ADVERTISEMENT

കൊച്ചി ∙ ശബരിമല ആചാരങ്ങളുമായി ബന്ധപ്പെട്ടുള്ള പന്തളം കൊട്ടാരം രേഖയെന്ന പേരിൽ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ചെപ്പേടും (ചെമ്പോല) മോൻസന്റെ തട്ടിപ്പോ? മോൻസന്റെ ‘പുരാവസ്തു ശേഖരത്തിലുള്ള’ വസ്തുക്കളിൽ മുക്കാലും താൻ നൽകിയതാണെന്നു ക്രൈംബ്രാഞ്ചിനെ അറിയിച്ച ഇടനിലക്കാരൻ സന്തോഷ് എളമക്കരയുടെ പുതിയ വെളിപ്പെടുത്തലാണ് ഈ സംശയം ഉയർത്തുന്നത്. ഈ ചെപ്പേട് മോൻസനു താൻ കൈമാറിയതാണെന്നു ‘മനോരമ’യോടാണു സന്തോഷ് വെളിപ്പെടുത്തിയത്. ചെപ്പേട് താൻ നിർമിച്ചതല്ലെന്നും തൃശൂർ ടൗണിനടുത്തുള്ള പഴയൊരു വീട്ടിൽനിന്ന്, സിനിമകളിൽ ഉപയോഗിക്കാനായി വാങ്ങിയതാണെന്നും സന്തോഷ് പറഞ്ഞു.

‘ചെപ്പേടിൽ സംസ്കൃതത്തിലോ പഴയ മലയാളം ലിപിയിലോ ഉള്ള എഴുത്തായിരുന്നു. അതു വായിക്കാൻ അറിയാത്തതിനാൽ എന്താണ് ഉള്ളടക്കമെന്ന് അറിയില്ല. പിന്നീട് ഇതു കണ്ട മോൻസൻ താൽപര്യം പ്രകടിപ്പിച്ചപ്പോൾ ചെപ്പേട് കൈമാറി. ഇതിനു ശേഷം ചെപ്പേട് പുരാവസ്തു വിദഗ്ധരെയാരെയോ കാണിച്ചുവെന്നു മോൻസൻ സൂചിപ്പിച്ചിരുന്നു. സത്യമാണോ എന്നറിയില്ല. എന്നാൽ, ശബരിമലയുമായി ബന്ധപ്പെട്ട ചെപ്പേടാണെന്ന രീതിയിലുള്ള മോൻസന്റെ അവകാശവാദം പിന്നീടു വാർത്തകളിലൂടെയാണ് അറിഞ്ഞത്– സന്തോഷ് പറയുന്നു.

സന്തോഷിന്റെ വാദം ശരിയെങ്കിൽ തൃശൂരിലെ ഏതോ വീട്ടിൽനിന്നു കിട്ടിയ പഴയൊരു ചെപ്പേടിനു ശബരിമലഭാഷ്യം ചമയ്ക്കുകയും ഇതിന് ആധികാരികത വരുത്താൻ ചില ‘പുരാവസ്തു വിദഗ്ധരെ’ കൂട്ടുപിടിക്കുകയും ചെയ്തതു വിവാദമുണ്ടാക്കി വാർത്താ പ്രാധാന്യം നേടാനുള്ള മോൻസന്റെ തന്ത്രം മാത്രമെന്നു കരുതേണ്ടി വരും. ശബരിമല പ്രക്ഷോഭ കാലത്തു പല മാധ്യമങ്ങളും മോൻസന്റെ പുരാവസ്തു ശേഖരത്തിലെ ‘ആധികാരിക രേഖ’ ഉദ്ധരിച്ചു വാർത്തകൾ നൽകിയിരുന്നു.

വ്യാജമെങ്കിൽ കേസുറപ്പ്

ആധികാരിക ശബരിമല രേഖയെന്ന പേരിൽ മോൻസൻ പ്രചരിപ്പിച്ച ചെപ്പേടിലെ വിവരങ്ങൾ അവകാശവാദത്തിനു നിരക്കാത്തതെങ്കിൽ കേസ് വന്നേക്കും. രേഖയുടെ ആധികാരികത പരിശോധിക്കണമെന്നു പന്തളം കൊട്ടാരം ഇതിനോടകം ആവശ്യപ്പെട്ടു കഴിഞ്ഞു. വ്യാജരേഖ പ്രചരിപ്പിച്ചു ഹിന്ദുക്കൾക്കിടയിൽ ജാതീയ സ്പർധ സൃഷ്ടിക്കാനുള്ള ശ്രമമാണു നടന്നതെന്നും ഇതന്വേഷിച്ചു സത്യം പുറത്തു കൊണ്ടു വരണമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്കും പരാതി ലഭിച്ചിട്ടുണ്ട്.

