ADVERTISEMENT

തിരുവനന്തപുരം∙ ലോക്സഭാ സ്ഥാനാർഥി നിർണയ ചർച്ചകളിലേക്ക് കേരളത്തിലെ മുന്നണികൾ കടന്നു. യുഡിഎഫ് സീറ്റ് വിഭജന ചർച്ച പൂർത്തിയാകാറായി. നിലവിലെ സീറ്റ് ധാരണ തുടരാനാണ് എൽഡിഎഫ് ഉദ്ദേശിക്കുന്നത്. എൻഡിഎയിൽ അനൗപചാരിക ചർച്ചകൾ മുറുകി.

Read also: പാർട്ടി ആവശ്യപ്പെട്ടാൽ ആലപ്പുഴയിൽ കെസി ഇറങ്ങും; പ്രമുഖരെ കളത്തിലിറക്കാൻ കോൺഗ്രസ്; സോണിയ രാജ്യസഭയിലേക്ക്?

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങൾ 10 മുതൽ 12 വരെയും സിപിഐ സംസ്ഥാന നിർവാഹകസമിതി, കൗൺസിൽ യോഗങ്ങൾ 9 മുതൽ 11 വരെയും ചേരും. സ്ഥാനാർഥികളുടെ പ്രഖ്യാപനം ഈ യോഗങ്ങൾക്കു ശേഷം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. സീറ്റ് വിഭജനം ഔപചാരികമായി പൂർത്തിയാക്കിയ ശേഷമേ പാർട്ടികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കൂ. 

മുതിർന്ന നേതാക്കളെയും ചില എംഎൽഎമാരെയും സിപിഎം രംഗത്തിറക്കുമെന്നാണു സൂചന. എ.വിജയരാഘവൻ (പാലക്കാട്), കെ.കെ.ശൈലജ (കണ്ണൂർ/വടകര), തോമസ് ഐസക് (പത്തനംതിട്ട/ആലപ്പുഴ), എളമരം കരീം (കോഴിക്കോട്), എം.സ്വരാജ് (പാലക്കാട് / കൊല്ലം), കടകംപള്ളി സുരേന്ദ്രൻ (ആറ്റിങ്ങൽ), നടൻ മുകേഷ് (കൊല്ലം), സി.രവീന്ദ്രനാഥ് (ചാലക്കുടി), ടി.വി.രാജേഷ് (കാസർകോട്), ജോയ്സ് ജോർജ് (ഇടുക്കി) എന്നിവരെ പരിഗണിക്കുന്നുണ്ട്. ആലത്തൂരിൽ എ.കെ.ബാലന്റെയും കെ. രാധാകൃഷ്ണന്റെയും പേര് ചർച്ചയിലുണ്ടെങ്കിലും ഇരുവർക്കും മത്സരിക്കാൻ താൽപര്യമില്ല. എറണാകുളത്ത് സ്ഥാനാർഥി ക്ഷാമം തുടരുന്നു.

സിപിഐ തലസ്ഥാനം പിടിക്കാൻ ആര്?

തിരുവനന്തപുരത്ത് ആരെ മത്സരിപ്പിക്കും? സിപിഐ നേതാക്കൾ തല പുകച്ച് ആലോചിക്കുകയാണ്. ബിനോയ് വിശ്വത്തെ പരിഗണിച്ചെങ്കിലും സംസ്ഥാന സെക്രട്ടറി ആയതോടെ ആ സാധ്യത ഇല്ലാതായി. പന്ന്യൻ രവീന്ദ്രന്റെ പേര് സിപിഎം തന്നെ അനൗപചാരികമായി സിപിഐയോടു പറഞ്ഞിട്ടുണ്ട്. പാർലമെന്ററി രംഗത്തേക്ക് ഇനിയില്ല എന്നതിൽ പന്ന്യൻ ഉറച്ചു നിൽക്കുകയാണ്.

തൃശൂരിൽ വി.എസ്.സുനിൽകുമാറിനാണ് സാധ്യത. മുതിർന്ന നേതാവ് കെ.പി.രാജേന്ദ്രനായി വാദിക്കുന്നവരുമുണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ ദേശീയ നിർവാഹകസമിതി അംഗം ആനി രാജയെ നിർത്തണമെന്ന അഭിപ്രായം പാർട്ടിക്കു മുന്നിലുണ്ട്. മാവേലിക്കരയിൽ എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രി പി.പ്രസാദിന്റെ അഡിഷനൽ പ്രൈവറ്റ് സെക്രട്ടറിയുമായ സി.എ.അരുൺ കുമാറിനെയാണ് പരിഗണിക്കുന്നത്.

