നോവലിസ്റ്റ് നാരായൻ ഓർമയായി

Mail This Article
കൊച്ചി ∙ ഗോത്രവർഗ ജീവിതത്തിന്റെ നേരനുഭവങ്ങളെ നോവലും കഥകളുമാക്കി ശ്രദ്ധനേടിയ പ്രശസ്ത സാഹിത്യകാരൻ നാരായൻ (82) കോവിഡ് ബാധയെത്തുടർന്ന് അന്തരിച്ചു. വർഷങ്ങളായി എളമക്കര പുതുക്കലവട്ടത്തെ വാടകവീട്ടിൽ താമസിക്കുന്ന നാരായനെ ശ്വാസതടസ്സത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ: ലത. മക്കൾ: രാജേശ്വരി, സിദ്ധാർഥകുമാർ, സന്തോഷ് നാരായൻ.
പോസ്റ്റ് മാസ്റ്ററായി 1995 ൽ വിരമിച്ച നാരായൻ തൊടുപുഴയ്ക്കടുത്തു കുടയത്തൂർ മലയ്ക്കു സമീപം ചാലപ്പുറത്തു രാമന്റെയും കൊടുകുട്ടിയുടെയും മകനായി 1940 സെപ്റ്റംബർ 26നാണു ജനിച്ചത്. മലയരയന്മാരുടെ ജീവിതം ആസ്പദമാക്കി 1998 ൽ രചിച്ച ‘കൊച്ചരേത്തി’ എന്ന ആദ്യ നോവലിനു 1999 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. ഇംഗ്ലിഷ് അടക്കം പത്തോളം ഭാഷകളിലേക്കു തർജമ ചെയ്യപ്പെട്ട കൊച്ചരേത്തിയുടെ കന്നഡ പരിഭാഷ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവർത്തന പുരസ്കാരത്തിനും അർഹമായി.
‘നാരായന്റെ തിരഞ്ഞെടുത്ത കൃതികൾ’ നാഷനൽ ബുക് ട്രസ്റ്റ് മലയാളത്തിലും തമിഴിലും പ്രസിദ്ധീകരിച്ചു. തെലുങ്കിലുള്ള പുസ്തകം അടുത്ത മാസം പ്രകാശനം ചെയ്യാനിരിക്കെയാണു വിയോഗം. പ്രധാന കൃതികൾ: ഊരാളിക്കുടി, ചെങ്ങാറും കൂട്ടാളും, വന്നല, ഈ വഴിയിൽ ആളേറെയില്ല, ആരാണു തോൽക്കുന്നവർ, പെലമറുത, കൃഷ്ണനെല്ലിന്റെ ചോറ്, തോൽവികളുടെ തമ്പുരാന്മാർ, നിസ്സഹായന്റെ നിലവിളി.
English Summary: Novelist Narayan passed away