‘വ്യാജ പുരാവസ്തുക്കാരനല്ല’

പലരും പറയും പോലെ ‘വ്യാജ പുരാവസ്തുക്കാരനല്ല’ താനെന്നും പുരാവസ്തു ഗവേഷണമാണു താൻ ചെയ്തിരുന്നതെന്നും സന്തോഷ് എളമക്കര പറയുന്നു. സിനിമകളിൽ വിവിധ കാലഘട്ടങ്ങൾ ചിത്രീകരിക്കുവാനായി അക്കാലത്തുപയോഗിച്ചിരുന്ന സാധനങ്ങൾ സംഘടിപ്പിച്ചു നൽകുകയാണു തന്റെ ജോലി. ഇതു കൃത്യമായ ഗവേഷണവും ആഴത്തിലുള്ള പഠനവും വേണ്ട ജോലിയാണ്. കാലഗണന തെറ്റിയാൽ അതു പിന്നീട് വിമർശനത്തിനിടയാക്കും.

വിവിധ കാലഘട്ടങ്ങളിലെ വസ്ത്രങ്ങൾ, നാണയങ്ങൾ, കറൻസി നോട്ട്, പാത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയെല്ലാം ഇതിനു വേണ്ടി ശേഖരിച്ചിട്ടുണ്ട്. മോൻസന്റെ കയ്യിലുള്ളതിന്റെ ഇരട്ടി സാധനങ്ങൾ തന്റെ ശേഖരത്തിലുണ്ട്. അതുകൊണ്ടുതന്നെ പലരും പഠനാവശ്യങ്ങൾക്കുള്ള റഫറൻസിനായിപ്പോലും വന്നു കാണാറുണ്ടെന്നും സന്തോഷ് പറയുന്നു. മലയാളത്തിലിറങ്ങിയ ‘പഴശ്ശിരാജ’, ‘മാമാങ്കം’, ‘എന്നു നിന്റെ മൊയ്തീൻ’ ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ താൻ നൽകിയ സാധനങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.

ഏഴാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ നാണയം, സ്റ്റാംപ് എന്നിവയുടെ ശേഖരമുണ്ട്. അങ്ങനെയാണു പഴമയോടുള്ള താൽപര്യം ആരംഭിച്ചതും പിന്നീടു വരുമാനമാർഗമാക്കിയതും. അക്കാലത്തെ പത്രങ്ങളിലെല്ലാം തന്റെ ശേഖരത്തെ പറ്റിയുള്ള വാർത്തകൾ വന്നിട്ടുണ്ടെന്നും സന്തോഷ് പറഞ്ഞു. മോശയുടെയും യശോദയുടെയും കഥകൾക്കൊപ്പം കൂട്ടിക്കെട്ടി മോൻസൻ പ്രദർശിപ്പിച്ച ആയിരമോ രണ്ടായിരമോ വിലയുള്ള സാധനങ്ങൾ മാത്രമല്ല താൻ നൽകിയിട്ടുള്ളത്. ലക്ഷങ്ങൾ വിലവരുന്ന, നൂറും നൂറ്റൻപതും വർഷം പഴക്കമുള്ള പല സാധനങ്ങളും അക്കൂട്ടത്തിലുണ്ട്.

സന്തോഷിന്റെ കഥ

കിളിമാനൂരാണു തന്റെ നാടെന്നും കഴിഞ്ഞ 14 വർഷമായി നാട്ടിൽനിന്നു മാറി നിൽക്കുകയാണെന്നും സന്തോഷ് പറഞ്ഞു. കടംകയറി നാട്ടിൽനിൽക്കാൻ പറ്റാതെയായപ്പോഴാണ് എറണാകുളത്തേക്കു പോന്നത്. 2005ൽ ദുബായ് കമ്പനിക്ക് 1.47 കോടി രൂപയ്ക്കു സാധനങ്ങൾ വിറ്റെങ്കിലും മുഴുവൻ തുകയും നൽകാതെ കബളിപ്പിച്ചതാണു കടം കയറാൻ കാരണം. കയ്യിലുണ്ടായിരുന്നതിനു പുറമെ 60 ലക്ഷം രൂപയ്ക്കുള്ള സാധനങ്ങൾ പുറത്തുനിന്നു കടം പറഞ്ഞു വാങ്ങിയാണു കമ്പനിക്കു നൽകിയത്. കമ്പനി 27 ലക്ഷം രൂപ മാത്രമേ നൽകിയുള്ളൂ.

