മോദിയെ പുച്ഛിച്ചു, രാഹുലിനെ പുകഴ്ത്തി; ശിവസേനയ്ക്കുമപ്പുറം മഹാരാഷ്ട്രയിൽ...?
Mail This Article
അസാധ്യമെന്നു തോന്നിയ ബിജെപി – ശിവസേന സഖ്യം സാധ്യമായി. സാധ്യമെന്നു കരുതിയിരുന്ന പ്രതിപക്ഷ മഹാസഖ്യം അസാധ്യമായി തുടരുന്നു. സീറ്റുകളുടെ എണ്ണത്തിൽ രാജ്യത്തു രണ്ടാമതു നിൽക്കുന്ന മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പിനു മുൻപു കൂട്ടിക്കിഴിക്കലുകൾ പൂർത്തിയായിട്ടില്ല. പാളയത്തിലെ ശത്രുവായിരുന്ന ശിവസേനയെ കൂടെ നിർത്താനായതു ബിജെപിയുടെയും പാർട്ടി അധ്യക്ഷൻ അമിത് ഷായുടെയും വിജയമാണ്. എൻഡിഎയിലെ മുഖ്യ സഖ്യകക്ഷി ഒറ്റയ്ക്കു മത്സരിക്കുമെന്നാണ് ഏറെ നാൾ ഭീഷണി മുഴക്കി വന്നത്. കിട്ടിയ അവസരത്തിലെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുച്ഛിച്ചും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പുകഴ്ത്തിയും വന്ന ശിവസേനയ്ക്കു മനം മാറിയതിനു പിന്നിൽ കുശാഗ്രബുദ്ധിയോടെ ബിജെപി നടത്തിയ രാഷ്ട്രീയ നീക്കങ്ങളുണ്ട്.
കേന്ദ്രത്തിൽ വീണ്ടും വലിയ ഒറ്റക്കക്ഷിയാകുക ബിജെപി തന്നെയാവുമെന്നു ശിവസേനയെ ബോധ്യപ്പെടുത്തിയതായിരുന്നു ഇതിൽ പ്രധാനം. വലിയ കക്ഷിക്കു സർക്കാരുണ്ടാക്കാൻ ക്ഷണം കിട്ടും. അപ്പോൾ തിരഞ്ഞെടുപ്പു കാലത്തു കൂടെ നിൽക്കാതിരുന്ന ശിവസേനയെ ഒഴിവാക്കും; എൻസിപിയെ ഉൾപ്പെടുത്തും. ഇതോടെ, രാഷ്ട്രീയമായി ശിവസേന ഒറ്റപ്പെടാനുള്ള സാധ്യതയാണു ബിജെപി മുന്നോട്ടു വച്ചത്. ഇതോടൊപ്പം സീറ്റുകൾ ഏറെക്കുറെ തുല്യമായി വീതം വയ്ക്കാനുള്ള തീരുമാനം കൂടിയായപ്പോൾ ശിവസേന കൂടെ നിന്നു: 25 സീറ്റ് ബിജെപിക്ക്; 23 ശിവസേനയ്ക്ക്. കേന്ദ്ര സർക്കാരിൽ സഹമന്ത്രി കൂടിയായ റാംദാസ് അഠാവലെയുടെ റിപ്പബ്ലിക്കൻ പാർട്ടി പുറത്ത്.
തകരാതെ നിൽക്കുന്ന ഭരണസഖ്യത്തിന്റെ ശക്തി തന്നെ അവരുടെ ദൗർബല്യം. ഇത്ര നാൾ കേന്ദ്ര ഭരണത്തിന്റെ രൂക്ഷവിമർശകരായിരുന്ന ശിവസേനയുടെ മുൻകാല വാക്കുകളും ചെയ്തികളും പ്രതിപക്ഷത്തിന് ആയുധമാകും. സഖ്യത്തിനു പുറത്തായ അഠാവലെ ദലിത് നേതാവും നിമിഷ കവിയുമാണ്. യുപിഎയെ പിന്തുണച്ചിരുന്ന കാലത്ത്, ലോക്സഭയിലെ പ്രസംഗത്തിനിടെ ‘മൻമോഹൻ സിങ് സർക്കാർ ശക്തം, അഠാവലെയെ മന്ത്രിസഭയിലെടുത്താൻ അതിശക്തം’ എന്നു കവിതയിൽ പറഞ്ഞയാളാണ്. കഴിഞ്ഞ സമ്മേളനത്തിന്റെ അവസാന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിപ്പാടിയ വരികൾ പക്ഷേ വെറുതെയായി. തിരഞ്ഞെടുപ്പു ചൂടേറുമ്പോൾ അഠാവലെയുടെ ‘കവിത്വം’ യുപിഎയെ സഹായിച്ചു കൂടെന്നില്ല.
