ADVERTISEMENT

കർണാടകയിലെ മണ്ഡ്യയിൽ ബിജെപിയുടെ പ്രചാരണ കേന്ദ്രങ്ങളിൽ തീപ്പൊരി പ്രസംഗവുമായി നടക്കുന്നു 'തൂവാനത്തുമ്പികളി'ലെ നമ്മുടെ ക്ലാര, 'താഴ്‌വാര'ത്തിലെ കൊച്ചൂട്ടി. അഥവാ കന്നടത്തിലെ സുമലത അംബരീഷ്. പക്ഷേ... ക്ലാര ആ പഴയ ക്ലാരയല്ല; കൊച്ചൂട്ടിയുമല്ല!

‘‘എനിക്ക് ഓർമയുണ്ട്..
ആദ്യം ഞാൻ അവൾക്ക് കത്തെഴുതുമ്പോൾ
മഴ പെയ്തിരുന്നു..
ആദ്യം ഞങ്ങൾ കണ്ടുമുട്ടിയപ്പോഴും
മഴ പെയ്തിരുന്നു.
എന്താ ആ കുട്ടീടെ പേര്... ക്ലാര!’’

തുവാനത്തുമ്പികളിലെ മണ്ണാറത്തൊടിയിൽ ജയകൃഷ്ണനെന്ന മോഹൻലാൽ കഥാപാത്രത്തിന്റെ വാക്കുകൾ മലയാളിക്കു മറക്കാനാവില്ല.

ഇന്നലെ മണ്ഡ്യയിൽ മഴയുണ്ടായിരുന്നില്ല.. ക്ലാരയെ സുമലത അംബരീഷായി ബിജെപിയുടെ തിരഞ്ഞെടുപ്പു വേദിയിൽ കാണുമ്പോലും മഴ പെയ്തില്ല. പക്ഷേ, സുമലതയുടെ വാക്കുകളിൽ ഒരു പെയ്ത്തുണ്ടായിരുന്നു.

‘‘നിങ്ങൾ ഇതുവരെ ഈ മണ്ഡലത്തിൽനിന്നു ജയിപ്പിച്ചു വിട്ടവർ നിങ്ങളെ പറ്റിക്കുകയല്ലായിരുന്നോ?
അതിനു നിങ്ങൾ അവരെക്കൊണ്ടു സമാധാനം പറയിപ്പിക്കണ്ടേ..
നിങ്ങൾ ഈ വോട്ട് എനിക്കു വേണ്ടിയോ ബിജെപിക്കു വേണ്ടിയോ അല്ല, ഈ മണ്ഡലത്തിലെ സ്ഥാനാർഥി എസ്.ഡി ജയറാമിനു വേണ്ടിയോ അല്ല. പിന്നെയോ...
നിങ്ങൾ നിങ്ങൾക്കുവേണ്ടിത്തന്നെ വോട്ടു ചെയ്യണം..’’

എന്നാ ഡയലോഗ്!

ജനം കയ്യടിക്കുന്നു.

അല്ല, ഇതു നമ്മുടെ ക്ലാരയല്ല, താഴ്‌വാരത്തിലെ ബാലന്റെ കൊച്ചൂട്ടിയുമല്ല വേറെയാരോ? എന്നു തോന്നിപ്പിക്കുന്ന മാറ്റം.

മണ്ഡ്യയിൽ പഴയ മൈസൂർ ബെംഗളൂരു റോഡിൽ ഗ്രീൻപാർക്ക് ഹാളിനു മുന്നിലാണു ഞങ്ങൾ ആദ്യം സുമലതലയെ കണ്ടെത്തിയത്. ഹാളിന് ഒരു തിയ്യറ്റർ അന്തരീക്ഷം. കരിമ്പുപാടങ്ങളിൽ പണിയെടുക്കുന്ന കർഷകത്തൊഴിലാളികളെ ഓരോ ബസുകളിലായി സംഘാടകർ എത്തിക്കുകയാണ്. തിയറ്ററിനു മുന്നിലെന്നതുപോലെ ക്യൂ നിർത്തിയിരിക്കുന്നു. തലയെണ്ണിയാണ് അകത്തേക്ക് കടത്തിവിടുന്നത്. സുമലതയുടെ ഒരു സിനിമ കാണാൻ ടിക്കറ്റുമുറിച്ച് തിയറ്ററിലേക്ക് ആളെക്കയറ്റുന്നതുപോലുണ്ട്.

