മുഖ്യമന്ത്രി എന്ന മൂലധന നിക്ഷേപം

Mail This Article
സ്വകാര്യ മൂലധനനിക്ഷേപത്തിനു വാതിൽ തുറന്നിട്ടും വിഭവസമാഹരണത്തിനു ജനങ്ങൾക്കുമേൽ ഭാരം കയറ്റുന്നതുൾപ്പെടെയുള്ള ഏതു മാർഗവും സ്വീകരിക്കുമെന്നു പ്രഖ്യാപിച്ചുമാണ് കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനത്തിനു കൊടിയിറങ്ങിയത്. നിർണായകമായ നയംമാറ്റങ്ങൾക്കു സമ്മേളനം പച്ചക്കൊടി കാട്ടിയിരിക്കുന്നു. ഈ മാറ്റങ്ങൾ ഭരണതലത്തിലും കേരളീയ സമൂഹത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കു തുടക്കമാവുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ എന്ന രേഖയെ കേന്ദ്രീകരിച്ചാണു സമ്മേളനം കറങ്ങിയത്. അതോടെ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മൂന്നു വർഷത്തെ പാർട്ടി പ്രവർത്തനങ്ങളുടെ അവലോകന റിപ്പോർട്ട് ഏതാണ്ട് അപ്രസക്തമായി. മുഖ്യമന്ത്രിക്കു പാർട്ടി പൂർണമായും കീഴ്പ്പെടുന്ന കാഴ്ചയാണ് കൊല്ലത്തു കണ്ടത്. മുഖ്യമന്ത്രിയും സർക്കാരും ആഗ്രഹിക്കുന്ന കാര്യങ്ങൾ അംഗീകരിക്കാനും നടപ്പാക്കാനും പ്രചരിപ്പിക്കാനുമുള്ള സംവിധാനമായി പാർട്ടി തൽക്കാലത്തേക്കെങ്കിലും മാറുകയാണ്.
കേരളത്തിലെ പാർട്ടിയെ സംബന്ധിച്ച് ഇതൊരു വലിയ മാറ്റം തന്നെയാണ്. കാരണം, സർക്കാരിന്റെ നയപരമായ ഓരോ തീരുമാനവും പാർട്ടി കൂലംകഷമായി ചർച്ച ചെയ്യുന്ന രീതിയായിരുന്നു മുൻകാലങ്ങളിൽ. വിദേശ വായ്പ, പൊതുമേഖലയോടുള്ള കാഴ്ചപ്പാട്, നേരിട്ടുള്ള വിദേശനിക്ഷേപം തുടങ്ങിയവയെക്കുറിച്ചു കേരളത്തിലടക്കം ആശയപരമായ തർക്കങ്ങൾ ഉയർന്നപ്പോൾ 2005ലെ ഡൽഹി പാർട്ടി കോൺഗ്രസിൽവരെ സംവാദം നടന്നു. അഞ്ചു കോർപറേഷനുകൾക്കുള്ള എഡിബി വായ്പ, കൊച്ചി സ്മാർട് സിറ്റിയിലെ വിദേശനിക്ഷേപം എന്നിവയെക്കുറിച്ചുള്ള തർക്കം 2006ലെ വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ഉണ്ടായപ്പോൾ പൊളിറ്റ്ബ്യൂറോ വീണ്ടും ഇടപെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും നടന്ന ചർച്ചകൾക്ക് ഏകാഭിപ്രായത്തിലെത്താൻ കഴിയാതെ വന്നതോടെയായിരുന്നു ഇത്.
അതിനുപകരം, സംസ്ഥാന കമ്മിറ്റിയിൽപോലും ചർച്ച ചെയ്യാതെ, വൻ നയംമാറ്റത്തിനു വിത്തുപാകുന്ന േരഖ സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി നേരിട്ട് അവതരിപ്പിക്കുകയും അതു പാർട്ടിയുടെ നിലപാടായി മാറുകയും ചെയ്യുന്ന കാഴ്ചയാണ് അരങ്ങേറിയത്. കേരളത്തിലെ ഓരോ നയപ്രശ്നത്തിലും മാർഗനിർദേശികളാകുകയും അവയ്ക്കു വ്യക്തത വരുത്താൻ ശ്രമിക്കുകയും ചെയ്തുപോന്ന കേന്ദ്രനേതൃത്വം വെറും കാഴ്ചക്കാരായി മാറുകയായിരുന്നു. രേഖയിലെ ഇടതുപക്ഷ വിരുദ്ധ സമീപനത്തെക്കുറിച്ചു സമ്മേളനത്തിൽ ചോദ്യങ്ങൾ ഉയരുകയും ചെയ്തു.
വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ പല തട്ടുകളിലാക്കി ഫീസും സെസും ഏർപ്പെടുത്താനുള്ള സുപ്രധാന നയവ്യതിയാനം ‘മലയാള മനോരമ’ പുറത്തുകൊണ്ടുവന്നതിനെത്തുടർന്ന് പാർട്ടി നേതൃത്വം അതിനെ ശക്തിയുക്തം ന്യായീകരിക്കുകയും ‘സെസ് സർവതലസ്പർശി’ ആയിരിക്കുമെന്നുവരെ പറയാൻ മുതിരുകയും ചെയ്യുന്ന കാഴ്ച സാധാരണ പാർട്ടി പ്രവർത്തകരെയും ഇടതുപക്ഷ അനുഭാവികളെയും അതിശയിപ്പിക്കുന്നതായി. സർക്കാർ ആശുപത്രികളിലെ ഒരു രൂപയുടെ ഒപി ടിക്കറ്റ് രണ്ടു രൂപ ആക്കിയപ്പോൾ നൂറു ശതമാനം വർധന ആരോപിച്ച് സമരം അഴിച്ചുവിട്ടവരാണ് ഏതു മേഖലയിലും ഫീസ് കൂട്ടാൻ തയാറാകണമെന്നു വിളംബരം നടത്തിയത്. പൊതുമേഖലയിൽ സ്വകാര്യപങ്കാളിത്തമാകാമെന്ന പ്രഖ്യാപനത്തിനൊപ്പം കേന്ദ്രത്തിന്റെ പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യവത്‍കരണത്തിനെതിരെ സമരം തുടരുമെന്നു പറയാനും സമ്മേളനം മറന്നില്ല.
തുടർഭരണം എന്ന ലക്ഷ്യം വീണ്ടും പ്രഖ്യാപിച്ചുകൊണ്ടാണ് സമ്മേളനം സമാപിച്ചത്. കേരളത്തിന്റെ എല്ലാ മേഖലകളുടെയും വികസനവും എല്ലാ വിഭാഗം ജനങ്ങൾക്കും പുരോഗതിയും പാർട്ടി വാഗ്ദാനം ചെയ്യുമ്പോഴാണ് ആശാ വർക്കർമാർ തുച്ഛമായ വേതന വർധനയ്ക്കായി തെരുവിൽ ഒരു മാസത്തോളമായി സമരം ചെയ്യുന്നത്. വാഗ്ദാനങ്ങൾക്കും യാഥാർഥ്യങ്ങൾക്കുമിടയിലെ പൊള്ളത്തരം ആ സമരത്തിൽ പ്രതിഫലിക്കുകയാണ്.
തുടർഭരണം പാർട്ടിയിൽ ഉണ്ടാക്കിയിരിക്കുന്ന പുഴുക്കുത്തുകളെക്കുറിച്ചു സമ്മേളനം അംഗീകരിച്ച പ്രവർത്തന റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നുണ്ട്. ആ ജീർണതകളും അവധാനതയില്ലാതെ എടുക്കുന്ന തീരുമാനങ്ങളും ബംഗാളിന്റെ വഴിയിലേക്കാകും പാർട്ടിയെ നയിക്കുക എന്ന മുന്നറിയിപ്പും ഉയർന്നുകേട്ടു. അതെല്ലാം തൽക്കാലം മാറ്റിവയ്ക്കാം, അധികാരം നിലനിർത്താനുള്ള മാർഗം നോക്കാം എന്നാണ് സമ്മേളനത്തിന്റെ രാഷ്ട്രീയ സന്ദേശം. 75 വയസ്സ് പിന്നിട്ട ഉന്നതരായ നേതാക്കളെയടക്കം നേതൃത്വത്തിൽനിന്നു മാറ്റിയും പുതുമുഖങ്ങൾക്ക് അവസരം നൽകിയും പാർട്ടി ‘പുതുവഴികൾ’ തേടിയിട്ടുണ്ട്. പാർട്ടിയിൽ വിഭാഗീയത അവസാനിച്ചുവെന്ന അവകാശവാദവുമായാണ് എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായി വീണ്ടും സ്ഥാനമേൽക്കുന്നത്. അനുഭവസമ്പത്ത് ഇല്ലാത്ത മന്ത്രിമാർ നിറഞ്ഞ രണ്ടാം പിണറായി മന്ത്രിസഭ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്ന വിമർശനം ഈ സമ്മേളനത്തിലും ഉയർന്ന സാഹചര്യത്തിൽ സംഘടനയിൽ തുടരുന്ന പരീക്ഷണങ്ങൾ ഗുണമോ ദോഷമോ എന്നു കാലമാണ് തെളിയിക്കേണ്ടത്.