ദേവസ്വം ഓഫിസുകളിലെ കംപ്യൂട്ടർവൽക്കരണം തീർക്കാതെ കെൽട്രോൺ

Mail This Article
പത്തനംതിട്ട ∙ ദേവസ്വം ഓഫിസുകളിലെ കംപ്യൂട്ടർവൽക്കരണം 6 വർഷം കഴിഞ്ഞിട്ടും കെൽട്രോൺ പൂർത്തിയാക്കിയില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡും കെൽട്രോണും തമ്മിൽ ഉണ്ടാക്കിയ കരാർ അനുസരിച്ച് ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ചുമതലയുള്ള 25 ക്ഷേത്രങ്ങൾ കംപ്യൂട്ടർവൽക്കരിക്കാനായിരുന്നു കരാർ നൽകിയത്. 10 കോടി രൂപ ദേവസ്വം ബോർഡ് കെൽട്രോണിനു മുൻകൂർ നൽകിയിരുന്നു.
അന്തരിച്ച പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റും അജയ്തറയിൽ അംഗവുമായ ഭരണ സമിതിയുടെ കാലത്താണ് കെൽട്രോണിനു കരാർ നൽകിയത്. ആറന്മുള, മലയാലപ്പുഴ, ഹരിപ്പാട്, ശ്രീകണ്ഠേശ്വരം, തിരുവല്ലം, തിരുവനന്തപുരം ഒടിസി ഹനുമാൻ, വർക്കല, ശാർക്കര, തൃക്കടവൂർ, തിരുമുല്ലവാരം, ചെങ്ങന്നൂർ, അമ്പലപ്പുഴ, ഏറ്റുമാനൂർ, വൈക്കം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫിസ് കംപ്യൂട്ടർവൽക്കരിക്കാനായിരുന്നു കരാർ. ശബരിമല വഴിപാട് കൗണ്ടർ മാത്രമാണ് പൂർണമായും കംപ്യൂട്ടർവൽക്കരിച്ചത്. മറ്റു ക്ഷേത്രങ്ങളിൽ കംപ്യൂട്ടർ എത്തിച്ചെങ്കിലും മറ്റു പണികൾ ഒന്നും ചെയ്തില്ല.
ദേവസ്വം ബോർഡ് കഴിഞ്ഞയാഴ്ച വിളിച്ച യോഗത്തിൽ കെൽട്രോണിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. കരാർ പ്രകാരമുള്ള ബാക്കി പണം നൽകണമെന്ന് കെൽട്രോണും യോഗത്തിൽ ആവശ്യപ്പെട്ടു. പണി തീർക്കാതെ പണം നൽകുന്നതിനെ ദേവസ്വം ഉദ്യോഗസ്ഥർ യോഗത്തിൽ എതിർത്തു.
English Summary : Keltron not complete computerization of Devaswom offices