ആർജെഡി സംസ്ഥാനത്ത് ഇടതുപക്ഷത്തിനൊപ്പം: എം.വി.ശ്രേയാംസ് കുമാർ
Mail This Article
കോഴിക്കോട്∙ ലോക്താന്ത്രിക് ജനതാദൾ ആർജെഡിയിൽ ലയിച്ചാൽ കേരളത്തിൽ എൽഡിഎഫിനൊപ്പം നിൽക്കുമെന്നും ദേശീയ തലത്തിൽ ‘ഇന്ത്യ’ മുന്നണിക്കൊപ്പമായിരിക്കും പ്രവർത്തിക്കുകയെന്നും എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാർ പറഞ്ഞു. വയനാട്ടിൽ രാഹുൽഗാന്ധി മത്സരിച്ചാലും എൽഡിഎഫിനൊപ്പമായിരിക്കും പ്രവർത്തനമെന്നും ശ്രേയാംസ്കുമാർ പറഞ്ഞു.
സംസ്ഥാനത്ത് എൽജെഡിക്ക് അവകാശപ്പെട്ട ഒരു മന്ത്രിസ്ഥാനം വേണമെന്നത് ഇടതുമുന്നണിയെ അറിയിച്ചിട്ടുണ്ട്. വരുന്ന തിരഞ്ഞെടുപ്പിൽ ഒരു ലോക്സഭാ സീറ്റ് വേണമെന്നും ആവശ്യപ്പെടും. ദേശീയതലത്തിൽ ജനതാദൾ എസ് (ജെഡിഎസ്) ബിജെപി മുന്നണിക്കൊപ്പം പോയപ്പോൾ സംസ്ഥാനത്തെ ജെഡിഎസ് ഒറ്റയ്ക്കു നിൽക്കുമെന്നാണ് പ്രഖ്യാപിച്ചത്. ജനതാദൾ എസിനെ ആർജെഡിയിലേക്കു സ്വാഗതം ചെയ്യുന്നു. സമാന ചിന്താഗതിയുള്ള സോഷ്യലിസ്റ്റ് പാർട്ടികൾ ഒന്നിക്കണം. ഇക്കാര്യങ്ങൾ മുന്നണിയോഗത്തിനുശേഷം ചർച്ച ചെയ്തു തീരുമാനിക്കുമെന്നും ശ്രേയാംസ് പറഞ്ഞു.
എൽജെഡി- ആർജെഡി ലയന സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ശ്രേയാംസ്കുമാർ പറഞ്ഞു. 12ന് വൈകിട്ട് 4ന് സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന ലയന സമ്മേളനത്തിൽ ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ആരോഗ്യപ്രശ്നങ്ങളില്ലെങ്കിൽ ലാലുപ്രസാദ് യാദവും പങ്കെടുക്കുമെന്നും ശ്രേയാംസ്കുമാർ പറഞ്ഞു.