ചെറുപ്പത്തിലേ സ്വതന്ത്ര ജീവിതം പഠിക്കണം: 12 വയസ്സുകാരിക്ക് വീട് സമ്മാനം നൽകി മാതാപിതാക്കൾ

Mail This Article
ബാല്യകാലം പിന്നിട്ട് മുതിരുമ്പോൾ മക്കളെ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിക്കേണ്ടത് മാതാപിതാക്കളുടെയും ഉത്തരവാദിത്വമാണ്. എന്നിരുന്നാലും പഠനം കഴിഞ്ഞു ജോലിയായി വിവാഹവും കഴിഞ്ഞാണ് അച്ഛനമ്മമാരുടെ ചിറകിൻകീഴിൽ നിന്നുമാറി, സ്വന്തമായി ഒരു വീട് കണ്ടെത്തി, പലരും സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങുന്നത്.
എന്നാൽ സ്വതന്ത്ര ജീവിതം ആസ്വദിക്കാൻ 12 വയസ്സുകാരിയായ മകൾക്ക് അവസരം ഒരുക്കിയിരിക്കുകയാണ് ഓഡ്രേ ബാർട്ടൻ എന്ന യുവതിയും ഭർത്താവ് ലൂക്കും. ചെറുപ്രായത്തിൽതന്നെ മകൾക്ക് തനിച്ച് താമസിക്കാനായി ഒരു വീട് ഇവർ നിർമിച്ചുനൽകി.
മകൾക്ക് സ്വന്തമായി ജീവിക്കാൻ അവസരം ഒരുക്കുക എന്നതാണ് ലക്ഷ്യമെങ്കിലും അതിലേക്ക് ഇവരെ നയിച്ച കാരണം മറ്റൊന്നായിരുന്നു. ഇവരുടെ വീട്ടിൽ കുറച്ചുകാലം മുൻപ് തീപിടിത്തം ഉണ്ടായി. മൂന്നു മക്കൾ അടങ്ങുന്ന തങ്ങളുടെ കുടുംബത്തിന്റെ ഭാവിയെക്കുറിച്ച് ഇരുവരും ആഴത്തിൽ ചിന്തിച്ച അവസരമായിരുന്നു അത്. അപകടത്തെ തുടർന്നുണ്ടായ മാനസികവും വൈകാരികവുമായ ബുദ്ധിമുട്ടുകളെ ക്രിയാത്മകമായ രീതിയിൽ മറികടക്കാനായിരുന്നു ഇവരുടെ തീരുമാനം.
മക്കൾക്കായി ഭാവിയിലേക്ക് നൽകാൻ വലിയ സ്വത്തു വകകളോ ബാങ്ക് ബാലൻസോ കരുതി വച്ചിട്ടില്ലാത്തതിനാൽ സ്വതന്ത്രമായി താമസിക്കാനുള്ള ഇടം അവർക്ക് ഒരുക്കിയാലോ എന്നായി ചിന്ത. അങ്ങനെ 12 വയസ്സുകാരിക്കായി ഒരു വീട് നിർമ്മിക്കാൻ തീരുമാനിച്ചു. സ്വതന്ത്രമായി ഒരുക്കിയ വീടാണെങ്കിലും മകളുടെ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് ക്രമീകരണം. ബാത്റൂം, അടുക്കള, കിടപ്പുമുറി എന്നിവയ്ക്കു പുറമേ ഹീറ്ററും കൂളറും എല്ലാം ഒരുക്കി. 21 ലക്ഷം രൂപയാണ് ചെറുവീടിനായി വീടിനായി കുടുംബം ചെലവഴിച്ചത്.
വീടിന്റെ പൂർണമായ ഉത്തരവാദിത്വം മകൾക്ക് വിട്ടു നൽകിയിരിക്കുകയാണ് മാതാപിതാക്കൾ. അതിനുള്ളിലെ സാധനങ്ങൾ കേടാകാതെ സൂക്ഷിക്കേണ്ടതും വൃത്തിയാക്കേണ്ടതും എല്ലാം മകളുടെ ചുമതലയാണ്. ഇതിനുപുറമേ വസ്ത്രങ്ങൾ സ്വയം കഴുകണമെന്നും മകളെ പഠിപ്പിച്ചിട്ടുണ്ട്.
ഒരു വീട് സ്വയം നോക്കി നടത്താൻ മകൾ പഠിക്കുന്നതിലൂടെ സ്വതന്ത്രമായ രീതിയിൽ ഉത്തരവാദിത്വത്തോടെ ജീവിക്കേണ്ടത് എങ്ങനെ എന്ന് മനസ്സിലാക്കാൻ സഹായിക്കും എന്നാണ് മാതാപിതാക്കളുടെ വിശ്വാസം. മകളുടെ അപ്പാർട്ട്മെന്റിന്റെയും അത് വൃത്തിയാക്കുന്നതിന്റെയുമൊക്കെ വിഡിയോ ഓഡ്രേ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. മാതാപിതാക്കളുടെ ഈ ഐഡിയയെ അഭിനന്ദിച്ചു കൊണ്ടാണ് ഭൂരിഭാഗമാളുകളും പ്രതികരണങ്ങൾ അറിയിക്കുന്നത്.