‘ലക്ഷ്യം തിരഞ്ഞെടുപ്പ്; തൽപരകക്ഷികളുമായി ചേർന്ന് ഗൂഢാലോചന നടത്തി, പൂരം അട്ടിമറിക്കാന് നേരത്തേ തീരുമാനിച്ചു’

Mail This Article
തിരുവനന്തപുരം ∙ തൃശൂർ പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടെന്ന്, പൂരം കലക്കൽ അന്വേഷിച്ച എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ട്. തിരുവമ്പാടി ദേവസ്വം ഭാരവാഹികളുടെ പേരെടുത്തു കുറ്റപ്പെടുത്തുന്ന റിപ്പോർട്ടിൽ, പക്ഷേ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിച്ചത് ഏതു രാഷ്ട്രീയ പാർട്ടിയാണെന്ന വെളിപ്പെടുത്തലില്ല. അതേസമയം, ബിജെപിയുടെ ഒരു സംസ്ഥാന വൈസ് പ്രസിഡന്റ്, ആർഎസ്എസിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാവ് എന്നിവരുടെ പേരുകൾ മൊഴിയുടെ രൂപത്തിൽ അനുബന്ധമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
നിയമവിരുദ്ധമായ ആവശ്യങ്ങളുന്നയിച്ചു തിരുവമ്പാടി ദേവസ്വത്തിലെ ചിലർ കുഴപ്പങ്ങൾ സൃഷ്ടിച്ചെന്നും തൽപരകക്ഷികളുമായി ഗൂഢാലോചന നടത്തി ഉത്സവം അട്ടിമറിച്ചെന്നുമാണ് അജിത്കുമാറിന്റെ കണ്ടെത്തൽ. നിയമവിരുദ്ധമായ ആവശ്യങ്ങൾ അനുവദിക്കാതിരുന്നാൽ പൂരം അട്ടിമറിക്കണമെന്ന തീരുമാനം നേരത്തേ എടുത്തിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. സംസ്ഥാന പൊലീസ് മേധാവിക്കു സെപ്റ്റംബറിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ‘മലയാള മനോരമ’യ്ക്കു ലഭിച്ചു.
‘തിരുവമ്പാടി ദേവസ്വം ആദ്യം മുതൽതന്നെ നിയമവിരുദ്ധവും നടപ്പാക്കാൻ സാധിക്കാത്തതുമായ ആവശ്യങ്ങൾ ഉന്നയിച്ചും, ചെറിയ വിഷയങ്ങൾ ഊതിപ്പെരുപ്പിച്ചും പൂരം പൂർത്തിയാകാതിരിക്കാനുള്ള ശ്രമം നടത്തി. പൂരം നിർത്തിവയ്പിച്ചു സംസ്ഥാന സർക്കാരിനും ജില്ലാ ഭരണകൂടത്തിനുമെതിരെ വികാരം സൃഷ്ടിക്കാൻ ശ്രമിച്ചു. തിരുവമ്പാടി ദേവസ്വം ഭാരവാഹികളും തൽപര കക്ഷികളും ചേർന്നു സ്ഥാപിത താൽപര്യത്തിനായി പൂരം അട്ടിമറിച്ചതു ലോക്സഭാ തിരഞ്ഞെടുപ്പിൽ വിഷയലാഭത്തിനായി തൽപര കക്ഷികൾ ഉപയോഗിച്ചു.’– റിപ്പോർട്ടിൽ പറയുന്നു.
പൊലീസ് നിയമപരമായാണു പ്രവർത്തിച്ചതെന്നും കമ്മിഷണർ അങ്കിത് അശോകന്റെ പ്രവർത്തനത്തോടുള്ള നീരസം ചില പൊലീസ് ഉദ്യോഗസ്ഥർ പൂരക്കാര്യത്തിൽ ഉപയോഗപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്. അട്ടിമറി സൂചനകളൊന്നും പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നൽകിയിരുന്നില്ല. പൂരം നടത്തുകയല്ല, തൊടുന്യായം പറഞ്ഞു പൂരം അട്ടിമറിക്കുകയായിരുന്നു ഉദ്ദേശ്യമെന്നും റിപ്പോർട്ടിൽ പറയുന്നു.
തീരാതെ ത്രിതല അന്വേഷണം
ക്രമസമാധാനപാലന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ.അജിത്കുമാറിന്റെ ഭാഗത്ത് പൂരം സുരക്ഷയിൽ വീഴ്ച സംഭവിച്ചോ എന്നു പരിശോധിക്കണം എന്ന കത്തോടെയാണ് ഡിജിപി ഈ റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറിയത്. തുടർന്ന് റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ചു വിശദമായി അന്വേഷിച്ചു കേസെടുക്കാൻ ക്രൈംബ്രാഞ്ച് മേധാവിയെയും മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിക്കാൻ ഇന്റലിജൻസ് മേധാവിയെയും സർക്കാർ ചുമതലപ്പെടുത്തി. അജിത്കുമാറിനു വീഴ്ച സംഭവിച്ചോയെന്നു ഡിജിപിയും അന്വേഷിക്കുന്നു. ഇവ പൂർത്തിയായിട്ടില്ല.