കർഷകസമരം വീണ്ടും ഏറ്റുമുട്ടൽ പാതയിൽ; പൊലീസ് അതിക്രമത്തിൽ 3 കർഷകരുടെ കാഴ്ച നഷ്ടമായി

Mail This Article
ന്യൂഡൽഹി ∙ കേന്ദ്രസർക്കാരിന്റെ കർഷക–തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ വിവിധ സംഘടനകൾ ഇന്നലെ ആഹ്വാനം ചെയ്ത ‘ഗ്രാമീൺ ഭാരത് ബന്ദ്’ പലയിടത്തും ജനജീവിതത്തെ ബാധിച്ചു. പ്രതിഷധക്കാർ ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഗതാഗതം തടസ്സപ്പെടുത്തി. ഹരിയാനയിലെ ദേശീയപാത 155, 44 എന്നിവിടങ്ങളിൽ ടോൾ പ്ലാസകൾ പ്രവർത്തിക്കാൻ അനുവദിച്ചില്ല. അതേസമയം ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളെ ബന്ദ് ബാധിച്ചില്ല.
ഇതിനിടെ ‘ദില്ലി ചലോ’ പ്രതിഷേധത്തിൽ ഭാഗമായിരുന്ന ഗ്യാൻ സിങ് എന്ന കർഷകൻ പഞ്ചാബ്–ഹരിയാന അതിർത്തിയായ ശംഭുവിൽ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. അതിർത്തിയിൽ മൃതദേഹവുമായി പ്രതിഷേധം നടത്താൻ പദ്ധതിയിട്ടിരുന്നുവെങ്കിലും പട്യാല ജില്ലാഭരണകൂടം കർഷകനേതാക്കളുമായി നടത്തിയ ചർച്ചയെത്തുടർന്ന് അവർ പിന്മാറി. തുടർന്നു സ്വദേശമായ ഗുർദാസ്പുരിലേക്കു മൃതദേഹം കൊണ്ടുപോയി.
ഹരിയാന പൊലീസിന്റെ അതിക്രമത്തിൽ 3 കർഷകരുടെ കാഴ്ച നഷ്ട്ടപ്പെട്ടുവെന്നു പഞ്ചാബ് സർക്കാർ അറിയിച്ചു. ഹരിയാന–പഞ്ചാബ് അതിർത്തിയിലെ ശംഭു, ഖനൂരി എന്നിവിടങ്ങളിലെ പ്രതിഷേധക്കാർക്കു നേരെ പൊലീസ് ടിയർ ഗ്യാസ് ഷെല്ലുകളും റബർ ബുള്ളറ്റുകളും പ്രയോഗിച്ചതിൽ 58 പേർക്കു പരുക്കേറ്റിരുന്നു. ഇതിൽ ചണ്ഡിഗഡിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള 3 പേരുടെ കാഴ്ചയാണു നഷ്ടപ്പെട്ടത്.
വ്യാഴാഴ്ച കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതോടെ കൂടുതൽ കർഷകർ അതിർത്തിയിലേക്ക് എത്തിയിട്ടുണ്ട്. ശംഭു അതിർത്തിയിൽ കർഷകരും പൊലീസും തമ്മിൽ ഇന്നലെയും ഏറ്റുമുട്ടലുണ്ടായി. പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിഞ്ഞു. തിരികെ കണ്ണീർ വാതകം പ്രയോഗിച്ചാണു പൊലീസ് നേരിട്ടത്. നാളെ കർഷക നേതാക്കളുമായി വീണ്ടും ചർച്ച നടത്തുമെന്നാണു കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച രാത്രിയിലെ ചർച്ച 3 മണിക്കൂറിലേറെ നീണ്ടുവെങ്കിലും കൃത്യമായ തീരുമാനത്തിലെത്താൻ സാധിച്ചിരുന്നില്ല. ചർച്ചയിൽ പുരോഗതിയുണ്ടെന്നും സമരം അവസാനിപ്പിക്കാനുള്ള ശ്രമം തുടരുമെന്നുമാണ് കേന്ദ്ര സർക്കാർ നൽകുന്ന വിവരം.