മഹിളാമോർച്ചയുടെ നേതാക്കൾ തലയെണ്ണം കൃത്യം കുറിച്ചെടുക്കുന്നു. ഓരോ നേതാക്കന്മാർക്കും നൽകിയ ടാർഗറ്റ് മുട്ടിയോ എന്നും നോക്കണം.പെട്ടെന്ന് ഓഡിറ്റോറിയത്തിനു മുന്നിൽ മാലപ്പടക്കം പൊട്ടിത്തുടങ്ങി. തിയറ്റർ സ്ക്രീനിലേക്ക് എന്നതുപോലെ കറുത്തസാരിയുടുത്ത് കറുത്ത കട്ടിക്കണ്ണടയും വച്ചു സുമലത വണ്ടിയിറങ്ങി.

ഒന്നുരണ്ടു സ്ത്രീകൾ വന്ന് സിന്ദൂരപ്പൊടി ചാലിച്ച പാത്രത്തിൽ ആരതി കത്തിച്ചുവച്ച് ഉഴിഞ്ഞു. പിന്നെ പാത്രം സുമലതയുടെ കാൽചുവട്ടിൽ വച്ച് പൂക്കൾ കൊണ്ടു പാദപൂജ ചെയ്തു.

sumalatha-karnataka-2
കർണാടകയിലെ മണ്ഡ്യയിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലേർപ്പെട്ടിരിക്കുന്ന സുമലത എം.പി. ചിത്രം: വിഷ്‌ണു വി. നായർ

സുമലത വേദിയിലേക്ക്

ചെറിയൊരു പ്രസംഗം. മണ്ഡ്യ എംപിയായി ലോക്സഭയിലേക്കു മത്സരിച്ചപ്പോൾ നിങ്ങൾ എന്നെ ആശീർവദിച്ചു. നാലുവർഷം ഞാൻ സ്വതന്ത്രയായി നിലകൊണ്ടു. ഇപ്പോൾ ബിജെപി സ്ഥാനാർഥി അശോക് എസ്.ഡി.ജയറാമിനെ നിങ്ങൾ വിജയിപ്പിക്കണമെന്നു ‍ഞാൻ അഭ്യർഥിക്കുന്നു(സ്ഥാനാർഥി എഴുന്നേറ്റുകൈകൂപ്പുന്നു). കർണാടകയിൽ ഡബിൾ എൻജിൻ സർക്കാർ വരണം. മൈക്കിനുമുന്നിൽ നിന്ന് എല്ലാം ചെയ്തെന്നുവിളിച്ചു പറയാൻ മുൻ എംഎൽഎ മാർക്ക് ഒരു മടിയുമില്ല. നിങ്ങൾക്ക് എന്താണു കിട്ടിയതെന്നു നിങ്ങൾക്കറിയാം. ഇവിടെ ആവശ്യത്തിനു സ്കൂളുണ്ടോ, റോഡുണ്ടോ, വിദ്യുത് കമ്പികളുണ്ടോ...?

സ്റ്റേജിൽ നിന്നു തിരിച്ചിറങ്ങിയതും നാട്ടുകാർ പൊതിഞ്ഞു. സെൽഫി എടുക്കലും ബഹളവുമാണ്.

2019ൽ മണ്ഡ്യ ലോക്സഭാമണ്ഡലത്തിൽ സ്വതന്ത്രയായി മത്സരിച്ച സുമലത അന്നു തോൽപിച്ചത് മുൻ മുഖ്യമന്ത്രി കുമാരസാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയേയാണ്. ബിജെപിയുടെ പിന്തുണയോടെ മത്സരിച്ച സുമലത ഒരുലക്ഷത്തിലേറെ വോട്ടുകൾക്കാണു വിജയിച്ചത്. ഭർത്താവ് നടനും മുൻ കേന്ദ്രമന്ത്രിയുമായ അംബരീഷിനോടു മണ്ഡ്യയിലെ ജനങ്ങൾക്കുള്ള സ്നേഹവും കരുത്തായി. 57 സീറ്റുകളുള്ളള ദക്ഷിണകന്നഡയിൽ 20 സീറ്റുകൾ ലക്ഷ്യമിട്ട് അമിത് ഷാ സുമലതയെ രംഗത്തിറക്കിയിരിക്കുകയാണ്. ആറു മണ്ഡലങ്ങളിലായി നൂറുകണക്കിനുവേദികളിൽ ഓടി നടക്കുന്നു സുമലത.

രണ്ടാമത്തെ പ്രസംഗവേദിയായ വസഹള്ളി സരസ്വതി ഓഡിറ്റോറിയത്തിലെത്തിയപ്പോഴും തനിയാവർത്തനം. ആരതി ഉഴിയൽ, പാദപൂജ,പ്രസംഗം, സെൽഫി.

