകർഷകർക്കാണു ലഭിക്കുന്നത്’’–മുഖ്യമന്ത്രി പറഞ്ഞു. ദേശീയ തലത്തിൽ പാൽ ഉൽപാദനത്തിൽ വന്ന കുറവു കേരളത്തെയും ബാധിച്ചിട്ടുണ്ടെന്ന് അധ്യക്ഷത വഹിച്ച മന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കി.
ബ്രാൻഡിങ്ങിന്റെ ഭാഗമായുള്ള 'മിൽമ ഗേൾ' വിഡിയോ മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു. മിൽമ ചെയർമാൻ കെ.എസ്.മണി, ദേശീയ ക്ഷീരവികസന ബോർഡ് മുൻ ചെയർമാൻ ടി. നന്ദകുമാർ, മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാൻ എം.ടി. ജയൻ, തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ. ഭാസുരാംഗൻ, മാനേജിങ് ഡയറക്ടർ ആസിഫ് കെ.യൂസഫ് എന്നിവർ പ്രസംഗിച്ചു. ദേശീയ ക്ഷീരവികസന ബോർഡ് ചെയർമാൻ മീനേഷ് സി. ഷാ ഓൺലൈനായി പങ്കെടുത്തു.