തെലങ്കാനയിൽ ആർത്തിരമ്പുന്നു രേവന്ത് എന്ന കൊടുങ്കാറ്റ്

Mail This Article
ആൾക്കൂട്ടങ്ങളുടെ നായകനാണ് തെലങ്കാന പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡി. എത്തുന്നിടമെല്ലാം ആൾക്കൂട്ടത്തിന്റെ കടൽ. ചെറിയ യോഗങ്ങളിൽ പോലും കാത്തുനിൽക്കുന്ന പതിനായിരങ്ങൾ. പ്രസംഗം കഴിഞ്ഞു താഴെയിറങ്ങാൻ സമ്മതിക്കാതെ ജനം പൊതിയുന്നു. യുവാക്കളാണ് ഏറെയും. രാജ്യത്തെ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മൽകജ്ഗിരി മണ്ഡലത്തിലെ എംപി, നാലും അഞ്ചും ലക്ഷം പേരെ അണിനിരത്തുന്ന മഹാറാലികളുടെ സംഘാടകൻ. ആൾക്കൂട്ടം രേവന്തിനും ഊർജം പകരുന്നു.
സ്വന്തം മണ്ഡലമായ കൊടങ്കലിലായിരുന്നു ഇന്നലെ രേവന്ത് റെഡ്ഡിയുടെ പ്രചാരണം. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചെറുസംഘങ്ങളായി മെഹഹുബ് നഗർ ജില്ലയിലെ മദ്ദൂർ ടൗണിലേക്ക് ജനമൊഴുകി. അടുത്തിടെ വീതികൂട്ടിയ റോഡിൽ ഇടമില്ലാതായതോടെ, റോഡ് വികസനത്തിനായി പാതിപൊളിച്ച കെട്ടിടങ്ങളുടെ മുകളിലേക്ക് ജനക്കൂട്ടം കയറി. രേവന്ത് എത്തിയപ്പോഴേക്കും ആവേശത്തിന്റെ തിരയിളക്കം. ആർപ്പുവിളികൾ. കടൽ പോലെ ജനം; കാറ്റിൽ ഉലയാത്ത നൗകയുടെ മുകൾത്തട്ടിൽ കപ്പിത്താനെപ്പോലെ ട്രക്കിനു മുകളിലൊരുക്കിയ സ്റ്റേജിൽ രേവന്ത് റെഡ്ഡി. രേവന്തിന്റെ പ്രസംഗത്തിനിടെ പലവട്ടം ജനം കൈകളുയർത്തി.
ഓരോ വാക്കും അണികളിൽ ഊർജം നിറയ്ക്കുന്നു. കെസിആർ പറഞ്ഞത് എന്തെങ്കിലും നിങ്ങൾക്കു കിട്ടിയോ എന്നു ചോദിക്കുമ്പോൾ ഇല്ല എന്നു ജനത്തിന്റെ മറുപടി. ഓരോ വാഗ്ദാനങ്ങളും എണ്ണിയെണ്ണി ചോദിക്കുന്നു. കോൺഗ്രസിന്റെ 6 ഉറപ്പുകൾ ഓർമിപ്പിക്കുന്നു. മുഖ്യമന്ത്രിയും കുടുംബവും ജനത്തിന്റെ പണം കൊള്ളയടിക്കുകയാണന്നു പറയുമ്പോൾ രോഷം ചിതറുന്നു. ഒടുവിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം പലവട്ടം ഉറക്കെ വിളിക്കുന്നു. അണികൾ ഏറ്റുവിളിക്കുന്നു.
രേവന്തിന്റെ ചുമലിലേറിയാണു തെലങ്കാനയിൽ കോൺഗ്രസ് ഉയിർപ്പ് തേടുന്നത്. പ്രതിപക്ഷ നേതാവ് മല്ലു ഭട്ടി വിക്രമാർഗയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ച എൻ. ഉത്തംകുമാർ റെഡ്ഡിയുമെല്ലാം പ്രചാരണം സ്വന്തം മണ്ഡലങ്ങളിലേക്കു ചുരുക്കിയപ്പോൾ സംസ്ഥാനമാകെ പ്രചാരണം നടത്തുന്നത് രേവന്ത് റെഡ്ഡിയാണ്. എല്ലാ മണ്ഡലങ്ങളിലൂടെയും സഞ്ചരിക്കുന്ന വിജയഭേരി യാത്രയ്ക്കിടെയാണ് രേവന്ത് ഇന്നലെ സ്വന്തം മണ്ഡലത്തിൽ വോട്ടു ചോദിക്കാനെത്തിയത്.
തെലങ്കാന സംസ്ഥാനം രൂപീകരിച്ചതോടെ നഷ്ടമായ പ്രതാപം തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണു കോൺഗ്രസ് നടത്തുന്നതെങ്കിൽ, കൊടങ്കലിൽ കൈവിട്ടുപോയ തട്ടകം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് രേവന്ത്. 2009, 2014 തിരഞ്ഞെടുപ്പുകളിൽ കൊടങ്കലിൽ നിന്നുള്ള ടിഡിപി എംഎൽഎയായിരുന്നു രേവന്ത്. 2017 ൽ കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ടിആർഎസിലെ പട്നം നരേന്ദ്ര റെഡ്ഡിയോട് 9319 വോട്ടിനു തോറ്റു. സിറ്റിങ് എംഎൽഎയായ നരേന്ദ്ര റെഡ്ഡി തന്നെ ഇക്കുറി പ്രധാന എതിരാളിയായി എത്തുമ്പോൾ പോരാട്ടത്തിനു വീറും വാശിയുമേറും.
തെലങ്കാന രൂപീകരണത്തിനു ശേഷം കോൺഗ്രസ് ഊർജസ്വലമായത് രേവന്ത് സംസ്ഥാന അധ്യക്ഷനായതിനു ശേഷമാണെന്നു നിരീക്ഷകർ പറയുന്നു. കെ.ചന്ദ്രശേഖർ റാവുവിനെതിരെ നേർക്കുനേർ പോരാടാൻ ശേഷിയുള്ള നേതാവായാണ് ജനം രേവന്തിനെ വിലയിരുത്തുന്നത്. കൊടങ്കലിനു പുറമേ കാമറെഡ്ഡി മണ്ഡലത്തിൽ കെസിആറിനെതിരെ മത്സരിക്കാനിറങ്ങിയതോടെ അത് അക്ഷരാർഥത്തിൽ ശരിയുമായി.
രേവന്തിന്റെ യോഗത്തിനെത്തുന്ന പതിനായിരങ്ങളിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. യോഗം കഴിഞ്ഞും ജനം പ്രചാരണവാഹനത്തിനു പിന്നാലെ ഓടുകയാണ്. രേവന്ത് വിളിച്ചു കൊടുത്ത മുദ്രാവാക്യം അന്തരീക്ഷത്തിൽ മുഴങ്ങുന്നു– ‘ മാർപു കവാലി, കോൺഗ്രസ് രാവാലി (മാറ്റം വേണം, കോൺഗ്രസ് വരണം)