അമ്പൂരി രാഖി വധം: മൂന്നു പ്രതികളും കുറ്റക്കാര്‍; ശിക്ഷാ വിധി ജൂൺ 9ന്

Mail This Article
തിരുവനന്തപുരം∙ അമ്പൂരി രാഖി വധക്കേസില്‍ മൂന്നു പ്രതികളും കുറ്റക്കാരെന്നു കോടതി. അമ്പൂരി തട്ടാൻമുക്ക് അശ്വതി ഭവനിൽ അഖിൽ, ജ്യേഷ്ഠൻ രാഹുൽ, അമ്പൂരി തട്ടാൻമുക്ക് ആദർശ് ഭവനിൽ കണ്ണൻ എന്ന ആദർശ് എന്നിവരാണു പ്രതികൾ. തിരുവനന്തപുരം ആറാം സെഷൻസ് കോടതി ഈ മാസം ഒൻപതിനു പ്രതികൾക്കുള്ള ശിക്ഷ വിധിക്കും. 2019 ജൂണ്‍ ഇരുപത്തിയൊന്നിനായിരുന്നു കൊലപാതകം.
രാഖിയെ അമ്പൂരിയിലെ വീട്ടിലെത്തിച്ച് ഒന്നാം പ്രതിയായ അഖില്‍ സഹോദരന്റെയും സുഹൃത്തിന്റെയും സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നു. ആഴ്ചകള്‍ മുന്‍പേ തയാറാക്കിയ തിരക്കഥ പ്രകാരമാണു കൊലപാതകമെന്നു സ്ഥിരീകരിക്കുന്നതായിരുന്നു കുറ്റപത്രം. രാഖിയും അഖിലും തമ്മില്‍ അഞ്ചു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഇതിനിടെ അഖില്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. രാഖി ഈ ബന്ധം എതിര്‍ത്തതോടെ കൊലപാതകം ആസൂത്രണം ചെയ്തു. ജൂണ്‍ 21നു കൊച്ചിയിലെ ജോലി സ്ഥലത്തേക്കെന്നു പറഞ്ഞിറങ്ങിയ രാഖി, അഖില്‍ ആവശ്യപ്പെട്ടതു പ്രകാരം വൈകിട്ട് നെയ്യാറ്റിന്‍കരയിലെത്തി.
അഖില്‍ പുതിയതായി നിര്‍മിക്കുന്ന വീടു കാണിക്കാനെന്ന പേരിൽ രാഖിയെ കൂട്ടി അമ്പൂരിയിലേക്കു യാത്ര പോവുകയായിരുന്നു. എന്നാൽ അമ്പൂരിയില്‍ ആളൊഴിഞ്ഞ പ്രദേശത്തെത്തിയതിനു പിന്നാലെ രാഹുലിന്റെയും ആദര്‍ശിന്റെയും സഹായത്തോടെ കാറിന്റെ സീറ്റിനോടു ചേര്‍ത്ത് രാഖിയുടെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കരയുന്ന ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ കാറിന്റെ ആക്സിലേറ്റര്‍ അമര്‍ത്തി ശബ്ദമുണ്ടാക്കി. മൃതദേഹം മറവ് ചെയ്യാനായി മുന്‍കൂട്ടി കുഴിയും തയാറാക്കിയിരുന്നു. വേഗത്തില്‍ അഴുകാനും ദുര്‍ഗന്ധം പുറത്തു വരാതിരിക്കാനുമായി മൂന്നു ചാക്ക് ഉപ്പും ചേര്‍ത്താണ് മൃതദേഹം കുഴിച്ചുമൂടിയത്.
English Summary: Court declare that all the three accused in the Amboori Rakhi Murder case are perpetrator