പൂനവാലയാണെന്ന് പറഞ്ഞ് സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒരു കോടി തട്ടി!
Mail This Article
മുംബൈ ∙ വാക്സീൻ നിർമാതാക്കളായ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാർ പൂനവാലയാണെന്ന വ്യാജേന ഓൺലൈൻ തട്ടിപ്പുകാർ സീറം കമ്പനിയിൽ നിന്ന് ഒരു കോടി രൂപ അടിച്ചെടുത്തു. പണം കൈമാറാൻ നിർദേശിച്ച് അദാർ പൂനവാലയുടേതെന്ന പേരിൽ കമ്പനി ഡയറക്ടർ സതീഷ് ദേശ്പാണ്ഡെയ്ക്കാണ് വാട്സാപ് സന്ദേശം ലഭിച്ചത്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും ഒപ്പമുണ്ടായിരുന്നു. പൂനവാല തന്നെയാണ് സന്ദേശം അയച്ചതെന്നു കരുതി ഉടൻ പണം ട്രാൻസ്ഫർ ചെയ്യാൻ നിർദേശിച്ച് ദേശ്പാണ്ഡെ ഫിനാൻസ് വിഭാഗത്തിനു സന്ദേശം ഫോർവേഡ് ചെയ്തു. 1.01 കോടി രൂപയാണ് ഇതനുസരിച്ച് കൈമാറിയത്.
പിന്നീടാണ് തട്ടിപ്പു തിരിച്ചറിഞ്ഞതും പുണെ പൊലീസിൽ പരാതി നൽകിയതും. അന്വേഷണം പുരോഗമിക്കുകയാണെന്നു പൊലീസ് അറിയിച്ചു. കൊറോണ വൈറസിനെതിരയുളള കോവിഷീൽഡ് അടക്കമുള്ള വാക്സീനുകളുടെ നിർമാതാക്കളാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട്.
English Summary: Adar Poonawalla’s Serum Institute Duped of Rs 1 Cr by Scammers Posing as Adar Poonawalla