ദക്ഷിണേന്ത്യയിലും ബിജെപി കരുത്തു കാട്ടുമെന്ന് നഡ്ഡ

Mail This Article
ന്യൂഡൽഹി ∙ ബിജെപി ദക്ഷിണേന്ത്യയിലും കരുത്തുറ്റ പാർട്ടിയാണെന്നു ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഭാരത് മണ്ഡപത്തിൽ ആരംഭിച്ച പാർട്ടി ദേശീയ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വനിതാ സംവരണ ബിൽ പാസാക്കിയതിനും അയോധ്യയിൽ രാമക്ഷേത്രം യാഥാർഥ്യമാക്കിയതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യോഗം അഭിനന്ദിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽക്കണ്ടു വരുന്ന 100 ദിവസം കേന്ദ്രസർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ നഡ്ഡ നേതാക്കളെ ആഹ്വാനം ചെയ്തു. .
ലോക്സഭാ തിരഞ്ഞെടുപ്പിൽ 370 സീറ്റിൽ വിജയം നേടി ശ്യാമപ്രസാദ് മുഖർജി നൽകിയ സംഭവനകൾക്ക് ആദരമർപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃയോഗത്തിൽ പറഞ്ഞു. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, ദേശീയ നിർവാഹക സമിതി അംഗങ്ങൾ, ദേശീയ കൗൺസിൽ അംഗങ്ങൾ, എംപിമാർ, എംഎൽഎമാർ, ജില്ലാ ഭാരവാഹികൾ തുടങ്ങി 11,500 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സമാപനദിവസമായ ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും.
മത്സരത്തിനില്ലെന്ന് സുരേന്ദ്രൻ
ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനമെടുക്കേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ രംഗത്തു ശ്രദ്ധ കേന്ദ്രീകരിക്കാനാണു മത്സരരംഗത്തു നിന്ന് ഒഴിവാകുന്നതെന്നാണു വിവരം. കേരളത്തിൽ മറ്റു 2 മുന്നണികൾക്കും മുൻപു എൻഡിഎ സ്ഥാനാർഥികളെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.