‘രാഷ്ട്രീയം പഠിക്കൂ, നയിക്കൂ’; ബദൽ വിദ്യാർഥി സംഘടനയ്ക്ക് മുദ്രാവാക്യവുമായി തേജ് പ്രതാപ്

Mail This Article
പട്ന ∙ ആർജെഡിയിൽ തേജ് പ്രതാപ് യാദവ് പക്ഷം വിമത പ്രവർത്തനം ശക്തമാക്കുന്നു. ആർജെഡി വിദ്യാർഥി വിഭാഗത്തിനു ബദലായി തേജ് പ്രതാപ് രൂപീകരിച്ച ഛാത്ര ജനശക്തി പരിഷത്തിന്റെ 100 ദിന കർമ്മ പരിപാടികൾ പ്രഖ്യാപിച്ചു. യുവജനങ്ങളെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ ‘രാഷ്ട്രീയം പഠിക്കൂ, നയിക്കൂ’ മുദ്രാവാക്യവും തേജ് പ്രതാപ് അവതരിപ്പിച്ചു.
തേജ് പ്രതാപിന്റെ അനുയായി ആകാശ് യാദവിനെ ആർജെഡി വിദ്യാർഥി വിഭാഗം അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റിയതിനെ തുടർന്നാണ് ബദൽ സംഘടനയ്ക്കു രൂപം നൽകിയത്. തേജസ്വി യാദവിന്റെ നിർദേശാനുസരണം ആർജെഡി സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ സിങ്ങാണ് വിദ്യാർഥി നേതാവിനെ പുറത്താക്കിയത്.
ഛാത്ര ജനശക്തി പരിഷത് രാഷ്ട്രീയ പാർട്ടിയല്ലെന്നും തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ പരിപാടിയില്ലെന്നും തേജ് പ്രതാപ് വ്യക്തമാക്കി. സംഘടനയുടെ പ്രവർത്തനം ബിഹാറിനു പുറത്തേക്കു വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്. നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി സംഘടനാ നേതാക്കൾ സംസ്ഥാന വ്യാപകമായി വിദ്യാർഥി–യുവജന സമ്പർക്ക പരിപാടികൾ നടത്തും. പ്രശാന്ത് യാദവിനെ സംഘടനയുടെ ബിഹാർ സംസ്ഥാന പ്രസിഡന്റായി നിയമിച്ചു.
ഛാത്ര പരിഷത്തിൽ വിദ്യാഭ്യാസ, നിയമ, സേവന സെല്ലുകളും രൂപീകരിച്ചു. വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും മൽസര പരീക്ഷകൾക്കുള്ള പരിശീലനം നൽകുമെന്നും തേജ് പ്രതാപ് അറിയിച്ചു.
English Summary : Tej Pratap floats new student organisation 'Chhatra Janshakti Parishad' amid rumbling with Tejashwi