യുപി: കോൺഗ്രസ് മത്സരിക്കുന്നില്ല; പ്രചാരണത്തിന് നേതാക്കളുമില്ല
Mail This Article
ന്യൂഡൽഹി ∙ യുപിയിൽ 9 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കാത്തതിനാൽ കോൺഗ്രസ് നേതാക്കൾ പ്രചാരണത്തിനിറങ്ങുന്നില്ല. സംസ്ഥാന പ്രസിഡന്റ് അജയ് റായ് ഉൾപ്പെടെ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനായി വയനാട്ടിലാണ്. ഇന്ത്യാസഖ്യം പിന്തുണയുണ്ടെങ്കിലും സമാജ്‌വാദി പാർട്ടി ഒറ്റയ്ക്കാണു സ്വന്തം സ്ഥാനാർഥികളുടെ പ്രചാരണം നയിക്കുന്നത്.
ചോദിച്ച സീറ്റുകൾ കിട്ടാതെ വന്നതോടെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്നു തീരുമാനിച്ച കോൺഗ്രസ് ഇവിടെ എസ്പി സ്ഥാനാർഥികൾക്കായി പ്രവർത്തിക്കേണ്ടെന്ന നിലപാടിലാണ്. ഉപതിരഞ്ഞെടുപ്പു നടക്കുന്ന 9ൽ നാലെണ്ണം എസ്പിയുടെയും മൂന്നെണ്ണം ബിജെപിയുടെയും സിറ്റിങ് സീറ്റുകളാണ്. നിഷാദ് പാർട്ടിയുടേതും ആർഎൽഡിയുടേതുമാണു മറ്റു സീറ്റുകൾ.
പ്രചാരണത്തിൽനിന്നു കോൺഗ്രസ് വിട്ടുനിൽക്കുന്നത് ഇന്ത്യാസഖ്യത്തിൽ കൂടുതൽ വിള്ളലുണ്ടാക്കുമോയെന്ന ചർച്ചയുണ്ട്. കഴിഞ്ഞയാഴ്ച രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ റായ്ബറേലി സന്ദർശിച്ചെങ്കിലും തിരഞ്ഞെടുപ്പു പ്രചാരണ പരിപാടികളിൽ പങ്കെടുത്തില്ല.
രാജസ്ഥാനിലും നേതാക്കൾ ‘പുറത്ത്’
7 നിയമസഭാ സീറ്റുകളിൽ ഉപതിരഞ്ഞെടുപ്പു നടക്കുന്ന രാജസ്ഥാനിലും പ്രമുഖ കോൺഗ്രസ് നേതാക്കൾ സംസ്ഥാനത്തിനു പുറത്താണ്. സച്ചിൻ പൈലറ്റ് വയനാട്ടിലുൾപ്പെടെ പ്രചാരണത്തിൽ ശ്രദ്ധിക്കുമ്പോൾ മഹാരാഷ്ട്രയുടെ തിരഞ്ഞെടുപ്പു ചുമതലയിലാണ് അശോക് ഗെലോട്ട്. മറ്റു നേതാക്കൾ പലതട്ടിൽ നിൽക്കുന്നതും തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളെ ബാധിക്കുന്നതായി രാജസ്ഥാനിലെ കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിച്ചു.