5 മിനിറ്റിൽ പാലപ്പവും പുട്ടും റെഡി; 2 വർഷത്തെ ഗവേഷണത്തിനൊടുവിൽ പ്രവാസികൾക്കായി ഇൻസ്റ്റന്റ് കൂട്ട്

Mail This Article
ദുബായ് ∙ അഞ്ചുമിനിറ്റ് നേരത്തെ ആഹാരത്തിന് 5 മണിക്കൂർ നീളുന്ന അധ്വാനം, എല്ലാ അടുക്കളകളുടെയും വേദനയാണിത്. ഇതിന്പരിഹാരം തേടി 2 വർഷം നീണ്ട ഗവേഷണത്തിനൊടുവിൽ ഈസ്റ്റേൺ മറുപടിയുമായി എത്തി. ഇനി പാലപ്പപ്പൊടി കലക്കി അഞ്ചുമിനിറ്റിൽ അപ്പം ഉണ്ടാക്കാം. ചുടുവെള്ളത്തിൽ പുട്ടുപൊടി കലക്കി ഇഷ്ടമുള്ള രൂപത്തിൽ തേങ്ങയും ചേർത്ത് കഴിക്കാം. ആവി കയറ്റേണ്ട. ഇഡ്ഡലി പൊടിയിൽ തൈര് ചേർത്തു കുഴച്ച് 5 മിനിറ്റിൽ ഇഡ്ഡലി തയാറാക്കാം.
ഇൻസ്റ്റന്റ് ഭക്ഷണമായതിനാൽ പ്രിസർവേറ്റീവ്സ് ഉണ്ടാകുമെന്ന ഭയം വേണ്ടെന്നും ഈസ്റ്റേൺ മാതൃകമ്പനിയായ ഓർക്‌ല സിഇഒ അശ്വിൻ സുബ്രഹ്മണ്യം പറഞ്ഞു. ഓർക്കലയുടെ ഗവേഷണ കേന്ദ്രത്തിൽ രൂപപ്പെടുത്തിയ ഭക്ഷണക്കൂട്ടുകൾ ജൂണിൽ വിപണിയിൽ എത്തും.
∙ രുചിക്കാം, ഗൾഫൂഡിലെ ഈസ്റ്റേൺ പവിലിയനിൽ
ഇവ രുചിക്കാൻ ഗൾഫൂഡിലെ ഈസ്റ്റേൺ പവിലിയനിൽ അവസരമുണ്ട്. 5 മിനിറ്റ് പ്രാതൽ ഇതിനകം കേരള വിപണിയിലുണ്ട്. അടുത്ത ഘട്ടമായാണ് മിഡിൽ ഈസ്റ്റിലേക്ക് വരുന്നത്. കറിപ്പൊടികൾ എന്ന ലേബലിൽ നിന്ന് ഫുഡ് ബ്രാൻഡിലേക്കുള്ള ചുവടുമാറ്റമാണ് ഈസ്റ്റേൺ നടത്തുന്നതെന്നും അശ്വിൻ പറഞ്ഞു. പുതിയ ലോഗോയും പാക്കിങ്ങും തയാറാക്കി.
മിഡിൽ ഈസ്റ്റിലെ റെഡി- ടു - ഈറ്റ് വിപണിയിലേക്ക് കേരളരുചികൾ എത്തുമ്പോൾ, ആവശ്യക്കാർ ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ. 5 മിനിറ്റ് പ്രാതലിൽ ചെമ്പ പുട്ട്, അരിപ്പുട്ട്, ഇടിയപ്പം, ഇഡ്ഡലി, ദോശ, നെയ്യ് ഉപ്പുമാവ്, പാലപ്പം എന്നിവയാണ് താരങ്ങൾ. കേരളത്തിന്റെ രുചികരമായ പാചക പാരമ്പര്യം തനിമ നഷ്ടപ്പെടാതെ അതേ രുചിയിലും ഗുണത്തിലും ഈസ്റ്റേണിലൂടെ ആസ്വദിക്കാമെന്നും അദ്ദേഹം പറഞ്ഞു. അറബിക് വിഭവങ്ങൾക്ക് ആവശ്യമായ പൊടികളും ഈസ്റ്റേൺ ബ്രാൻഡിൽ ഓർക്‌ല വിപണിയിൽ എത്തിച്ചിട്ടുണ്ട്.