സാധനങ്ങൾ നൽകിയവർക്കു പണം നൽകാൻ പലിശയ്ക്കെടുക്കേണ്ടി വന്നു. പലിശ പെരുകിയപ്പോൾ പണം നൽകിയവരുടെ ഭീഷണിയായി. പേടിച്ചു നാടുവിട്ടു. കൊച്ചിയിലെത്തിയ ശേഷമാണു സിനിമാമേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. അങ്ങനെ കിട്ടിയ പണം കൊണ്ടു ഭൂരിഭാഗം പേരുടെയും കടം വീട്ടി. ബാക്കിയുള്ളവർക്കു നാട്ടിലെ വീടുവിറ്റാൽ പണം നൽകാൻ കഴിയുമായിരുന്നു. എന്നാൽ, പണം കിട്ടാനുള്ളവർ കേസ് നൽകി വീട് ജപ്തി ചെയ്യിച്ചതോടെ വഴിമുട്ടി. കോവിഡ് വന്നില്ലായിരുന്നെങ്കിൽ എല്ലാവരുടെയും പണം കൊടുത്തു തീർക്കാൻ തനിക്കാകുമായിരുന്നുവെന്നും കോവിഡിൽ സിനിമാ ഷൂട്ടിങ്ങുകൾ പൂർണമായും നിലച്ചതോടെ കടം പെരുകുകയായിരുന്നുവെന്നും സന്തോഷ് പറയുന്നു.

Monson-Mavungal
മോൻസൻ മാവുങ്കൽ

മോൻസനെ കണ്ടത് 2016ൽ

തന്റെ കടം തീർക്കാൻ അവതരിച്ച ദൈവമായാണു മോൻസനെ കണ്ടതെന്നാണു സന്തോഷിന്റെ മൊഴി. 2016ലാണു മോൻസനെ പരിചയപ്പെട്ടത്. പുരാവസ്തുക്കൾ വിറ്റ വകയിൽ 2.62 ലക്ഷം കോടി രൂപ തനിക്കു ലഭിക്കാനുണ്ടെന്നു തന്റെ ഐപാഡിലെ രേഖകൾ കാട്ടി മോൻസൻ പറഞ്ഞിരുന്നു. എച്ച്എസ്ബിസി ബാങ്കിലെ രേഖയുൾപ്പെടെ കാണിച്ചതോടെ വിശ്വാസമായി. തനിക്കു കടമുള്ള വിവരം മോൻസന് അറിയാമായിരുന്നു. താൻ നിർമിക്കുന്ന രാജ്യാന്തര മ്യൂസിയത്തിലേക്കു പുരാവസ്തുക്കൾ നൽകിയാൽ ‘കടമെല്ലാം തീർത്തു രാജാവിനെപ്പോലെ സന്തോഷിനെ വീട്ടിൽ കൊണ്ടു ചെന്നിറക്കും’ എന്നാണു മോൻസൻ പറഞ്ഞത്.

 

ആരും വിശ്വസിക്കുന്ന രീതിയിൽ സംസാരിക്കാൻ കഴിവുള്ള മോൻസന്റെ മോഹന വാഗ്ദാനത്തിൽ വീണു പോയി. കടത്തിൽനിന്നു രക്ഷപ്പെട്ടു മാന്യമായി ജീവിക്കാനുള്ള ആഗ്രഹമുള്ളതിനാൽ പിറ്റേന്നു മുതൽ മോൻസനു സാധനങ്ങൾ നൽകി. 5 വർഷം കൊണ്ടു 3 കോടി രൂപയ്ക്കുള്ള സാധനങ്ങളാണു നൽകിയത്. ഇതിനിടെ പണം വിട്ടുകിട്ടാനുള്ള ചില നടപടിക്രമങ്ങൾക്കായി ഒരു കോടി രൂപ ആവശ്യമുണ്ടെന്നും ഇതിൽ 70 ലക്ഷം മാത്രമേ കയ്യിലുള്ളൂ എന്നും പറഞ്ഞപ്പോൾ പലരിൽനിന്നായി 30 ലക്ഷം രൂപയും മോൻസനു കൊടുത്തിരുന്നു. എന്നാൽ ഈ പണമോ സാധനം വാങ്ങിയ പണമോ മോൻസൻ നൽകിയില്ല. മാത്രമല്ല, ചോദിക്കുമ്പോഴെല്ലാം ‘ഇന്നു തരാം, നാളെത്തരാം’ എന്നു പറഞ്ഞു നീട്ടിക്കൊണ്ടു പോയി.

