നോട്ടിസിൽ പേരില്ല, സംഘാടകർ അറിഞ്ഞില്ല; എന്നിട്ടും ജോർജ് പ്രസംഗിച്ചു, ഗൂഢാലോചന?

Mail This Article
കൊച്ചി/ തിരുവനന്തപുരം ∙ വെണ്ണല പ്രസംഗത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണു പി.സി.ജോർജിനെ പാലാരിവട്ടം പൊലീസ് വിശദമായി ചോദ്യം ചെയ്തത്.
വെണ്ണലയിലെ സപ്താഹയജ്ഞത്തോടനുബന്ധിച്ചുള്ള പരിപാടിയുടെ നോട്ടിസിൽ ജോർജിന്റെ പേരുണ്ടായിരുന്നില്ല; സംഘാടകർക്കും മുന്നറിവുണ്ടായിരുന്നില്ല. എന്നിട്ടും പരിപാടിയിൽ ജോർജ് പങ്കെടുക്കാനും വിദ്വേഷപ്രസംഗം ആവർത്തിക്കാനുമുള്ള സാഹചര്യം എങ്ങനെ ഒരുങ്ങിയെന്നാണു പൊലീസ് പരിശോധിക്കുന്നത്.
വെണ്ണലയിലെ പ്രസംഗത്തിന്റെ സിഡിയും സ്ക്രിപ്റ്റും തിരുവനന്തപുരം കോടതിയിൽ അന്വേഷണ സംഘം ഹാജരാക്കിയിരുന്നു. പ്രാദേശിക ഓൺലൈനിൽ വന്ന വിഡിയോയാണു കോടതിയിൽ പ്രദർശിപ്പിച്ചത്.
ഭരണഘടന അനുവദിച്ചിട്ടുള്ള സ്വാതന്ത്ര്യം ഉപയോഗിച്ചാണ് പ്രസംഗിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതെന്നും മതവിദ്വേഷ പ്രസംഗം നടത്തിയിട്ടില്ലെന്നും ജോർജിന്റെ അഭിഭാഷകൻ വാദിച്ചു.
വിഡിയോയിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്നും വാദിച്ചു. എന്നാൽ പ്രകോപനപരമായ കാര്യങ്ങളാണു പ്രസംഗത്തിലുള്ളതെന്നു കോടതി വ്യക്തമാക്കി. നിയമംപാലിക്കുന്നതു കൊണ്ടാണ് അറസ്റ്റിനു വഴങ്ങിയതെന്നു പി.സി.ജോർജ് ആദ്യം പ്രതികരിച്ചെങ്കിലും കേസിൽ ഹൈക്കോടതി ജാമ്യം നൽകിയാൽ കൂടുതൽ പ്രതികരിക്കാമെന്നാണു ചോദ്യംചെയ്യലിനു ശേഷം പറഞ്ഞത്.
English Summary: Vennala speech by P.C. George