മധ്യപ്രദേശ്, ഛത്തീസ്ഗഡ് അഴിച്ചുപണി: ലോക്സഭാ പോരിനിറങ്ങുക ‘ടീം ഹൈക്കമാൻഡ്’; മധ്യപ്രദേശിൽ കമൽനാഥ് തിരശീലയ്ക്കു പിന്നിലേക്ക്
Mail This Article
ന്യൂഡൽഹി ∙ മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ കോൺഗ്രസ് നേതൃത്വം അഴിച്ചുപണിതതിലൂടെ ഹൈക്കമാൻഡ് നടപ്പാക്കിയതു പുതിയ ടീമിനെ അണിനിരത്തി ലോക്സഭാ തിരഞ്ഞെടുപ്പു നേരിടാനുള്ള തീരുമാനം. മധ്യപ്രദേശിലെ നേതൃപദവികളിൽനിന്നു കമൽനാഥിനെ നീക്കിയതോടെ, സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ മുഖമായിരുന്ന മുതിർന്ന നേതാക്കളിൽ ഒരാൾകൂടി തിരശീലയുടെ പിന്നിലേക്കു മറയുകയാണ്. ഇന്ദിര, രാജീവ് ഗാന്ധി കാലഘട്ടങ്ങളിൽ ഹിന്ദിഹൃദയഭൂമിയിലെ രാഷ്ട്രീയത്തിൽ ഉദയംചെയ്ത നേതാക്കളുടെ നിരയിൽ ഇനി നേതൃസ്ഥാനങ്ങളിൽ ബാക്കിയുള്ളത് അശോക് ഗെലോട്ടും (രാജസ്ഥാൻ) ഭൂപീന്ദർ സിങ് ഹൂഡയും (ഹരിയാന) മാത്രം.
നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചുക്കാൻ സുനിൽ കനുഗോലുവിന്റെ ടീമിനെ ഏൽപിക്കാനുള്ള ഹൈക്കമാൻഡ് തീരുമാനം മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ അട്ടിമറിക്കപ്പെട്ടു. കോൺഗ്രസ് ജയിച്ച തെലങ്കാനയിൽ മാത്രമാണു കനുഗോലുവിനും സംഘത്തിനും പൂർണ പ്രവർത്തനസ്വാതന്ത്ര്യം ലഭിച്ചത്.
തിരഞ്ഞെടുപ്പു തോൽവിയുണ്ടായ സംസ്ഥാനങ്ങളിലെ നേതാക്കൾ ഹൈക്കമാൻഡിനെ മറികടന്ന് സ്വന്തംനിലയിൽ നടത്തിയ നീക്കങ്ങൾ ഇങ്ങനെ:
∙മധ്യപ്രദേശ്
കനുഗോലുവിനെ പറപ്പിച്ചു
തിരഞ്ഞെടുപ്പു തന്ത്രങ്ങൾ രൂപീകരിക്കാനും സ്ഥാനാർഥിനിർണയത്തിനുള്ള അഭിപ്രായങ്ങൾ നൽകാനും കനുഗോലുവിന്റെ ‘മൈൻഡ്ഷെയർ അനലിറ്റിക്സ്’ ടീമിനെയാണു ഹൈക്കമാൻഡ് നിയോഗിച്ചിരുന്നത്.
കമൽനാഥിന്റെ മകൻ നകുൽനാഥ് എംപിയുടെ ഭോപാലിലെ ബംഗ്ലാവിൽ ടീം ഓഫിസ് സജ്ജമാക്കി. രാഷ്ട്രീയക്കാരല്ലാത്തവർ തന്ത്രങ്ങൾ രൂപീകരിക്കുന്നതിനോടു തുടക്കം മുതൽ എതിരായിരുന്ന കമൽനാഥ് സെപ്റ്റംബർ അവസാനം ടീമിനോടു സ്ഥലംവിടാൻ നിർദേശിച്ചു. തന്ത്രരൂപീകരണവും സ്ഥാനാർഥിനിർണയവും താൻ ചെയ്തോളാമെന്നും അറിയിച്ചു. 3 ദിവസത്തിനകം ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ട കമൽനാഥുമായി തെറ്റിപ്പിരിഞ്ഞ ടീം ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഭോപാൽ വിട്ടു.
∙രാജസ്ഥാൻ
കനുഗോലുവിനെ അടുപ്പിച്ചില്ല
കനുഗോലുവിന്റെ ടീമിനെ അശോക് ഗെലോട്ട് സംസ്ഥാനത്ത് അടുപ്പിച്ചില്ല. തിരഞ്ഞെടുപ്പു തന്ത്രങ്ങൾ രൂപീകരിക്കാൻ ‘ഡിസൈൻ ബോക്സ്’ എന്ന കൺസൽറ്റൻസി സ്ഥാപനത്തെ ഗെലോട്ട് സ്വന്തം നിലയിൽ നിയോഗിച്ചു. ജനവിരുദ്ധവികാരം നേരിടുന്ന നാൽപതോളം എംഎൽഎമാർക്കു ടിക്കറ്റ് നൽകരുതെന്ന ഹൈക്കമാൻഡ് നിർദേശം ഗെലോട്ട് അംഗീകരിച്ചില്ല. ഇതിൽ ഭൂരിഭാഗം പേരും തോറ്റു.
∙ഛത്തീസ്ഗഡ്
കനുഗോലു പേരിനു മാത്രം
കോൺഗ്രസിന്റെ അണിയറയിൽ കരുത്താർജിക്കുന്ന പ്രിയങ്ക ഗാന്ധി ടീമിന്റെ സജീവ ഇടപെടൽ ഛത്തീസ്ഗഡിൽ നടന്നു. പ്രിയങ്കയുടെ പഴ്സനൽ സെക്രട്ടറി സന്ദീപ് സിങ്ങിന്റെ നേതൃത്വത്തിലാണു തിരഞ്ഞെടുപ്പുതന്ത്രങ്ങൾ രൂപീകരിച്ചത്. സ്ഥാനാർഥിനിർണയത്തിൽ കനുഗോലുവിന്റെ ടീം നൽകിയ ചില നിർദേശങ്ങൾ സ്വീകരിച്ചതൊഴിച്ചാൽ, സന്ദീപിനെയും സംഘത്തെയുമാണ് ഭൂപേഷ് ബാഗേൽ ആശ്രയിച്ചത്.