ADVERTISEMENT

കൊച്ചി∙ നാവികസേനയുടെ അഭിമാന പരിശീലന കേന്ദ്രം ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതി ഇന്നു സമ്മാനിക്കുന്നതു പുത്തൻ ‘പ്രസിഡന്റ്സ് കളർ’. പുതുതായി രൂപകൽപന ചെയ്ത പ്രസിഡന്റ്സ് കളർ ആദ്യമായി ലഭിക്കുന്ന നാവികകേന്ദ്രമാണു ഐഎൻഎസ് ദ്രോണാചാര്യ. നാവികപതാകയായ നേവൽ എൻസൈനുമായി ദൃശ്യ സാമ്യമുള്ള പതാകയാണു പ്രസിഡന്റ്സ് കളർ. കൊടിമരവുമായി ബന്ധിപ്പിക്കുന്ന വശമൊഴികെയുള്ള മൂന്നു വശങ്ങളിലും സ്വർണക്കരയും സ്വർണക്കിന്നരിയും തുന്നി ആകർഷമാക്കിയിട്ടുള്ള ഈ പതാക ആചാരപരമായ ചടങ്ങുകൾക്കും പരേഡിനും ശേഷമാണു പ്രസിഡന്റ് സമ്മാനിക്കുക.

കഴിഞ്ഞ സെപ്റ്റംബറിൽ കൊച്ചിയിൽ ഐഎൻഎസ് വിക്രാന്തിന്റെ കമ്മിഷനിങ് വേളയിൽ പ്രധാനമന്ത്രിയാണു ഭാരതീയ പൈതൃകവും സമുദ്രപാരമ്പര്യവും ഉയർത്തിപ്പിടിക്കുന്ന പുതിയ നാവിക പതാക അനാഛാദനം ചെയ്തത്.

നാവികസേനയുടെ പതാകയിലെ, റോയൽ നേവി കാലഘട്ടത്തിൽ ബ്രിട്ടിഷ് പൈതൃകത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്ന ‘സെന്റ് ജോർജ്സ് ക്രോസ്’ എടുത്തു കളഞ്ഞതായിരുന്ന നേവൽ എൻസൈനിനുണ്ടായ പ്രധാന മാറ്റം. ഇതിനു പകരം നീല നിറത്തിലുള്ള അഷ്ടമുഖ രൂപത്തിൽ നാവികസേനയുടെ ചിഹ്നമായ നങ്കൂരത്തിൽ സ്ഥാപിച്ച അശോകസ്തംഭം ഉൾപ്പെടുത്തി. ഇതിനു താഴെ സേനയുടെ ആപ്തവാക്യമായ ‘ശമ്നോ വരുണ’ എന്നു രേഖപ്പെടുത്തുകയും ചെയ്തു.

ഇതിന്റെ ചുവടു പിടിച്ചു ‘സെന്റ് ജോർജ്സ് ക്രോസ്’ എടുത്തു കളഞ്ഞ പ്രസിഡന്റ്സ് കളറാകും രാഷ്ട്രപതി ഇന്നു കൈമാറുക. നേവൽ എൻസൈനിനെ പോലെ വെള്ള പശ്ചാത്തലത്തിൽ ദേശീയ പതാക, അശോക സ്തംഭം, നാവിക എംബ്ലം തുടങ്ങിയവ ഉൾപ്പെടുന്നതാകും പ്രസിഡന്റ്സ് കളർ എന്നാണു സൂചന. വിശദവിവരങ്ങൾ നാവിക സേന പുറത്തുവിട്ടിട്ടില്ല.

English Summary: INS Dronacharya to receive President's Colour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com