അടൽസേതു വഴി അടിപൊളി യാത്ര; രണ്ടേമുക്കാൽ മണിക്കൂറിൽ പൂണെയിൽ നിന്നു മുംബൈയിലെത്താം

Mail This Article
മുംബൈ∙ എസി ബസിൽ രണ്ടേമുക്കാൽ മണിക്കൂറിനുള്ളിൽ ഇനി പുണെയിൽ നിന്നു മുംബൈയിലെത്താം. ഏറ്റവും നീളം കൂടിയ കടൽപാലം 'ട്രാൻസ്ഹാർബർ ലിങ്ക്' വഴി ഇന്ന് മുതൽ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എംഎസ്ആർടിസി) ബസുകൾ ഓടിത്തുടങ്ങി. നിലവിൽ മൂന്നര മണിക്കൂറിലേറെ വേണ്ട യാത്രയാണ് രണ്ടേമുക്കാൽ മണിക്കൂറിലേക്ക് ചുരുങ്ങുന്നത്.
പുണെയിൽ നിന്ന് മുംബൈയിലെക്കും തിരിച്ചും രണ്ട് വീതം സർവീസുകൾ നടത്താനാണ് തീരുമാനം. പുണെയിൽ നിന്ന് രാവിലെ 6.30ന് പുറപ്പെടുന്ന ബസ് സെക്രട്ടേറിയറ്റിലേക്കും 7ന് പുറപ്പെടുന്ന ബസ് ദാദറിലേക്കുമാണ് സർവീസ് നടത്തുക. 14 സ്റ്റോപ്പുകളാണ് 155 കിലോമീറ്റർ ദൂരമുള്ള റൂട്ടിൽ നിശ്ചയിച്ചിരിക്കുന്നത്. പുണെയിൽ നിന്ന് പുറപ്പെടുന്ന ബസ് പൻവേൽ നാവസേവ വഴി ശിവ്‌രിയിലൂടെ സെക്രട്ടേറിയറ്റിലേക്കും രണ്ടാമത്തെ ബസ് ദാദറിലേക്കുമാണ് സർവീസ് നടത്തുക. മടക്കയാത്ര രാവിലെ 11നും ഉച്ചയ്ക്ക് ഒന്നിനുമാണ് ക്രമീകരിച്ചിരിക്കുന്നത്. ശിവ്‌നേരി ഇലക്ട്രിക് വോൾവോ ബസുകളാണ് സർവീസിനായി ഉപയോഗിക്കുന്നത്. കടൽപാലം തുറന്ന് ഒരു മാസത്തിന് ശേഷമാണ് ബസ് സർവീസ് ആരംഭിക്കുന്നത്.
പാലത്തിലെ ഉയർന്ന ടോൾ നിരക്ക് മൂലം സാധാരണക്കാർക്ക് പ്രയോജനമില്ലെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് എംഎസ്ആർടിസി ബസുകൾ ഓടിത്തുടങ്ങുന്നത്. ഇതോടെ സാധാരണക്കാർക്കും പാലം കൊണ്ടു വലിയ ഗുണമുണ്ടാകും. നവിമുംബൈ മുനിസിപ്പൽ ട്രാൻസ്പോർട്ട് കോർപറേഷൻ (എൻഎംഎംടി) ബസുകളും, ബിഎംസിയുടെ ബെസ്റ്റ് ബസുകളും ഉടൻ അടൽ സേതു വഴി സർവീസുകൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്.
എൻഎംഎംടി ബസുകൾ ഈയാഴ്ച തന്നെ ഓടിത്തുടങ്ങും. നെരൂളിൽ നിന്ന് മന്ത്രാലയിലേക്ക് 90 രൂപ നിരക്കിൽ സർവീസ് നടത്താനാണ് തീരുമാനം. ആദ്യഘട്ടത്തിൽ പരീക്ഷണാർഥമാണ് ബസ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ പ്രതികരണമനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കും