വിദ്യ വ്യാജരേഖ തയാറാക്കിയത് സീനിയറിനെ തോല്പിക്കാന്; നിയമനാര്‍ഹത രസിതയ്ക്ക്

Mail This Article
കാഞ്ഞങ്ങാട്∙ എസ്എഫ്ഐ മുൻ നേതാവ് കെ.വിദ്യ വ്യാജരേഖയുണ്ടാക്കിയത് സീനിയറിനെ തോല്‍പിക്കാനെന്നു കണ്ടെത്തി. കാസർകോട് കരിന്തളം ഗവ.കോളജിൽ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്നത് കാലടി സര്‍വകലാശാലയില്‍ വിദ്യയുടെ സീനിയറും പരിചയക്കാരിയുമായ കെ.രസിതയ്ക്കായിരുന്നു. 2021ല്‍ ഉദുമ കോളജില്‍ രസിതയും വിദ്യയും അഭിമുഖത്തിനെത്തി.
എന്നാൽ, വിദ്യയെക്കാള്‍ യോഗ്യതയുള്ള രസിതയ്ക്കാണു നിയമനം കിട്ടിയത്. 2022ല്‍ കരിന്തളത്ത് രസിതയും അഭിമുഖത്തിനെത്തുമെന്ന് വിദ്യ മുന്‍കൂട്ടി അറിഞ്ഞു. ഇവിടെ ഒന്നാമതെത്താനാണ് വിദ്യ മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ചതെന്നാണു പൊലീസ് കണ്ടെത്തൽ. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത കെ.വിദ്യയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
സർട്ടിഫിക്കറ്റിലെ വാചകങ്ങൾ തന്റെ മൊബൈലിലാണു ടൈപ്പ് ചെയ്തതെന്നാണു വിദ്യയുടെ മൊഴി. ആസ്പയർ ഫെലോഷിപ്പിനു മഹാരാജാസ് കോളജിൽനിന്നു കിട്ടിയ സർട്ടിഫിക്കറ്റിൽനിന്നു കോളജിന്റെ സീലും ഡെസിഗ്നേഷൻ സീലും ഒപ്പും ക്യാം സ്കാനർ ഉപയോഗിച്ചു സ്കാൻ ചെയ്ത് ഇമേജ് ആക്കി. കോളജിന്റെ ലോഗോ ഗൂഗിളിൽനിന്നു ഡൗൺലോഡ് ചെയ്തു. ഇവയെല്ലാം ചേർത്താണു സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ മൊബൈൽ താഴെ വീണു കേടുപറ്റിയതിനാൽ ഉപേക്ഷിച്ചുവെന്നും പൊലീസിനോടു പറഞ്ഞു.
English Summary: K Vidya make fake certificate to defeat her senior