എന്നാൽ, പണം കിട്ടാതെ നിൽക്കക്കള്ളിയില്ലാതായതോടെ കഴിഞ്ഞ 26ന് മോൻസനെക്കണ്ടു പണം ചോദിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ തരാമെന്നും കടക്കാരിൽനിന്ന് രക്ഷപ്പെടാൻ തൽക്കാലം ഒരാഴ്ചത്തേക്കു മാറിനിൽക്കാനുമായിരുന്നു കിട്ടിയ മറുപടി. അവസാനശ്രമമെന്ന നിലയിൽ ആലപ്പുഴയിലേക്കു മാറിനിന്നു. എന്നാൽ, പിന്നീടു വന്ന വാർത്തകളിൽനിന്ന് മോൻസന്റെ തട്ടിപ്പുകളെപ്പറ്റി അറിഞ്ഞപ്പോഴാണു തന്റെ ഭാഗം വ്യക്തമാക്കാനായി ചാനലുകളെ സമീപിച്ചതും തുടർന്നു ക്രൈംബ്രാഞ്ചിനു മുന്നിൽ മൊഴിനൽകിയതുമെന്നും സന്തോഷ് പറഞ്ഞു. കോടികൾ ആഡംബരത്തിനായി ചെലവഴിച്ച മോൻസൻ ചതിക്കുകയായിരുന്നുവെന്നും യഥാർഥത്തിൽ തന്നെ സഹായിക്കാനുള്ള മനസ്സുണ്ടായിരുന്നെങ്കിൽ സാമ്പത്തിക പ്രശ്നങ്ങൾ വളരെ മുൻപേ അവസാനിച്ചേനെ എന്നുമാണു സന്തോഷ് കരുതുന്നത്.

മോൻസൻ പൊലീസ് കസ്റ്റഡിയിൽ.

ചോദ്യം ചെയ്യലിൽ ഒന്നും നിഷേധിക്കാതെ മോൻസൻ

മോൻസനോടൊപ്പമിരുത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോൾ താൻ പറഞ്ഞ കാര്യങ്ങളെല്ലാം ശരിവയ്ക്കുകയാണു മോൻസൻ ചെയ്തതെന്നും സന്തോഷ് പറഞ്ഞു. ഇതു ക്രൈംബ്രാഞ്ചിനും ബോധ്യപ്പെട്ടതിനാലാണു തന്നെ വിട്ടയച്ചത്. തന്റെ കയ്യിൽനിന്നു വാങ്ങിയ സാധനങ്ങൾ തിരികെ നൽകേണ്ടി വരുമെന്നു ക്രൈംബ്രാഞ്ച് മോൻസനോടു പറഞ്ഞപ്പോൾ, ‘ സന്തോഷിന് അതുപകാരപ്പെടുമെങ്കിൽ നൽകിയേക്കൂ’ എന്നായിരുന്നു മോൻസന്റെ പ്രതികരണം. സാധനങ്ങൾ വാങ്ങി പണം നൽകാത്തതിനു കേസെടുക്കേണ്ടി വരുമെന്നു ചൂണ്ടിക്കാട്ടിയപ്പോഴും ‘സന്തോഷിനു ഗുണം കിട്ടുമെങ്കിൽ ചെയ്യൂ’ എന്നാണു മോൻസൻ പറഞ്ഞതെന്നും സന്തോഷ് പറയുന്നു.

‘കടം നൽകിയവർ കള്ളം പറയുന്നു’

താൻ പണം നൽകാനുള്ളവർ പറയുന്ന തുകകൾ പലതും പെരുപ്പിച്ചു പറയുന്നവയാണെന്നും അവസരം മുതലെടുക്കുകയാണു ചിലരെന്നും സന്തോഷ് സൂചിപ്പിക്കുന്നു. പലരുടെയും പണം തവണകളായി കൊടുത്തു തീർത്തതാണ്. അവർ പോലും പണം കിട്ടാനുണ്ടെന്നു പറഞ്ഞു രംഗത്തു വരുന്നു. ഇതിന്റെയെല്ലാം രേഖകൾ കയ്യിലുണ്ട്. ഇത് ക്രൈംബ്രാഞ്ചിനും നൽകി.

സിനിമയ്ക്കായി മോൻസന്റെ കയ്യിലുള്ളതിനേക്കാൾ പൗരാണിക സാധനങ്ങൾ താൻ ശേഖരിച്ചിട്ടുണ്ടെന്നും കടം തീർക്കാൻ ആരുടെയെങ്കിലും സഹായം കിട്ടിയാൽ ഇതുപയോഗിച്ചു മാന്യമായി ജീവിക്കാനായേനെ എന്നും സന്തോഷ് പറയുന്നു. ഏതായാലും മോൻസൻ സംഭവത്തോടെ തന്റെ ഭാഗം വെളിപ്പെടുത്താനും 14 വർഷത്തെ ‘അജ്ഞാത വാസത്തിൽ’ നിന്നു പുറത്തുവരാനുമായതിൽ സന്തോഷമുണ്ടെന്നും സന്തോഷ് പറഞ്ഞു.

English Summary: Interview with Santhosh Elemakkara on Monson Mavunkal Case

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com