കോൺഗ്രസ് ആലപ്പുഴയിലും കണ്ണൂരിലും ആരു വരും?

ആലപ്പുഴയിലും കണ്ണൂരിലും ആരാകും സ്ഥാനാർഥി എന്നതാണ് കോൺഗ്രസിൽ മുറുകുന്ന ചർച്ച. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കണ്ണൂരിൽ വീണ്ടും മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. സീറ്റ് നിലനിർത്താൻ അദ്ദേഹം തന്നെ വേണമെന്ന് പറയുന്നവരുണ്ട്. കെപിസിസി ജനറൽ സെക്രട്ടറി കെ.ജയന്തിനെയാണ് തനിക്കു പകരം സുധാകരൻ നിർദേശിക്കുന്നത്. മുൻ മേയർ ടി. മോഹനൻ, എഐസിസി വക്താവ് ഷമ മുഹമ്മദ്, കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ് എന്നിവരും സാധ്യതാ പട്ടികയിലുണ്ട്.

ആലപ്പുഴയിൽ കെ.സി.വേണുഗോപാൽ മത്സരിക്കണമെന്ന ശക്തമായ ആവശ്യമുണ്ടെങ്കിലും രാജ്യസഭാംഗവും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയും ആയതിനാൽ ഹൈക്കമാൻഡിന്റേതാകും തീരുമാനം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനുവേണ്ടി വാദിക്കുന്നവരുമുണ്ട്. നടൻ സിദ്ദിഖിന്റേതാണ് ഇവിടെ അപ്രതീക്ഷിതമായി ഉയർന്ന പേര്.

രാഷ്ട്രീയ പ്രവേശത്തിനോ തിരഞ്ഞെടുപ്പിൽ മത്സരിക്കാനോ ഉദ്ദേശ്യമില്ല. മുൻപ് അരൂർ നിയമസഭാ സീറ്റിലേക്കും പേര് ഇതുപോലെ പ്രചരിച്ചിരുന്നു.   (ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന പ്രചാരണത്തെക്കുറിച്ച്)

 

 

എൻഡിഎ തുഷാർ കോട്ടയത്തോ ഇടുക്കിയിലോ?

ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എൻഡിഎ സ്ഥാനാർഥിയാവണമെന്ന് ബിജെപി നിർദേശിച്ചു. എന്നാൽ, ഇടുക്കിയിൽ മൽസരിക്കാനാണ് തുഷാർ താൽപര്യപ്പെടുന്നതെന്നും ആ സീറ്റ് ലഭിക്കുന്നില്ലെങ്കിൽ മൽസരിച്ചേക്കില്ലെന്നും ബിഡിജെഎസ് വൃത്തങ്ങൾ പറഞ്ഞു. തൃശൂരിൽ സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വം ഉറപ്പിച്ച ബിജെപി തിരുവനന്തപുരം, പത്തനംതിട്ട, ആറ്റിങ്ങൽ, പാലക്കാട് മണ്ഡലങ്ങളിലും പ്രബലരെ ഇറക്കാനുള്ള ശ്രമത്തിലാണ്.

തിരുവനന്തപുരത്ത് കേന്ദ്രനേതാവ് വരുമെന്ന പ്രതീതിയാണ് ശക്തം. ധനമന്ത്രി നിർമല സീതാരാമനെയാണ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ എസ്.ജയശങ്കർ, രാജീവ് ചന്ദ്രശേഖർ എന്നിവരുടെ പേരുകളും ഉയർന്നു. ആറ്റിങ്ങലിൽ കേന്ദ്രമന്ത്രി വി.മുരളീധരനാകും സ്ഥാനാർഥി. പി.സി.ജോർജ് പത്തനംതിട്ടയിൽ സ്ഥാനാർഥിയാകാനാണ് സാധ്യത.

English Summary:

Political parties in Kerala entered into Lok Sabha candidate selection discussions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com