വാഹനഭാരം ഏഴര ടണ്ണിനു താഴെയെങ്കിൽ ബാഡ്ജ് വേണ്ട; ലൈസൻസ് മതി
Mail This Article
ന്യൂഡൽഹി ∙ ലൈറ്റ് മോട്ടർ വാഹന (എൽഎംവി) ലൈസൻസ് ഉള്ളവർക്ക് ഏഴര ടൺ വരെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങളും ഓടിക്കാമെന്നും അതിനായി ഡ്രൈവർ പ്രത്യേക ‘ബാഡ്ജ്’ നേടേണ്ടതില്ലെന്നും സുപ്രീം കോടതി വിധിച്ചു. 2017–ലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ നിലവിൽ ഇതു തന്നെയാണ് സ്ഥിതിയെങ്കിലും പുനഃപരിശോധനയുണ്ടാകുമോ എന്ന ആശങ്ക ഉയർന്നിരുന്നു. ഇതൊഴിവായത് ഡ്രൈവിങ് ഉപജീവനമാക്കിയവർക്ക് ആശ്വാസമാണ്.
ഇൻഷുറൻസ് കമ്പനികൾ ലൈസൻസിന്റെ സ്വഭാവം ചൂണ്ടിക്കാട്ടി അപകട ക്ലെയിമുകൾ തള്ളുന്നതിനും മാറ്റം വരും. ഫലത്തിൽ, ചരക്കുവാഹനമായാലും ടാക്സിയായാലും വാഹനഭാരം ഏഴര ടണ്ണിനു താഴെയെങ്കിൽ എൽഎംവി ലൈസൻസ് മാത്രം മതി; പ്രത്യേകാനുമതി (ബാഡ്ജ്) നേടേണ്ടതില്ല. ഏഴര ടണ്ണിനു മുകളിൽ വാഹനഭാരമുണ്ടെങ്കിൽ മാത്രം ബാഡ്ജ് വേണം. എൽഎംവി ഗണത്തിൽപെടുന്ന ഓട്ടോറിക്ഷ ഉൾപ്പെടെയുള്ളവ ഓടിക്കാൻ ബാഡ്ജ് ആവശ്യമില്ലെന്ന നിലവിലെ സ്ഥിതി തുടരും.
എൽഎംവി ലൈസൻസ് മാത്രമുള്ളവർ ട്രാൻസ്പോർട്ട് വാഹനമോടിക്കുന്നതു കൊണ്ടാണ് റോഡ് അപകടങ്ങൾ കൂടുന്നതെന്നു സ്ഥാപിക്കുന്ന കൃത്യമായ കണക്കുകൾ ഇല്ലെന്നു വിധിയിൽ അഞ്ചംഗ ഭരണഘടന ബെഞ്ച് പറഞ്ഞു. വാദത്തിനിടെ എൽഎംവി ലൈസൻസുകാർ ട്രാൻസ്പോർട്ട് വാഹനമോടിച്ചു സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് കക്ഷികൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അശ്രദ്ധ, അമിതവേഗം, റോഡ് നിർമാണത്തിലെ അപാകത, റോഡ് നിയമങ്ങൾ പാലിക്കാതിരിക്കൽ തുടങ്ങിയവയാണ് അപകടങ്ങൾക്കു കാരണമെന്ന് ബെഞ്ച് വിലയിരുത്തി. മോട്ടർവാഹന നിയമത്തിലെ വ്യവസ്ഥകൾ വ്യാഖ്യാനിച്ചും ട്രാൻസ്പോർട്ട് വാഹനമോടിക്കുന്ന ഡ്രൈവർമാരുടെ ജീവനോപാധി കണക്കിലെടുത്തുമാണ് ബെഞ്ച് അന്തിമ തീർപ്പു പറഞ്ഞത്.
മുകുന്ദ് ദേവഗണും ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡുമായുള്ള കേസിൽ 2017–ൽ പുറപ്പെടുവിച്ച വിധി ശരിവയ്ക്കുകയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച്. ജസ്റ്റിസ് ഋഷികേശ് റോയി ആണ് വിധിന്യായമെഴുതിയത്. ട്രാൻസ്പോർട്ട് വിഭാഗത്തിൽപെടുന്ന (ചരക്കുവാഹനം, യാത്രാബസ് തുടങ്ങിയവ) വാഹനങ്ങളിൽ ലോഡ് ഇറക്കിക്കഴിഞ്ഞാൽ, 7,500 കിലോഗ്രാമിൽ താഴെയാണ് ആകെ ഭാരമെങ്കിൽ എൽഎംവി ലൈസൻസ് ഉള്ളയാൾക്ക് ഓടിക്കാമെന്നായിരുന്നു മുകുന്ദ് ദേവാഗൺ കേസിലെ വിധി. അതിൽ സംശയം ഉയർന്നതോടെയാണു വിഷയം ഭരണഘടനാ ബെഞ്ചിനു വിട്ടത്.
വിധിയിലെ പ്രധാന നിർദേശങ്ങൾ
∙ മോട്ടർ വാഹന നിയമത്തിലെ 2(21) വകുപ്പുപ്രകാരം, വാഹനത്തിന്റെ മാത്രം ഭാരം ഏഴര ടണ്ണിനു താഴെയാണെങ്കിൽ അത് എൽഎംഎവി വിഭാഗത്തിൽ വരും. കാർ മുതൽ ട്രാക്ടർ, റോഡ് റോളറും വരെ വാഹനഭാരം അനുസരിച്ച് ഈ ഗണത്തിൽ വരും.
∙ ഏഴര ടണ്ണിനു മുകളിലുള്ള ഇടത്തരം ചരക്ക്–പാസഞ്ചർ വാഹനങ്ങൾ, ഹെവി ചരക്ക്–പാസഞ്ചർ വാഹനങ്ങൾ തുടങ്ങിയവ ഓടിക്കാൻ ബാഡ്ജ് വേണം.
∙ഇ–കാർട്ടുകൾ, ഇ –റിക്ഷകൾ, അപകടകരായ വസ്തുക്കൾ കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവയുടെ ലൈസൻസിലെ അധികനിബന്ധന തുടരും.