പുറത്തിറങ്ങുമ്പോൾ ക്യാമറകൾ വളഞ്ഞു നിൽക്കുന്നു. സിനിമാ ക്യാമറയ്ക്കുമുന്നിൽ നിന്നു മാറിനിന്നിട്ടും സുമലതയെ ക്യാമറകൾ പൊതിയുന്നു.

മലയാളികൾക്കുവേണ്ടി‘ ക്ലാര’യോടു ചില ചോദ്യങ്ങൾ ചോദിച്ചു:

കോൺഗ്രസും ജെ‍എഡിഎസുമായി ബന്ധങ്ങളുള്ള അംബരീഷിന്റെ ഭാര്യ സുമലത എങ്ങനെ ബിജെപി ക്യാംപിലെത്തി?

∙ ഇപ്പോൾ രാജ്യത്ത് വികസനം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്നത് നരേന്ദ്രമോദി സർക്കാരാണ്. വികസനത്തിനൊപ്പം നിൽക്കുകയാണ് ഒരുജനപ്രതിനിധിയുടെ കർത്തവ്യം.

മതേതര സ്വഭാവമുള്ള പ്രമുഖ കോൺഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യ ബിജെപിയുടെ കൈകോർക്കുന്നു. എന്താണ് ഈ മാറ്റം.?

∙ എന്റെ കാഴ്ചപ്പാടിൽ ഇപ്പോൾ ബിജെപിക്കാണു മതേതര സ്വഭാവം.

ബിജെപി മുസ്‌ലിം വിഭാഗത്തിന്റെ സംവരണം എടുത്തുമാറ്റാൻ ശ്രമിക്കുന്നു. പിന്നെങ്ങനെ മതേതര സ്വഭാവമുണ്ടെന്നു നിങ്ങൾ പറയുന്നു.?

∙ സംവരണത്തെ ഭരണഘടാപരമായി കറക്ട് ചെയ്യുന്ന നടപടിയാണത്. മാത്രമല്ല ഇപ്പോൾ കോടതിയുടെ പരിഗണനയിലുമാണ്. അതിനെക്കുറിച്ചു നമുക്കു പിന്നീട് സംസാരിക്കാം.

മലയാള സിനിമാ ജീവിതം ഇപ്പോഴും മനസ്സിലുണ്ടോ?

∙എങ്ങനെ മറക്കും.ഞാൻ ചെയ്ത ഏറ്റവും നല്ല സിനിമകൾ മലയാളത്തിലാണ്. തുവാനത്തുമ്പികളിലെ ക്ലാരയും താഴ്‌വാരത്തിലെ കൊച്ചൂട്ടിയും ഇപ്പോഴും ഉള്ളിലുണ്ട്. ഏറ്റവും മികച്ച സംവിധായകർക്കും നടന്മാർക്കുമൊപ്പമാണു ഞാൻ ജോലിചെയ്തത്.

മലയാളത്തിലെ താരങ്ങളൊക്കെ ഇപ്പോഴും വിളിക്കാറുണ്ടോ?

∙ഞങ്ങൾക്ക് എയ്റ്റീസിലെ നടീ നടൻമാരുടെ കൂട്ടായ്മയുണ്ടല്ലോ. ലിസിയും മോഹൻലാലും റഹ്മാനും സുഹാസിനിയും ഒക്കെയായി ഒരുമിച്ചുകൂടാറുണ്ട്. അതു നല്ല രസമാണ്.

കേരളത്തെക്കുറിച്ച്, മലയാളികളെക്കുറിച്ചു പറയുമ്പോൾ കട്ടിക്കണ്ണടയ്ക്കുള്ളിലൂടെ പഴയ ക്ലാരയുടെ നോട്ടം തെളിഞ്ഞു വരുന്നു.

മണ്ണാറത്തൊടി ജയകൃഷ്ണൻ ക്ലാരയോടു പറയുന്ന ആ പത്മരാജൻ ഡയലോഗ്, ഇങ്ങുദൂരെ കരിമ്പുപാടങ്ങളുടെ ‘താഴ്‌വാര’ത്തുനിന്നു സുമലത മലയാളികളോടു പറയാതെ പറയുന്നു:

‘‘ഓർമിക്കുവാൻ നമുക്കിടയിൽ ഒന്നുമില്ല...
പക്ഷേ മറക്കാതിരിക്കാൻ
നമുക്കിടയിൽ എന്തോ ഉണ്ട്’’

English Summary: Karnataka Elections 2023 - Special Interview with Sumalatha Ambareesh MP

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com