മറുപുറത്ത്, കോൺഗ്രസ്, പ്രതിപക്ഷ മഹാസഖ്യം ലക്ഷ്യമിട്ടിട്ടു നാളേറെയായി. തൽക്കാലം എൻസിപിയുമായി മാത്രമേ ധാരണയായിട്ടുള്ളൂ. പ്രകാശ് അംബദ്കറുടെ ബഹുജൻ മഹാസഖ്യത്തെയും രാജു ഷെട്ടിയുടെ സ്വാഭിമാനി പക്ഷത്തെയും കൂടെ നിർത്താനുള്ള ശ്രമങ്ങൾ തുടരുന്നതേയുള്ളൂ. നിരവധി ദലിത് സംഘടനകളും അസദുദീൻ ഉവൈസിയുടെ എഐഎംഐഎം ഉൾപ്പെടെ ചെറു പാർട്ടികളും പ്രകാശ് അംബദ്കർക്കൊപ്പമുണ്ട്. സംസ്ഥാന വ്യാപകമായി നിരവധി സീറ്റുകളിൽ ജയപരാജയങ്ങൾ നിർണയിക്കാനുള്ള സ്വാധീനമാണു കരുത്ത്. ഇതിനകം 12 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച പ്രകാശ് അംബദ്കർ കോൺഗ്രസിനും എൻസിപിക്കും മേൽ ചെലുത്തുന്നതു ശക്തമായ സമ്മർദമാണ്.
സ്വാഭിമാനി പക്ഷ എൻഡിഎ സഖ്യം വിട്ടാണു മറുപക്ഷത്തേയ്ക്കു ചാഞ്ഞത്. ആവശ്യപ്പെടുന്നതു 4 സീറ്റ്. കോൺഗ്രസും എൻസിപിയും 40 സീറ്റുകൾ തുല്യമായി പങ്കിടുക, 6 സീറ്റ് മഹാസംഘിനും 2 സ്വാഭിമാനിക്കും വിട്ടുകൊടുക്കുകയെന്ന ഫോർമുലയാണു ചർച്ചയിലുള്ളത്.
തിരഞ്ഞെടുപ്പു വിഷയങ്ങൾ
സംസ്ഥാനത്തെ പിടിച്ചുലയ്ക്കുന്ന മുഖ്യ വിഷയം കാർഷിക പ്രതിസന്ധിയാണ്. കർഷക ആത്മഹത്യകൾ പെരുകുന്നു. ഉൽപന്നങ്ങൾക്കു വിലയില്ല. കർഷകരക്ഷാ പദ്ധതികൾ വിജയിക്കുന്നില്ല. 750 കിലോ സവാള വിറ്റുകിട്ടിയ 1064 രൂപ പ്രധാനമന്ത്രിക്ക് അയച്ചുകൊടുത്തു പ്രതിഷേധിച്ച വസന്ത് സാഠെ എന്ന നാസിക് കർഷകൻ സംസ്ഥാനത്തിന്റെ തന്നെ പ്രതീകമായിരിക്കുന്നു. രാഷ്ട്രീയ സ്വാധീനത്തേക്കാളുപരി സംഘടനാബലമുള്ള ഇടതു പാർട്ടികളും സ്വതന്ത്ര സംഘടനകളും കർഷകരെയും തൊഴിലാളികളെയും അണിനിരത്തി നടത്തുന്ന വൻ പ്രതിഷേധങ്ങൾ അടിയൊഴുക്കാകാം.
മോദി തരംഗത്തിന്റെ ആനുകൂല്യം ഇത്തവണ എൻഡിഎക്കില്ല. വിഷയങ്ങൾ അനുദിനം മാറിമറിയുമ്പോൾ, മിന്നലാക്രമണത്തിന്റെയും ദേശീയവികാരത്തിന്റെയും അലകൾ എത്രത്തോളം ശക്തമെന്നു തൽക്കാലം തിട്ടപ്പെടുത്താനുമാവില്ല. കേന്ദ്ര, സംസ്ഥാന ഭരണ നേട്ടങ്ങളും കോട്ടങ്ങളും കൂടി ചർച്ചാവിഷയമാകുമ്പോൾ ബിജെപി – ശിവസേന സഖ്യത്തിനു നീന്തിക്കയറേണ്ടത് ഒഴുക്കിനെതിരെയാണ്. പ്രതിപക്ഷ മഹാസഖ്യം മുടങ്ങിയാലും മുടന്തിയാലും ഒഴുക്കിനു ശക്തി കുറയും.