അങ്കണവാടി ജീവനക്കാരുടെ സമരം ആറാം ദിവസത്തിലേക്ക്

Mail This Article
തിരുവനന്തപുരം ∙ വേതന വർധന ഉൾപ്പെടെ പത്ത് ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ അങ്കണവാടി ജീവനക്കാർ നടത്തുന്ന സമരം 5 ദിവസം പിന്നിട്ടു. എൻ ജി ഒ അസോസിയേഷൻ, സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ തുടങ്ങിയ സംഘടനകളും മഹിളാ കോൺഗ്രസ്, ഫോർവേഡ് ബ്ലോക്ക് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളും സമരത്തിന് പിന്തുണയുമായി പ്രകടനം നടത്തി. ഇന്ത്യൻ നാഷനൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ (ഐഎൻടിയുസി) നേതൃത്വത്തിൽ നടത്തുന്ന സമരത്തിൽ കോട്ടയം, പത്തനംതിട്ട ജില്ലകളിലെ അങ്കണവാടി ജീവനക്കാരാണ് ഇന്നലെ പങ്കെടുത്തത്.
ഇന്നലെ ഡിസിസി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അജയ് തറയിൽ അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ജോമോൻ കുളങ്ങര, നന്ദിയോട് ജീവകുമാർ, പി.സൊണാൽജി, അനിതാ രാജു, ബേബിക്കുട്ടി ജോസഫ്, മീര പോത്തൻ, ആൻസി ജോസഫ്, രാധാമണി, സജിത, എ.എൽ.ബിൻസി ജോസഫ്, റോസമ്മ ജോൺ എന്നിവർ പ്രസംഗിച്ചു, കെ.കെ.രമ എംഎൽഎ, വി.എസ്.ശിവകുമാർ, എൻജിഒ അസോസിയേഷൻ പ്രസിഡന്റ് ചവറ ജയകുമാർ, സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് ഇർഷാദ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഗായത്രി നായർ, സംസ്ഥാന വൈസ് പ്രസിഡന്റ് ലക്ഷ്മി, ഡോ.മേരി ജോർജ്, ഡോ ജി.വി.ഹരി, ജെ.എസ്.അടൂർ എന്നിവരും സമരപ്പന്തൽ സന്ദർശിച്ചു.
സമരത്തിനെതിരെ ഹർജി
കൊച്ചി ∙ അങ്കണവാടി പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുൻപിൽ റോഡും നടപ്പാതയും കയ്യേറിയാണ് സമരം നടത്തുന്നതെന്നും ഇത് കോടതിയലക്ഷ്യമാണെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി. പ്രതിപക്ഷ നേതാവുൾപ്പെടെയുള്ളവരെ എതിർകക്ഷിയാണു മരട് സ്വദേശി എൻ.പ്രകാശ് നൽകിയ ഹർജി.