ലക്ഷദ്വീപിൽ തന്ത്രപ്രധാന നാവികത്താവളം; അറബിക്കടലിൽ സുരക്ഷയുടെ ചിറകു വിടർത്തി ഐഎൻഎസ് ജടായു

Mail This Article
മിനിക്കോയ് (ലക്ഷദ്വീപ്)∙ അറബിക്കടലിനു മീതെ സുരക്ഷയുടെ ചിറകു വിടർത്തി ഐഎൻഎസ് ജടായു. ലക്ഷദ്വീപിലെ മിനിക്കോയിയിൽ പുതിയ നാവികത്താവളം പ്രവർത്തനമാരംഭിച്ചു. 1982ൽ തുടങ്ങിയ മിനിക്കോയ് നാവിക ഡിറ്റാച്ച്മെന്റിനാണ് നാവികത്താവളമായി ‘സ്ഥാനക്കയറ്റം’ ലഭിച്ചത്. നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ നാവികത്താവളം കമ്മിഷൻ ചെയ്തു. ഇന്ത്യ–പസഫിക് മേഖലയിൽ തന്ത്രപ്രധാന സ്ഥാനത്താണ് ഐഎൻഎസ് ജടായു സ്ഥിതി ചെയ്യുന്നത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ മുഖ്യാതിഥിയായി. മിനിക്കോയിയിൽ പുതിയ വിമാനത്താവള നിർമാണത്തിനുള്ള ഭരണാനുമതി അന്തിമഘട്ടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
കവരത്തിയിലെ ‘ഐഎൻഎസ് ദ്വീപ് രക്ഷകി’നു ശേഷം ലക്ഷദ്വീപിലെ രണ്ടാമത്തെ നാവികത്താവളമാണ് ഐഎൻഎസ് ജടായു. മാലദ്വീപ് തലസ്ഥാനമായ മാലെയിൽ നിന്നു 463 കിലോമീറ്ററും (250 നോട്ടിക്കൽ മൈൽ) മാലദ്വീപിന്റെ വടക്കൻ ദ്വീപുകളിൽ നിന്നു 121കിലോമീറ്ററും (65 നോട്ടിക്കൽ മൈൽ) മാത്രം അകലെയാണ് നാവികത്താവളം. യുദ്ധവിമാനങ്ങൾ ഇറങ്ങാൻ സൗകര്യമുള്ള എയർ സ്‌ട്രിപ്പും യുദ്ധക്കപ്പലുകൾക്കായുള്ള പ്രത്യേക തുറമുഖവും വൈകാതെ പ്രവർത്തനസജ്ജമാകും.