ഋതുമതിയായാല്‍ മുസ്‌ലിം പെൺകുട്ടിക്ക് വിവാഹിത ആകാമെന്ന് കോടതി; അപ്പീലിന് കേന്ദ്രസർക്കാർ
Mail This Article
ചണ്ഡീഗഡ്∙ ഋതുമതിയായ മുസ്‌ലിം പെൺകുട്ടിക്ക് തനിക്കിഷ്ടമുള്ളയാളെ വിവാഹം കഴിക്കുന്നതിനു തടസമില്ലെന്ന് വിധിച്ച് പഞ്ചാബ് -ഹരിയാന ഹൈക്കോടതി. പതിനെട്ട് വയസിൽ താഴെയാണെങ്കിലും മുസ്‌ലിം വ്യക്തി നിയമം അനുസരിച്ച് വിവാഹം സാധുവാകുമെന്നും കോടതി വിധിയിൽ വ്യക്തമാക്കുന്നു.
36കാരനായ യുവാവ് 17കാരിയായ യുവതിയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചാണ് ഈ വിധി. പെൺകുട്ടിക്ക് പ്രായപൂർത്തിയാവാത്തതിനാൽ വിവാഹം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങളാണ് കോടതിയെ സമീപിച്ചത്. ഇതോടെ ഇരുവരും പൊലീസിൽ സംരക്ഷണം തേടിയിരുന്നു. പ്രായവ്യത്യാസം കാരണം ഇരു കൂട്ടരുടെയും വീട്ടുകാർ വിവാഹത്തിന് എതിരാണെന്നും തങ്ങളുടെ ജീവനു സംരക്ഷണവും വീട്ടുകാരിൽ നിന്നും മോചനവും നൽകണമെന്ന് ഇവർ കോടതിയോട് ആവശ്യപ്പെട്ടു രണ്ടു വർഷമായി ഇരുവരും പ്രണയത്തിൽ ആയിരുന്നെന്നും ജനുവരി 21 ന് വിവാഹിതരായെന്നും ഇവർ കോടതിയിൽ പറഞ്ഞു.
വിവാഹത്തിന്റെ സാധുത അല്ല കണക്കാക്കിയതെന്നും ഇരുവരുടെയും ജീവന് ഭീഷണിയാണെന്നതാണ് കണക്കാക്കിയതെന്നും ജഡ്ജി പറഞ്ഞു. ആർട്ടിക്കിൾ 21 പ്രകാരം ഇരുവരുടെയും ജീവന് സംരക്ഷണം നൽകുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോടതിവിധി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും അടിയന്തര പ്രാധാന്യത്തോടെ അപ്പീൽ നൽകുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി
English Summary : Muslim Girls Can Marry Any Person Of Choice On Attaining Puberty: Court