തെലങ്കാന: കോൺഗ്രസ് പ്രകടനപത്രികയിൽ വാരിക്കോരി പൊന്നും പണവും
Mail This Article
ഹൈദരാബാദ് ∙ പൊന്നും പണവും വാരിക്കോരി പ്രഖ്യാപിച്ചു തെലങ്കാനയിൽ കോൺഗ്രസിന്റെ പ്രകടനപത്രിക. ഹിന്ദു വിഭാഗത്തിലെ പെൺകുട്ടികൾക്കു 10 ഗ്രാം സ്വർണവും ഒരു ലക്ഷം രൂപയും ന്യൂനപക്ഷക്കാർക്ക് 1.6 ലക്ഷം രൂപയും വിവാഹസമ്മാനം നൽകുമെന്നാണു കോൺഗ്രസ് വാഗ്ദാനം. വനിതകൾക്കു പ്രതിമാസം 2500 രൂപ, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, എല്ലാ കുടുംബങ്ങൾക്കും 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, കർഷകർക്ക് പ്രതിവർഷം 15,000 രൂപയുടെ നിക്ഷേപ സഹായം, 4000 രൂപയുടെ സാമൂഹിക പെൻഷൻ, 10 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് കവറേജ് എന്നിവയാണ് 6 പ്രധാന വാഗ്ദാനങ്ങൾ.
കാർഷികാവശ്യത്തിന് 24 മണിക്കൂറും സൗജന്യ വൈദ്യുതി, അധികാരത്തിലെത്തി 6 മാസത്തിനകം അധ്യാപക ഒഴിവു നികത്താൻ മെഗാ നിയമന മേള, കാർഷിക വായ്പകൾ, തെലങ്കാന സംസ്ഥാന രൂപീകരണ ആവശ്യവുമായി നടന്ന സമരത്തിലെ രക്തസാക്ഷി കുടുംബങ്ങൾക്ക് 25,000 രൂപ പെൻഷൻ, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കൽ, മുഖ്യമന്ത്രിയുടെ ക്യാംപ് ഓഫിസിൽ പ്രജാസഭ എന്നിങ്ങനെ വാഗ്ദാനങ്ങളും അഭയഹസ്തം എന്ന പേരിൽ മല്ലികാർജുൻ ഖർഗെ പുറത്തിറക്കിയ പ്രകടനപത്രികയിലുണ്ട്.