തച്ചങ്കരിക്കെതിരെ മരിച്ചയാളുടെ പേരിൽ വ്യാജപരാതി
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാനുള്ള യുപിഎസ്‌സി സമിതിയുടെ യോഗം ഈ മാസം ചേരാനിരിക്കെ, പട്ടികയിൽ രണ്ടാം സ്ഥാനക്കാരനായ ഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ മരിച്ചയാളുടെ പേരിൽ വ്യാജ പരാതി.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നടത്തിയ അന്വേഷണത്തിലാണു പരാതി വ്യാജമെന്നു കണ്ടെത്തിയത്. പരാതിക്കാരൻ 7 വർഷം മുൻപ് ഈ വിലാസത്തിൽ നിന്നു മാറിയെന്നും 5 വർഷം മുൻപു മരിച്ചെന്നും ഡിജിപി നൽകിയ റിപ്പോർട്ട് ചീഫ് സെക്രട്ടറി വി.പി. ജോയി കേന്ദ്രത്തിനു കൈമാറി.
സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നു ചീഫ് സെക്രട്ടറിക്കു നൽകിയ കത്തിൽ തച്ചങ്കരി ആവശ്യപ്പെട്ടു. കെ.ടി. തോമസ്, വാത്തുരുത്തി, കൊച്ചി എന്ന വിലാസത്തിൽ യുപിഎസ്‌സി ചെയർമാനു ലഭിച്ച പരാതി കഴിഞ്ഞ 9നാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിക്കു കൈമാറിയത്.
തച്ചങ്കരി സർവീസിൽ കയറിയ നാൾ മുതൽ ഇതുവരെയുള്ള കാര്യങ്ങൾ, നേരിട്ട അന്വേഷണങ്ങൾ, അച്ചടക്ക നടപടികൾ, സിപിഎം നേതാക്കളുമായുള്ള ബന്ധം എന്നിവ പരാതിയിൽ പറഞ്ഞിരുന്നു. പരാതിയിലെ വിലാസക്കാരനായ കെ.ടി. തോമസ് 7 വർഷം മുൻപ് ഇടക്കൊച്ചിയിലേക്കാണു മാറിയത്. 5 വർഷം മുൻപു മരിച്ചതായി സഹോദരൻ സാക്ഷ്യപ്പെടുത്തി. പ്രദേശത്തെ വോട്ടർ പട്ടികയിൽ ആ പേരില്ലെന്നു ജനപ്രതിനിധികളും സാക്ഷ്യപ്പെടുത്തി.
സംസ്ഥാന പൊലീസ് മേധാവിയെ തിരഞ്ഞെടുക്കാൻ 9 പേരുടെ പട്ടികയാണു യുപിഎസ്‌സി പരിഗണിക്കുന്നത്. അരുൺ കുമാർ സിൻഹ, ടോമിൻ ജെ.തച്ചങ്കരി, സുദേഷ് കുമാർ എന്നിവരാണ് ആദ്യ 3 സ്ഥാനക്കാർ.
English Summary: Fake complaint against Tomin Thachankary