‘പോയി പഠിച്ചിട്ടു വരൂ’: പോക്സോ പ്രതിയെ വിട്ടയച്ച ജഡ്ജിയോട് ഹൈക്കോടതി

Mail This Article
ബെംഗളൂരു ∙ പ്രതിയെ വിട്ടയച്ച പോക്സോ കോടതി ജഡ്ജിയോട്, ഇത്തരം കേസുകൾ കൈകാര്യം ചെയ്യാനുള്ള പരിശീലനം നേടിയശേഷം വരാൻ കർണാടക ഹൈക്കോടതി ഉത്തരവിട്ടു. ചെയ്തതു ഗുരുതരമായ തെറ്റും മനുഷ്യത്വമില്ലായ്മയുമാണെന്ന് ആഞ്ഞടിച്ച ഹൈക്കോടതി, പ്രതിക്ക് 5 വർഷ തടവു വിധിച്ചു. പീഡിപ്പിക്കപ്പെട്ട ബാലികയ്ക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരവും നൽകണം. കർണാടക ജുഡീഷ്യൽ അക്കാദമിയിലാണു ജഡ്ജി പരിശീലനം നേടേണ്ടത്.
വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന ബാലികയെ പീഡിപ്പിച്ച പ്രതിയെ, ദൃക്സാക്ഷികളില്ലെന്നും കുട്ടിയുടെ ശരീരത്തിൽ മുറിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണു പോക്സോ കോടതി വിട്ടയച്ചത്. ബാലികയുടെ മാതാപിതാക്കളുടെ മൊഴി അവിശ്വസിക്കേണ്ടതില്ലെന്നും ഇത്തരം കേസുകളിൽ സാഹചര്യത്തെളിവുകളെ സാങ്കേതികമായി വിശകലനം ചെയ്യേണ്ടതില്ലെന്നും ഹൈക്കോടതി വിലയിരുത്തി. 2020 ലെ പോക്സോ കോടതി വിധി ചോദ്യം ചെയ്ത് കർണാടക സർക്കാർ നൽകിയ അപ്പീലിലാണു നടപടി.