പഞ്ചായത്തംഗങ്ങളെ വനംവകുപ്പ് ഉദ്യോഗസ്ഥർ മർദിച്ചെന്ന് ആരോപണം; മാങ്കുളത്ത് വൻ സംഘർഷം
Mail This Article
അടിമാലി ∙ മാങ്കുളം പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തിനു സമീപം ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച പവിലിയനുമായി ബന്ധപ്പെട്ട് വനംവകുപ്പും നാട്ടുകാരും തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മർദനമേറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിൻ ജോസഫ്, പഞ്ചായത്തംഗം അനിൽ ആന്റണി എന്നിവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മർദിച്ച ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ 2 മണിക്കൂറോളം മാങ്കുളം ഡിഎഫ്ഒ ഉൾപ്പെടെയുള്ളവരെ ടൗണിൽ തടഞ്ഞുവച്ചു. ജനപ്രതിനിധികളെ മർദിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുമെന്ന പൊലീസിന്റെ ഉറപ്പിൽ രാത്രി ഏഴോടെയാണു പ്രതിഷേധക്കാർ പിൻമാറിയത്.
2021ലാണ് ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പെരുമ്പൻകുത്ത് വെള്ളച്ചാട്ടം അപകടങ്ങളില്ലാതെ കണ്ടാസ്വദിക്കുന്നതിനു പവിലിയൻ നിർമിച്ചത്. പവിലിയൻ വനഭൂമിയിലും തോട് പുറമ്പോക്കിലുമാണെന്ന അവകാശവാദവുമായി ഇന്നലെ കുട്ടമ്പുഴ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയതോടെയാണു തർക്കം തുടങ്ങിയത്. നിർമാണം ആരംഭിച്ചപ്പോഴും പവിലിയൻ പ്രവർത്തനം തുടങ്ങിയപ്പോഴും വനംവകുപ്പ് ഒന്നും പറഞ്ഞില്ലെന്നാണു ജനപ്രതിനിധികൾ പറയുന്നത്. വനംവകുപ്പ് നിലപാടിനെ നാട്ടുകാരും ജനപ്രതിനിധികളും ചോദ്യം ചെയ്യുന്നതിനിടെ ചിലർക്കു മർദനമേറ്റെന്നാണ് ആരോപണം.
പെരുമ്പൻകുത്തിൽ നിർമിച്ചിട്ടുള്ള പവിലിയൻ വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണെന്നും ഇതു പരിശോധിക്കാനാണു കുട്ടമ്പുഴ റേഞ്ചിൽ നിന്നുള്ള ഉദ്യോഗസ്ഥർ എത്തിയതെന്നും മാങ്കുളം ഡിഎഫ്ഒ സുഭാഷ് പറഞ്ഞു. മാങ്കുളം ടൗണിൽ തങ്ങളെ തടഞ്ഞുവച്ച് മർദിച്ചെന്നും വാഹനങ്ങൾക്കു കേടുപാടുകൾ വരുത്തിയെന്നും ഡിഎഫ്ഒ അറിയിച്ചു.